ഗാർഹിക
ഉപയോഗത്തിൽ നിന്നുപരിയായി സബ്സ്റ്റേഷനുകളിലും മറ്റു ഉന്നത വോൾട്ടതാ
പ്രതിഷ്ഠാപനങ്ങളിലുമൊക്കെ ( High voltage installation )
എർത്തിങ്ങ് വളരെ പ്രാധാന്യമർഹിയ്ക്കുന്നതാണ്. വ്യൂഹത്തിലെ
(System) ഉയർന്ന വോൾട്ടത, ഉയർന്ന
അളവിലുള്ള ഫാൾട്ട് കരണ്ട്, ഫാൾട്ടുകൾക്കുള്ള
കൂടിയ സാധ്യത എന്നിവയൊക്കെ സബ്സ്റ്റേഷൻ എർത്തിങ്ങിന്റെ പ്രാധാന്യം വളരെയധികം
വർദ്ധിപ്പിയ്ക്കുന്നുണ്ട്. വീടുകളിലെ എർത്തിങ്ങൊരു ശിശുവും സബ്സ്റ്റേഷൻ
എർത്തിങ്ങൊരു അതികായനുമാണെന്നു പറയാം. സബ്സ്റ്റേഷനിലേയും ലൈനുകളിലേയുമൊക്കെ സംരക്ഷണോപാധികളുടെ
( Protection equipment – Relays ) പ്രവർത്തനം എർത്തിങ്ങിന്റെ
ശേഷിയേയും ആരോഗ്യത്തേയുമൊക്കെ ഒരുപാടാശ്രയിച്ചിരിയ്ക്കുന്നു. ഗാർഹികാവശ്യങ്ങളിൽ
എർത്തിങ്ങിനു പ്രാധാന്യം കുറവാണെന്നല്ല, മറിച്ച്
ഗാർഹിക അല്ലെങ്കിൽ കുറഞ്ഞവോൾട്ടതയിൽ പ്രവർത്തിയ്ക്കുന്ന മറ്റു
പ്രതിഷ്ഠാപനങ്ങളിലേതുപോലെ യുള്ള എർത്തിങ്ങ് സംവിധാനങ്ങൾ HV/EHV സംവിധാനങ്ങളിൽ
പര്യാപ്തമാകില്ല. അവിടെ പ്രവർത്തിപ്പിയ്ക്കുന്നവരുടെ സുരക്ഷ,
ഉപകരണങ്ങളുടെ
സുരക്ഷയൊക്കെ വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്.
വൈദ്യുതശൃംഖലയിലെ
എർത്തിങ്ങ് പ്രധാനമായും രണ്ടു തരത്തിലുണ്ട്. അവ,
1,
സിസ്റ്റം എർത്തിങ്ങ് ( System earthing)
2,
ഉപകരണ
എർത്തിങ്ങ് ( Equipment earthing)
എന്നിവയാണ്.
വൈദ്യുതശൃംഖലയിലെ
വോൾട്ടതയുടെ സ്ഥിരതയ്ക്കായും ( Stability of voltage ), സംരക്ഷണാവശ്യത്തിനായുമൊക്കെ
(Protection) പരിപഥത്തിന്റെ വൈദ്യുതി പ്രവഹിയ്ക്കുന്ന
അല്ലെങ്കിൽ പ്രവഹിയ്ക്കേണ്ട ഏതെങ്കിലും ഭാഗം എർത്ത് ചെയ്യുന്നതിനെ സിസ്റ്റം
എർത്തിങ്ങെന്നു ( System earthing) പറയുന്നു.
ത്രീ ഫേസ് സംവിധാനത്തിൽ സ്റ്റാർ ബിന്ദു അഥവാ ന്യൂട്രൽ ( Star
point / neutral) എർത്ത് ചെയ്യുന്നത്, ലൈറ്റ്നിങ്ങ്
അറസ്റ്ററുകൾ എർത്ത് ചെയ്യുന്നത്, പി.റ്റി.
സി.റ്റി മുതലായവയുടെ ന്യൂട്രൽ എർത്ത് ചെയ്യുന്നതൊക്കെ സിസ്റ്റം എർത്തിങ്ങിൽ വരും.
വൈദ്യുത ശൃംഖലലെ ഉയർന്ന വോൾട്ടതയിൽ നിന്നും ഇടിമിന്നൽ മൂലമുണ്ടാകുന്ന വൈദ്യുത
ആവേഗങ്ങളിൽ ( Lightning impulse) നിന്നും
സംരക്ഷിയ്ക്കുകയും, എർത്ത് ഫാൾട്ട് സംരക്ഷണ
സംവിധാനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും സിസ്റ്റം എർത്തിങ്ങ്
സഹായിയ്ക്കുന്നു. വൈദ്യുത ലൈനുകളിലേയും ഉപകരണങ്ങളിലേയും ഇൻസുലേറ്ററുകളെ അമിത
വോൾട്ടതയിൽനിന്നും സംരക്ഷിയ്ക്കാനും സിസ്റ്റം എർത്തിങ്ങ് സഹായിയ്ക്കും. ട്രാൻസ്ഫോർമർ
ന്യൂട്രൽ എർത്ത് ചെയ്യുന്നതിനാൽ ലൈനുകളിലും ഉപകരണങ്ങളിലുമൊക്കെ ഉണ്ടാകുന്ന എർത്ത്
ഫാൾട്ട് വളരെ വേഗം തിരിച്ചറിഞ്ഞ് ലൈൻ ഓഫ് ചെയ്യിയ്ക്കാനാകും.
വൈദ്യുത
ശൃംഖലയിലെ ഉപകരണങ്ങളുടെ ബോഡി അഥവാ കവചം, സപ്പോർട്ട്
അഥവാ താങ്ങുകൾ, വൈദ്യുതിത്തൂണുകൾ മുതലായവ എർത്ത്
ചെയ്യുന്നതിനെയാണ് ഉപകരണ എർത്തിങ്ങെന്നു (Equipment
earthing) പറയുന്നത്. ഉപകരണങ്ങളൂടേയും, പ്രവർത്തിയ്ക്കുന്നവരുടേയും
സുരക്ഷിതത്വമാണ് ഇതിന്റെ ഉദ്ദേശം.
സബ്സ്റ്റേഷൻ
എർത്തിങ്ങിന്റെ ഉദ്ദേശങ്ങൾ താഴെപ്പറയും പ്രകാരമാണ്.
1. സബ്സ്റ്റേഷൻ
യാർഡിലും പരിസരത്തും ഉള്ള പൊട്ടെൻഷ്യൽ വ്യതിയാനം പൂജ്യമാക്കുക. അതായത് സബ്സ്റ്റേഷൻ യാർഡിലെ
ഉപകരണങ്ങളുടേയും വൈദ്യുതിപ്രവഹിയ്ക്കാനുദ്ദേശിച്ചിട്ടില്ലാത്ത മറ്റു ലോഹ
ഭാഗങ്ങളുടേയും മണ്ണിന്റെ ഉപരിതലത്തിന്റേയും വോൾട്ടത പൂജ്യമാക്കി നിലനിർത്തുക.
2.
സബ്സ്റ്റേഷനുകളിൽ
പരമാവധി അനുവദനീയമായ എർത്ത് റെസിസ്റ്റൻസ് താഴെ പട്ടികയിൽ കാണിച്ചിരിയ്ക്കുന്നു.
Power
stations ഊർജ്ജ നിലയങ്ങൾ - 0.5 ഓം
EHT
substations അത്യുന്നത വോൾട്ടതയിലുള്ള സബ്സ്റ്റേഷനുകൾ - 1.0 ഓം
33kV
Substation -
2.0 ohms
D/t
Structures -
5.0ohms
Tower
foot resistance -10.0
ohms
സിസ്റ്റം
എർത്തിങ്ങിന്റെ ഉപയോഗങ്ങൾ ( Applications of system earthing
)
ട്രാൻസ്ഫോർമറുകളുടേയും
ജനറേറ്ററുകളുടേയുമൊക്കെ ( Transformers and Generators )
ന്യൂട്രൽ എർത്ത് ചെയ്യുന്നതിനെയാണല്ലോ സിസ്റ്റം എർത്തിങ്ങ് അഥവാ ഗ്രൗണ്ടിങ്ങ്
എന്നു പറയുന്നത്. ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്നു നോക്കാം
1, ന്യൂട്രൽ
എർത്തു ചെയ്യുന്നതുമൂലം എർത്ത് ഫാൾട്ടുണ്ടാകുമ്പോൾ എർത്ത് ഫാൾട്ട് കരണ്ടിനു
ഭൂമിയിലൂടെ ട്രാൻസ്ഫോർമർ / ജനറേറ്റർ ന്യൂട്രലിലെത്താൻ സാധിയ്ക്കും. എർത്ത് ഫാൾട്ട്
കരണ്ടിന്റെ പാതയിലെ പ്രതിരോധം കുറവായതിനാൽ വലിയ എർത്ത് ഫാൾട്ട് കരണ്ടുണ്ടാകുകയും
അതു വഴി സംരക്ഷണ റിലേകളുടെ പ്രവർത്തനം എളുപ്പമാകുകയും ചെയ്യും. ഇതു കാരണം എർത്ത്
ഫാൾട്ടുകളെ ( കമ്പി പൊട്ടിവീഴുക, ഇൻസുലേഷൻ തകരാർ, ലൈനിൽ മരങ്ങൾ മുട്ടുക
മുതലായവയെ) എളുപ്പം തിരിച്ചറിയാനാകുകയും ലൈൻ പെട്ടന്നു തന്നെ ഓഫ് ചെയ്യാനാകുകയും
ചെയ്യും. ഇതുമൂലം അപകടങ്ങളൊഴിവാക്കാനാകും. എന്നാൽ ന്യൂട്രൽ എർത്ത് ചെയ്യാത്ത
സിസ്റ്റങ്ങളിലാകട്ടെ ഇൻസുലേഷൻ തകരാറോ അല്ലെങ്കിൽ ലൈൻ പൊട്ടി ഭൂമിയിൽ വീഴുകയോ മറ്റോ
ചെയ്താലും എർത്ത് ഫാൾട്ടു കരണ്ടിനു കടന്നു പോകാനുള്ള പാത ഇല്ലാതെ വരികയാണ്
ചെയ്യുന്നത്. അതുമൂലം എർത്ത് ഫാൾട്ട് തിരിച്ചറിയാനാകാതെ വരികയും ലൈൻ ഓഫ്
ചെയ്യാതിരിയ്ക്കുകയും ചെയ്യും. അതിനാൽ ന്യൂട്രൽ എർത്തിങ്ങ് ലൈനുകളുടെ
സംരക്ഷണത്തിനു വളരെയധികം സഹായകരമാണെന്നു മനസ്സിലാക്കാം. ചിത്രത്തിൽ ന്യൂട്രൽ എർത്ത്
ചെയ്തിട്ടുള്ളതും അല്ലാത്തതുമായ സിസ്റ്റങ്ങളിലെ എർത്ത് ഫാൾട്ട്, കരണ്ടിന്റെ
പാത എന്നിവ കാണിച്ചിട്ടുണ്ട്
2,
മൂന്നു
ഫേസ് സംവിധാനങ്ങളിൽ അസന്തുലിതമായ ലോഡ് ( Unbalanced load ) ഉള്ള
സാഹചര്യങ്ങളിൽ മൂന്നു ഫേസുകളുടേയും വോൾട്ടേജ് സ്ഥിരമായി നിലനിർത്താൻ ന്യൂട്രൽ
എർത്തിങ്ങ് സഹായിയ്ക്കും.
3,
ത്രീ
ഫേസ് ( Three phase ) സിസ്റ്റങ്ങളിൽ
ഏതെങ്കിലും ഒരു ഫേസിനു എർത്ത് ഫാൾട്ടുണ്ടാകുകയാണെങ്കിൽ മറ്റു രണ്ടു ഫേസുകളിലേയും
ഇൻസുലേറ്ററുകൾക്കനുഭവപ്പെടുന്ന വോൾട്ടേജ് ന്യൂട്രൽ എർത്ത് ചെയ്യാത്തിടങ്ങളിൽ
ആദ്യമുണ്ടായിരുന്ന വോൾട്ടേജിന്റെ √3
മടങ്ങായി
വർദ്ധിയ്ക്കും. അതുമൂലം കുഴപ്പമില്ലാത്ത ഫേസുകളിലെ ഇൻസുലേറ്റർ കൂടി തകരാറിലാകാം.
ഇതൊഴിവാക്കണമെങ്കിൽ അത്തരമിടങ്ങളിൽ കൂടിയ വോൾട്ടേജിനുള്ള
ഇൻസുലേറ്ററുകളുപയോഗിയ്ക്കണം. എന്നാൽ ന്യൂട്രൽ എർത്ത് ചെയ്ത സിസ്റ്റങ്ങളിലാകട്ടെ
എർത്തു ഫാൾട്ടുണ്ടാകുമ്പോഴും മറ്റുഫേസുകളുടെ വോൾട്ടേജ് ഉയരുകയില്ല. ഇതുകാരണം
തരാറില്ലാത്ത മറ്റേ ഫേസുകളുടെ ഇൻസുലേഷൻ സുരക്ഷിതമായിരിയ്ക്കും
4,
ന്യൂട്രൽ
എർത്ത് ചെയ്യാത്ത സംവിധാനങ്ങളിൽ ലൈനുകളിലെ
കപാസിറ്റൻസ് മൂലം താല്ക്കാലിക എർത്ത് ഫാൾട്ടുകളുടെ സമയത്ത് അവിടെ ആർക്കിങ്ങ്
ഗ്രൗണ്ട് ( Arcing ground ) എന്ന
പ്രതിഭാസമുണ്ടാകാം. ആർക്കിങ്ങ് ഗ്രൗണ്ട് മൂലം താൽക്കാലിക തകരാർ സ്ഥിരമാകുവാനും,
തകരാറില്ലാത്ത
ലൈനിലെ വോൾട്ടേജ് സാധാരണ വോൾട്ടേജിന്റെ പലമടങ്ങായി കൂടാനും സാധ്യതയുണ്ട്. എന്നാൽ
ന്യൂട്രൽ എർത്ത് ചെയ്തിട്ടുണ്ടെങ്കിൽ ആർക്കിങ്ങ് ഗ്രൗണ്ട് ഉണ്ടാകുകയില്ല.
ന്യൂട്രൽ
എർത്തിങ്ങ് പ്രധാനമായും രണ്ടു തരത്തിലുണ്ട്, അവ,
ദൃഢമായ
എർത്തിങ്ങ് ( Solid earthing )
ഇമ്പീഡൻസ്
എർത്തിങ്ങ്. ( Impedance earthing )
ദൃഢമായ
എർത്തിങ്ങ് ( Solid earthing )
ഈ
സംവിധാനത്തിൽ ന്യൂട്രലിനെ പ്രതിരോധം വളരെക്കുറഞ്ഞ ചാലകമുപയോഗിച്ച് എർത്തിങ്ങ്
സംവിധാനവുമായി നേരിട്ടു ബന്ധിപ്പിയ്ക്കും. സബ്സ്റ്റേഷനുകളിൽ ട്രാൻസ്ഫോർമറുകളുടെ
ന്യൂട്രൽ (220 കെ.വി. വരെ) ഈ വിധത്തിലാണ് എർത്ത്
ചെയ്യുന്നത്. ന്യൂട്രലിനും എർത്തിങ്ങിനുമിടയിൽ യാതൊരുവിധ പ്രതിരോധവും പ്രത്യേകമായി
ചേർക്കില്ല.
ഇപീഡൻസ്
എർത്തിങ്ങ് ( Impedance earthing )
ഈ
സംവിധാനത്തിൽ ന്യൂട്രലിനെ ഒരു പ്രതിരോധത്തിലൂടെയോ (
Resistance ) ഒരു റിയാക്ടൻസിലൂടെയോ ( Reactance
) എർത്തിങ്ങുമായി ബന്ധിപ്പിയ്ക്കും. ദൃഡമായ എർത്തിങ്ങിൽ
( Solid earthing ) ന്യൂട്രൽ എർത്തിങ്ങുമായി നേരിട്ടു
ബന്ധിപ്പിയ്ക്കുന്നതിനാൽ എർത്ത് ഫാൾട്ടുണ്ടാകുന്ന വേളകളിൽ എർത്തഫാൾട്ട് കരണ്ട്
വളരെക്കൂടുതലായിരിയ്ക്കും. ഇതു ജനറേറ്ററുകൾക്കും, ലൈനിലെ
മറ്റുപകരണങ്ങൾക്കും ദോഷകരമായി ബാധിയ്ക്കും. എന്നാൽ ന്യൂട്രലിനും
എർത്തിങ്ങിനുമിടയ്ക്ക് പ്രതിരോധം ചേർക്കുന്നതിനാൽ എർത്ത് ഫാൾട്ട് കറണ്ടിന്റെ അളവ്
നിയന്ത്രിയ്ക്കാനാകും. അതുമൂലം ജനറേറ്ററുകൾക്കും മറ്റുമുണ്ടായേക്കാവുന്ന
നാശനഷ്ടങ്ങൾ കുറയ്ക്കാനാകും. എർത്തിങ്ങിൽ പ്രതിരോധമാണുപയോഗിയ്ക്കുന്നതെങ്കിൽ അതിനെ
റെസിസ്റ്റൻസ് എർത്തിങ്ങെന്നും, റിയാക്ടൻസാണുപയോഗിയ്ക്കുന്നതെങ്കിൽ
റിയാക്ടൻസ് എർത്തിങ്ങെന്നും പറയും. വലിയ ജനറേറ്ററുകൾക്കും, 400 കെ.വി.
മുതലുള്ള ട്രാൻസ്ഫോർമറുകൾക്കും ഈ രീതിയാണുപയോഗിയ്ക്കുന്നത്.
ഉപകരണ
എർത്തിങ്ങ് ( Equipment earthing )
ഉപകരണങ്ങളുടെ
ലോഹ കവചങ്ങളും ( Metallic casing ), താങ്ങുകളും
( Metallic supports ) എർത്ത് ചെയ്യുന്നതാണ് ഉപകരണ എർത്തിങ്ങ്. അതു
പ്രവർത്തിയ്ക്കുന്നവരുടെ സുരക്ഷയ്ക്കായാണ് ഉപകരണങ്ങൾ എർത്ത് ചെയ്യുന്നത്.
ഉപകരണങ്ങളിൽ എർത്ത് ഫാൾട്ടുണ്ടാകുമ്പോൾ ( ഇൻസുലേഷൻ തകരാറുണ്ടാകുമ്പോൾ) എർത്ത്
ഫാൾട്ടു കരണ്ടിനെ കുറഞ്ഞ പ്രതിരോധം വഴി സ്രോതസ്സിലേയ്ക്കൊഴുക്കാൻ എർത്തിങ്ങ്
സഹായിയ്ക്കും. ഇതുമൂലം പ്രവർത്തിപ്പിയ്ക്കുന്നവർ സുരക്ഷിതരാകുന്നു.
സബ്സ്റ്റേഷനുകളിൽ ഏതെല്ലാം ഭാഗങ്ങളാണ് എർത്ത് ചെയ്യേണ്ടതെന്ന് താഴെക്കാണുന്ന
പട്ടികയിൽ നിന്നും മനസ്സിലാക്കാം.
സബ്സ്റ്റേഷൻ
എർത്തിങ്ങുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന സംഗതികൾ ഒന്നൂടെ വായിച്ചു
മനസ്സിലാക്കാം
എർത്ത്
( Earth ) :-
വൈദ്യുത വാഹകശേഷിയുള്ള വിശാലമായ
ഭൂപ്രദേശത്തെ എർത്ത് എന്ന പദം കൊണ്ട് വിവക്ഷിയ്ക്കാം. എർത്തിലെ ഏതൊരു ഭാഗത്തേയും
പൊട്ടൻഷ്യൽ അഥവാ വോൾട്ടത പൂജ്യമാണെന്ന് കണക്കാക്കാം.
എർത്ത്
ഇലക്ട്രോഡ് ( Earth
Electrode):- ഭൂമിയുമായി വൈദ്യുത ബന്ധം സ്ഥാപിയ്ക്കാൻ
മണ്ണിലേയ്ക്ക ഇറക്കി വയ്ക്കുന്ന ചാലകമാണ് എർത്ത് ഇലക്ട്രോഡ്. ഇതേപ്പറ്റി മുൻ
പോസ്റ്റുകളിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
എർത്ത്
ഇലക്ട്രോഡ് പ്രതിരോധം ( Earth Resistance ) :- എർത്ത്
ഇലക്ട്രോഡും എർത്തും തമ്മിലുള്ള പ്രതിരോധമാണിത്. എർത്ത് ഇലക്ട്രോഡ് പ്രതിരോധം
എർത്ത് ഇലക്ട്രോഡിന്റെ ചാലകത്തിന്റെ പ്രതിരോധം, ഇലക്ട്രോഡും
മണ്ണും തമ്മിലുള്ള സമ്പർക്ക പ്രതിരോധം, ഇലക്ട്രോഡുമുതൽ
സ്രോതസ്സിലെ ന്യൂട്രൽ വരെയുള്ള പ്രതിരോധം എന്നിവയുടെ ആകെത്തുകയാണ്. അതിൽ തെന്നെ
ഇലക്ട്രോഡും മണ്ണൂം തമ്മിലുള്ള സമ്പർക്ക പ്രതിരോധം, ഇലക്ട്രോഡിനും
ചുറ്റും ഏതാനും മീറ്റർ ഉള്ളിലുള്ള മണ്ണിന്റെ പ്രതിരോധം എന്നിവയാണ് പ്രസക്തമായത്
എർത്തിങ്ങ്
ചാലകം ( Earthing conductor ) :-
ഉപകരണങ്ങളുടെ കവചം എർത്തു ചെയ്യുന്നതിനായോ അല്ലെങ്കിൽ ന്യൂട്രൽ
എർത്തുചെയ്യുന്നതിനായോ അവയും എർത്ത് ഇലക്ട്രോഡും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന
ചാലകമാണിത്. ഇതിന്റെ പ്രതിരോധം പരമാവധി കുറഞ്ഞിരിയ്ക്കേണ്ടതും എർത്ത് ഫാൾട്ടു
കരണ്ടിനെ കുറച്ചു സമയത്തേയ്ക്ക് സുരക്ഷിതമായി കടത്തിവിടാൻ കഴിയുന്നതുമാകണം.
സബ്സ്റ്റേഷനുകളി GI പട്ടകളാണ് ( GI
Strips ) ഇതിനായി ഉപയോഗിയ്ക്കുന്നത്.
ഗ്രൗണ്ട്
പൊട്ടൻഷ്യൽ റൈസ് ( Ground potential rise – GPR)
ഇതു
വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു എർത്ത് ഫാൾട്ടുണ്ടാകുമ്പോൾ ഉദാഹരണത്തിനു
സബ്സ്റ്റേഷനിൽ ഒരു ഉന്നത വോൾട്ടതയുള്ള ചാലകം പൊട്ടി എർത്ത് ഇലക്ട്രോഡിൽ വീണെന്നു
കരുതുക. അപ്പോൾ വൈദ്യുത ശൃംഖലയുടെ സ്രോതസ്സിലെ ഇമ്പീഡൻസിനനുസരിച്ച്
( Source impedance ) ഒരു വലിയ എർത്ത് ഫാൾട്ടു കരണ്ടുണ്ടാകും. ഇതുമൂലം
എർത്ത് റെസിസ്റ്റൻസിനാനുപാതികമായി എർത്ത് ഇലക്ട്രോഡിന്റെ വോൾട്ടേജ് വിദൂരത്തിലുള്ള
ന്യൂട്രൽ ഇലക്ട്രോഡിനെയപേക്ഷിച്ച് ഉയരും. ഉദാഹരണത്തിനു എർത്ത് ഫാൾട്ട് കരണ്ട് 1000
ആമ്പിയറാണെന്നു കരുതുക, എർത്ത് പ്രതിരോധം
2 ഓം ആണെന്നും കരുതുക. അപ്പോൽ എർത്ത് ഇലക്ട്രോഡിന്റെവോൾട്ടേജ് 2000
x 2 = 2000 വോൾട്ട് ആയി ഉയരും. ഇതുമൂലം ഇലക്ട്രോഡിനു ചുറ്റുമുള്ള
മണ്ണിന്റെ വോൾട്ടേജും ഉയരും. ഇലക്ട്രോഡിൽ നിന്നും അകന്നു പോകുന്നതനുസരിച്ച് ഈ
വോൾട്ടേജ് കുറഞ്ഞു വരും. ഇങ്ങനെ എർത്ത് ഫാൾട്ടുണ്ടാകുമ്പോൽ എർത്ത് ഇലക്ട്രോഡിനും
അതിനു ചുറ്റുമുള്ള മണ്ണിനും വിദൂരത്തെ എർത്തിനെ അപേക്ഷിച്ച് വോൾട്ടേജ്
കൂടുന്നതിനെയാണ് ഗ്രൗണ്ട് പൊട്ടൻഷ്യൽ റൈസ് (GPR) എന്നു
പറയുന്നത്.
പൊട്ടൻഷ്യൽ
ഗ്രേഡിയന്റ് ( Potential Gradient )
ഗ്രൗണ്ട്
പൊട്ടൻഷ്യൽ റൈസിനെക്കുറിച്ച് ( GPR ) പറഞ്ഞല്ലോ.
അതായത് എർത്ത് ഫാൾട്ടുണ്ടാകുമ്പോൾ ഇലക്ട്രോഡിനും അതിനു ചുറ്റുമുള്ള മണ്ണിനു
വോൾട്ടത വർദ്ധനവ് ഉണ്ടാകും. ഈ വോൾട്ടേജ് എന്നത് വിദൂരത്തുള്ള സ്രോതസ് ന്യൂട്രലിനെ
അപേക്ഷിച്ച് കൂടും. അതായത് വിദൂരത്തുള്ള ന്യൂട്രലും ഈ ഇലക്ട്രോഡും തമ്മിൽ ഒരു
വോൾട്ടേജ് വ്യതിയാനമുണ്ടാകുമെന്നർത്ഥം. ഇത് GPR നു
തുല്യമായിരിയ്ക്കും. ഈ വോൾട്ടേജ് ഇലക്ട്രോഡിൽ നിന്നും ദൂരേയ്ക്കു പോകുന്തോറും ഈ
വോൾട്ടേജ് കുറഞ്ഞുവരികയും വിദൂരത്തെതുമ്പോൾ അത് ശൂന്യമായിത്തീരുകയും ചെയ്യും.
യഥാർത്ഥത്തിൽ ഇലക്ട്രോഡിൽ നിന്നും കുറേ ദൂരം കഴിയുമ്പോൾ ( ഏതാനും മീറ്റർ) ഈ
വോൾട്ടേജ് പൂജ്യമായിത്തന്നെ കണക്കാക്കാവുന്നതണ്. ഇപ്രകാരം ഇലക്ട്രോഡിൽ നിന്നും
ദൂരത്തേയ്ക്കു പോകുന്തോറും വോൾട്ടേജ് ക്രമാനുഗതമായി കുറഞ്ഞു വരുന്നതിനെയാണ്
പൊട്ടൻഷ്യൽ ഗ്രേഡിയന്റ് എന്നു പറയുന്നത്. ഈ വോൾട്ടേജിലുണ്ടാകുന്ന കുറവ്
ഇലക്ട്രോഡിനോടടുത്ത് കൂടിയ നിരക്കിലും അകന്നു പോകുമ്പോൾ കുറഞ്ഞ
നിരക്കിലുമായിരിയ്ക്കും. എർത്ത് ഫാൾട്ടുണ്ടാകുമ്പോൾ ഇലക്ട്രോഡിനു ചുറ്റുമുള്ള
വോൾട്ടേജ് ക്രമാനുഗതമായി കുറയുമെന്നു പറഞ്ഞല്ലോ. അപ്പോൾ അങ്ങിനെ കുറഞ്ഞു
വരുന്നിടത്തെ ഏതെങ്കിലും രണ്ടു ബിന്ദുക്കൾ തമ്മിൽ നോക്കിയാൽ ഒരു പൊട്ടെൻഷ്യൽ
വ്യതിയാനമുണ്ടാകും ( Potential Difference ). ഒരു
യൂണിറ്റ് ( മീറ്റർ) ഇങ്ങനെയുണ്ടാകുന്ന പൊട്ടൻഷ്യൽ വ്യതിയാനത്തെയാണ് പൊട്ടൻഷ്യൽ
ഗ്രേഡിയന്റെന്നു (
Potential gradient ) പറയുന്നത്.
ഇങ്ങനെ
വോൾട്ടേജിനുണ്ടാകുന്ന കുറവ് അഥവാ വോൾട്ടേജ് ഗ്രേഡിയന്റ് (
Potential gradient ) പലേപലകുഴപ്പങ്ങളുമൊപ്പിയ്ക്കുന്ന ഒരു ഭീകരനാണ്.
അവന്റെ പ്രധാനപ്പെട്ട ആക്രമണങ്ങളിലൊന്നാണ് സ്റ്റെപ് വോൾട്ടേജ് എന്നത്,
മറ്റൊന്നാണ്
ടച്ച് വോൾട്ടേജ്
ഒരാൾ
വൈദ്യുതികടത്തിവിടാത്ത വസ്തുവിൽ ( Insulated platform )
നിന്നുകൊണ്ട് ഫേസ് ലൈനിനെ സ്പർശിച്ചാലും സാധാരണ ഗതിയിൽ അയാൾക്ക് ഷോക്കേൽക്കില്ല
എന്നെല്ലാവർക്കുമറിയാമല്ലോ?. എന്നാൽ
ഒരാൾ ഒരു ലോഹ പാളിയിൽ കയറിനില്ക്കുമ്പോൾ ആ ലോഹപാളിയിൽ ഫേസ് ലൈൻ മുട്ടിച്ചാലോ?
ഷോക്കേൽക്കുമോ?
ഇല്ല.
കാരണം അയാൾ രണ്ടുകാലുകളും ലോഹപാളിയിൽ വച്ച് നിൽക്കുമ്പോൾ അയാളുടെ ശരീരം
മറ്റെവിടേയും മുട്ടാതെ തട്ടാതെ നിന്നാൽ കരണ്ടെങ്ങോട്ടൊഴുകും?
ഒഴുകില്ല
അപ്പോൾ അയാളുടെ ശരീരത്തിലൂടെ കരണ്ടൊഴുകാത്തതുകാരണം അയാൾക്ക് ഷോക്കേൽക്കില്ല.
അതായത് ശരീരം എത്രതന്നെ ഉയർന്ന വോൾട്ടതയിലെത്തിയാലും ഒരു പൊട്ടെൻഷ്യൽ വ്യതിയാനം
ശരീരത്തിലെ രണ്ടു ഭാഗങ്ങൾ തമ്മിൽ അനുഭവപ്പെടാത്തിടത്തോളം ശരീരത്തിലൂടെ
കരണ്ടൊഴുകുകയോ ഷോക്കേല്ക്കുകയോ ഇല്ല. അതേസമയം ഒരു കാൽ മാത്രം പ്ലേറ്റിൽ
വച്ചിരിയ്ക്കുകയും, മറ്റേത് മണ്ണിൽ വച്ചിരിയ്ക്കുകയും
ചെയ്താലോ, ടിയാൻ പടമാകുമല്ലോ. കാരണമെന്താ?
അയാളുടെ
ഇരുകാലുകളും വ്യത്യസ്ത വോൾട്ടതയിലാണ്, ഈ വോൾട്ടതാ
വ്യത്യാസത്തിനും ശരീരത്തിന്റെ പ്രതിരോധത്തിനുമനുസരിച്ച് അയാളുടെ ശരീരത്തിലൂടെ
കരണ്ടൊഴുകും. അപ്പോൾ യഥാർത്ഥത്തിൽ വോൾട്ടേജ് അഥവാ പൊട്ടെൻഷ്യൽ വ്യത്യാസമാണ് ശരീരത്തിലൂടെ
കരണ്ടൊഴുകാൻ കാരണമെന്നു മനസ്സിലായില്ലേ. ഇനി കാര്യത്തിലേയ്ക്കു വരാം. ഒരു
എർത്തിലക്ട്രോഡിലൂടെ എർത്ത്ഫാൾട്ട് കരണ്ടൊഴുകുന്നു എന്നു സങ്കൽപ്പിയ്ക്കുക. അപ്പോൾ
അതിനു ചുറ്റുമായി പൊട്ടെൻഷ്യൽ ഗ്രേഡിയന്റ് രൂപപ്പെടും. ഒരാൾ ഇതേ സമയം ഇലക്ട്രോഡിൽ
നിന്നും ഒരു മീറ്റർ മാറി മണ്ണിൽ നിന്നുകൊണ്ട് അതിനെ തൊട്ടാൽ എന്തുണ്ടാകും?
പൊട്ടൻഷ്യൽ
ഗ്രേഡിയന്റ് കാരണം അയാൾ നിൽക്കുന്നത് ഇലക്ട്രോഡിനേക്കാൾ കുറഞ്ഞ പൊട്ടൻഷ്യലിലുള്ള
സ്ഥലത്തായിരിയ്ക്കുമല്ലോ. അതുകാരണം ആ സ്ഥലത്തെ പൊട്ടെൻഷ്യലും ഇലക്ട്രോഡിന്റെ
പൊട്ടൻഷ്യലും തമ്മിലുള്ള വ്യത്യാസത്തിനാനുപാതികമായി അയാൾക്ക് ഷോക്കേല്ക്കും. ഇതാണ്
ടച്ച് പൊട്ടൻഷ്യലെന്നു ( Touch potential )പറയുന്നത്.
ഇലക്ട്രോഡും നില്ക്കുന്ന സ്ഥാനവും തമ്മിലുള്ള ദൂരം കൂടുന്നതിനനുസരിച്ച് ഈ
വോൾട്ടേജ് വ്യത്യാസം കൂടിക്കൂടി വരും. അതായത് അകന്നു നിന്ന് ഇല്ക്ട്രോഡിനെ
സ്പർശിയ്ക്കുന്നത് കൂടുതൽ അപകടമാകുമെന്നർത്ഥം. ഇലക്ട്രോഡിനെ മാത്രമല്ല എർത്ത്
ഫാൾട്ട് കരണ്ടൊഴുകുമ്പോൾ എർത്ത് ചെയ്യപ്പെട്ട് ഏത് ലോഹഭാഗത്തിൽ സ്പർശിച്ചാലുമിതു
തന്നെ സംഭവിയ്ക്കും.
എർത്ത്
ഫാൾട്ട് കരണ്ടൊഴുകുമ്പോൾ എർത്ത് ചെയ്യപ്പെട്ട് ലോഹഭാഗവും അതിൽ നിന്നും ഒരു മീറ്റർ
അകലെ മണ്ണിലുള്ള ഒരു ബിന്ദുവും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസമാണ് ടച്ച്
വോൾട്ടേജ് ( Touch potential ). സബ്സ്റ്റേഷനുകളുടേയും മറ്റും സ്വിച്ച് യാർഡുകളിൽ
ഇത് സുരക്ഷിതമായ പരിധിയ്ക്കുള്ളിലാകേണ്ടതാണ്. അല്ലാത്ത പക്ഷം സബ്സ്റ്റേഷനിൽ
പ്രവർത്തിയ്ക്കുന്നവരുടെ ജീവനു തന്നെ ഭീഷണിയായേക്കാം.
ഇനി
ഇതുപോലെ തന്നെ വേറൊരു ഭീകരൻ കൂടിയുണ്ട്. എർത്ത് ഫാൾട്ട് കരണ്ടൊഴുകുമ്പോൾ
ഇലക്ട്രോഡിനു ചുറ്റും മണ്ണിൽ പൊട്ടെൻഷ്യൽ ഗ്രേഡിയന്റുണ്ടാകുമെന്നു പറഞ്ഞല്ലോ.
അതായത് ഇലക്ട്രോഡിൽ നിന്നും അകന്നു പോകുന്ന ഒരു രേഖ സങ്കല്പ്പിച്ചാൽ അതിലെ രണ്ടു
ബിന്ദുക്കൾക്കിടയിൽ പൊട്ടെൻഷ്യൽ വ്യത്യാസമുണ്ടാകുമെന്നർത്ഥം. ഈ വോൾട്ടേജ്
വ്യത്യാസം ബിന്ദുക്കൾക്കിടയിലെ അകലം കൂടുന്നതിനനുസരിച്ച് കൂടിവരും. മാത്രവുമല്ല
ഇലക്ട്രോഡിനോടടുത്ത് ഇതു ദൂരെയുള്ള രണ്ടുബിന്ദുക്കളെ അപേക്ഷിച്ച്
കൂടുതലായിരിയ്ക്കുകയും ചെയ്യും. അപ്പോൽ ഒരാൾ ഈ സമയത്ത് ഇലക്ട്രോഡിനടുത്തുകൂടെ
നടന്നാൽ അയാൾക്ക് ഷോക്കേൽക്കുമെന്നു തീർച്ചയാണല്ലോ. ഇലക്ട്രോഡിനേയോ,
എർത്ത്
ചെയ്യപ്പെട്ട മറ്റു ലോഹഭാഗങ്ങളേയോ തൊട്ടില്ലെങ്കിൽ പോലും മണ്ണിൽ നിന്നും
ഷോക്കേൽക്കുന്ന അവസ്ഥ ചിന്തിച്ചു നോക്കൂ. ഇതിനെയാണ് സ്റ്റെപ് പൊട്ടെൻഷ്യലെന്നു
പറയുന്നത്.
ഒരു
മീറ്റർ അകലത്തിൽ രണ്ടു കാലുകളും വച്ച് മറ്റൊരിടത്തും സ്പർശിയ്ക്കാതെ മണ്ണിൽ
നിൽക്കുന്ന ഒരാൾക്ക് അയാളുടെ കാലുകൾ തമ്മിൽ അനുഭവപ്പെടുന്ന പൊട്ടൻഷ്യൽ വ്യത്യാസമാണ്
സ്റ്റെപ് പൊട്ടെൻഷ്യൽ ( Step potential ). ഇതും
പരിധിയ്ക്കുള്ളിലായിരിയ്ക്കേണ്ടതാണ്.
ട്രാൻസ്ഫേർഡ്
പൊട്ടൻഷ്യൽ ( Transferred potential )
ഇതും
പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഒരു
സബ്സ്റ്റേഷനിൽ എർത്ത് ഫാൾട്ടുണ്ടാകുമ്പോൾ ആ സബ്സ്റ്റേഷനിലെ എർത്തിങ്ങുമായി
ബന്ധിപ്പിച്ചിട്ടുള്ള ചാലകത്തിൽ വിദൂരത്തുള്ള ഒരിടത്തു നിന്നും ( ഉദ:-
സബ്സ്റ്റേഷനിൽ) കൊണ്ട് സ്പർശിയ്ക്കുമ്പോൾ ഷോക്കേൽക്കും അല്ലെങ്കിൽ നിലവിൽ
നിൽക്കുന്ന സബ്സ്റ്റേഷനിൽ എർത്ത്ഫാൾട്ടുണ്ടാകുമ്പോൾ അവിടുത്തെ യാർഡിൽ നിന്നുകൊണ്ട്
വിദൂരത്ത് എർത്ത് ചെയ്ത ചാലകത്തിൽ സ്പർശിച്ചാലും ഷോക്കേൽക്കാം. ഈ ഷോക്കേൽക്കാൻ
കാരണമായ പൊട്ടെൻഷ്യലിനെ ട്രാൻസ്ഫേർഡ് പൊട്ടൻഷ്യലെന്നു (
Transferred potential ) പറയും. സബ്സ്റ്റേഷനുകളിൽ ഒരിടത്തുള്ള എർത്തിങ്ങ്
ബന്ധം ടവർ ലൈനുകളിലെ എർത്ത് വയർ വഴി മറ്റേ സബ്സ്റ്റേഷനിൽ/ സബ്സ്റ്റേഷനുകളിൽ
എത്തുന്നതിനാൽ ട്രാൻസ്ഫേർഡ് പൊട്ടൻഷ്യൽ സാധാരണയാണ്.
സബ്സ്റ്റേഷനുകളിൽ
എർത്തിങ്ങ് ചെയ്യുമ്പോൾ അഭിമുഖീകരിയ്കേണ്ടി വരുന്ന അല്ലെങ്കിൽ പരിഗണിയ്ക്കേണ്ടി
വരുന്ന ഘടകങ്ങളെക്കുറിച്ച് പറയാനാണ് ഇത്ര നീണ്ട വിശദീകരണം നൽകിയത്.
സബ്സ്റ്റേഷനുകളിലും മറ്റും സ്വിച്ച് യാർഡുകളിൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട്
അറ്റകുറ്റപ്പണികൾക്കും, റീഡിങ്ങെടുക്കൽ,
പരിശോധനകൾ
മുതലായവയ്ക്കും മനുഷ്യർ ചെല്ലേണ്ടത് സാധാരണയാണല്ലോ. അപ്പോൾ അവരുടെ സുരക്ഷ
ഉറപ്പാക്കെണ്ടതത്യാവശ്യമാണ്. സാധാരണ ഗതിയിൽ സബ്സ്റ്റേഷനിൽ എർത്ത്
ഫാൾട്ടുണ്ടാകുമ്പോൾ ( ഉപകരണങ്ങളുടെ ഇൻസുലേഷൻ തകരാറാകുമ്പോൾ,
കമ്പികൾ
പൊട്ടി വീഴുമ്പോൾ) വലിയ അളവിലുള്ള എർത്ത്
ഫാൾട്ടുകരണ്ടുണ്ടാകുകയും സബ്സ്റ്റേഷൻ എർത്തിങ്ങിന്റേയും അത് സ്ഥാപിച്ചിട്ടുള്ള
സ്ഥലത്തിന്റേയും വോൾട്ടേജ് ഉയരുകയും ചെയ്യും. സബ്സ്റ്റേഷനുകളിലെ ഉപകരണ എർത്തിങ്ങും
സിസ്റ്റം എർത്തിങ്ങും പരസ്പരം ബന്ധിപ്പിച്ചിരിയ്ക്കുന്നതിനാൽ സബ്സ്റ്റേഷനിൽ
നിന്നുള്ള ലൈനുകളിൽ എർത്ത് ഫാൾട്ടുണ്ടാകുമ്പോഴും ഇതെല്ലാം ഉണ്ടാകാം. മണ്ണിന്റെ
വോൾട്ടേജ് കൂടുകയും പൊട്ടൻഷ്യൽ ഗ്രേഡിയന്റ്, സ്റ്റെപ്,
ടച്ച്
പൊട്ടൻഷ്യലുകൾ എന്നിവ രൂപം കൊല്ലുകയും ചെയ്യും. ഇവയെല്ലാം അനുവദനീയമായ
പരിധിയ്ക്കുള്ളിലല്ലെങ്കിൽ അത സ്വിച്ച് യാർഡിലെ ജോലിക്കാരെ അപായപ്പെടുത്തും.
അതിനാൽ സബ്സ്റ്റേഷനിലെ എർത്തിങ്ങ് രൂപകൽപ്പന ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുണ്ട്.
സബ്സ്റ്റേഷൻ എർത്തിനിൽ പരിഗണിയ്ക്കേണ്ട കാര്യങ്ങൾ ഒന്നു കൂടി ക്രമമായി താഴെ
വിവരിയ്ക്കാം.
· സബ്സ്റ്റേഷൻ എർത്തിങ്ങിന്റ പ്രതിരോധം
പരമാവധി കുറവായിരിയ്ക്കണം. അനുവദനീയമായ പരിധി
വലിയ
സബ്സ്റ്റേഷനുകൾക്ക് - 1 ഓം
വൈദ്യുതോൽപ്പാദന
നിലയങ്ങൾക്ക് - 0.5 ഓം
ഇടത്തരം
സബ്സ്റ്റേഷനുകൾക്ക്- 2 ഓം.ആണ്.
·
സബ്സ്റ്റേഷനിലെ പൂർണ്ണ
ഫാൾട്ടുകരണ്ടിനെ ( Full earth fault current )
നിശ്ചിതമായ സമയത്തേയ്ക്ക് തകരാറുകളില്ലാതെയും, താപനില
നിശ്ചിതമായ അളവിൽ കൂടാതെയും കടത്തിവിടാനാകണം. സബ്സ്റ്റേഷനുകളിൽ (ലൈനുകളിലേയും)
എർത്ത്ഫാൾട്ടിനെ റിലേകൾ തിരിച്ചറിഞ്ഞ് വളരെകുറഞ്ഞ സമയത്തിനുള്ളിൽ ( 100
മുതൽ 500 മില്ലി സെക്കന്റുകൾ) വൈദ്യുതി
വിച്ഛേദിയ്ക്കും. അതിനാൽ അത്രയും സമയത്തേയ്ക്ക് വൈദ്യുതപ്രവാഹം താങ്ങിയാൽ
മതിയാകും. എങ്കിലും സുരക്ഷിത അളവെന്ന നിലയിൽ ഒരു സെക്കന്റ് അല്ലെങ്കിൽ മൂന്നു
സെക്കന്റ് സമയത്തേയ്ക്കു കടത്തി വിടാനാകണം.
·
എർത്ത് ഫാൾട്ടുകരണ്ടിന്റെ പ്രവാഹം
ഉപകരണങ്ങൾക്കോ പ്രതിഷ്ഠാപനത്തിനോ തകരാറുകളുണ്ടാക്കരുത്.
·
എർത്തിങ്ങ് സംവിധാനം എളുപ്പം
തുരുമ്പിച്ച്/ദ്രവിച്ച് പോകരുത്.
·
ആവർത്തിച്ചാവർത്തിച്ച് എർത്ത്
ഫാൾട്ടുകരണ്ടിനെ ( Repeated fault )
സുരക്ഷിതമായി കടത്തിവിടാനാകണം.
·
സബ്സ്റ്റേഷനിലെ ടച്ച് ,സ്റ്റെപ്
പൊട്ടെൻഷ്യലുകൾ എല്ലാ സമയത്തും സുരക്ഷിതമായ അളവിലാകണം
·
സബ്സ്റ്റേഷനിലെ എർത്ത് ചെയ്യപ്പെട്ട
ഒരു ഭാഗവും ചുറ്റുപാടുകളെ അപേക്ഷിച്ച് ഉയർന്ന വോൾട്ടത കൈവരിയ്ക്കരുത്.
സബ്സ്റ്റേഷനിലെ
/ സ്വിച്ച് യാർഡുകളിലെ താഴെപ്പറയുന്ന
ഭാഗങ്ങൾ നിർബന്ധമായും എർത്ത് ചെയ്യണം.
- എല്ലാ ഉപകരണങ്ങളുടേയും ലോഹം കൊണ്ടുള്ള ടാങ്കുകൾ, കവചങ്ങൾ ( Metallic tanks and casings) എന്നിവ രണ്ടു വ്യത്യസ്ഥ ഭാഗങ്ങളിൽ എർത്ത് ചെയ്യണം(Double earthing)
- സബ്സ്റ്റേഷനിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട മറ്റു ലോഹീയ ഭാഗങ്ങൾ ( താങ്ങുകൾ, ടവറുകൾ, ലോഹത്തൂണുകൾ മുതലായവ Supports, Towers, Poles) നിർബന്ധമായും രണ്ടെർത്തിങ്ങുള്ളവയാകണം.
- ലൈറ്റ്നിങ്ങ് അറസ്റ്ററുകൾ (Lightning arrestors) പ്രധാന എർത്തിങ്ങല്ലാത്ത മറ്റൊരു സ്വതന്ത്ര എർത്തിങ്ങിലേയ്ക്കു ബന്ധിപ്പിയ്ക്കുകയും, അതിനെ പ്രധാന എർത്തിങ്ങിലേയ്ക്കു ബന്ധിപ്പിയ്ക്കുകയും വേണം.
- ഭൂഗർഭ കേബിളുകളുടെ ആർമറിങ്ങ്, ഷീത്ത് എന്നിവ എർത്ത് ചെയ്യണം
- സബ്സ്റ്റേഷൻ സ്വിച്ച് യാർഡിലെ ലൈറ്റ്നിങ്ങ് കവചം ( Lightning shield ) എർത്ത് ചെയ്യണം
- സബ്സ്റ്റേഷൻ ഉപകരണങ്ങളായ ഐസൊലേറ്റർ, എയർ ബ്രേക്ക് സ്വിച്ചുകൾ എന്നിവയുടെ ഹാൻഡിൽ എർത്ത് ചെയ്യണം
- യാർഡിന്റെ ലോഹ വേലി ( Metallic fencing )
- യാർഡിലെ കോൺക്രീറ്റിനകത്തെ കമ്പി. ( Re-in forcing steel of concrete )
- സബ്സ്റ്റേഷൻ കൺട്രോൾ റൂമിലെ പാനലുകൾ
- ട്രാൻസ്ഫോർമറുകളുടെ ന്യൂട്രലുകൾ. ന്യൂട്രലുകൾക്ക് രണ്ടു വ്യത്യസ്ത എർത്തിങ്ങ് വേണ്ടതും അവ പ്രധാന എർത്തിങ്ങുമായി ബന്ധിപ്പിയ്ക്കേണ്ടതുമാണ്
എർത്ത്
മാറ്റ് അഥവാ എർത്ത് ഗ്രിഡ് ( Earth mat or Earth grid or Earth
mesh )
സബ്സ്റ്റേഷൻ
എർത്തിങ്ങിനായി മുൻകാലങ്ങളിൽ പൈപ്പ് അല്ലെങ്കിൽ പ്ളേറ്റ് എർത്തിങ്ങ്
മാത്രമാണുപയോഗിച്ചിരുന്നത്. അക്കാലങ്ങളിൽ വൈദ്യുത ശൃംഖലയുടെ ഫാൾട്ട് ലെവൽ
( Fault level ) ( ഒരു ഫാൾട്ടുണ്ടാകുമ്പോൾ പരമാവധി ഉണ്ടാകാവുന്ന
കരണ്ട് X സാധാരണ വോൾട്ടേജ് X
/3 ) കുറവായിരുന്നതിനാൽ അത്രയും കരണ്ടിനെ ഫലപ്രദമായി മണ്ണിലേയ്ക്കു
കടത്തി വിടുവാൽ അതു മതിയായിരുന്നു. എന്നാൽ ശൃംഖലയുടെ വളർച്ച അതിന്റെ ഫാൾട്ട് ലെവൽ
കൂട്ടുകയും പരമ്പരാഗത എർത്തിങ്ങ് സംവിധാനം മാത്രം പര്യാപ്തമാകാതെ വരികയും ചെയ്തു.
മാത്രവുമല്ല ടച്ച്, സ്റ്റെപ് വോൾട്ടേജുകളെ സുരക്ഷിതമായ
അളവിൽ നിർത്താനും സാധാരണ എർത്തിങ്ങ് പര്യാപ്തമല്ല. അതിനാൽ ഇപ്പോൾ സബ്സ്റ്റേഷനുകൾ
എർത്ത് മാറ്റ് എന്ന സംവിധാനമുപയോഗിയ്ക്കുന്നു.
സബ്സ്റ്റേഷന്റെ
മൊത്തം സ്വിച്ച് യാർഡിലും മണ്ണിനടിയിൽ അര മീറ്റർ ആഴത്തിൽ നെടുകേയുയും കുറുകേയും സമാന്തരമായി ഉരുക്കു കമ്പികൾ
സ്ഥാപിയ്ക്കുന്നു. അവതമ്മിലുള്ള അകലം മൂന്നു മീറ്റർ മുതൽ എട്ടു മീറ്റർ വരെയാകാം.
കമ്പികളുടെ കുറുകേ വരുന്ന ചേർപ്പുകൾ ( Joints )
പരസ്പരം നന്നായി വെൽഡ് ചെയ്യുന്നു. ഇങ്ങനെ ചെയ്തെടുക്കുന്ന സംവിധാനം ഒരു വല
( Grid or mesh ) പോലെ സബ്സ്റ്റേഷന്റെ അടിയിൽ കിടക്കും. അതിനാലാണ്
ഇതിനെ എർത്തിങ്ങ് ഗ്രിഡ് എന്നു പറയുന്നത്. ഈ ഗ്രിഡ് മുഴുവൻ സ്വിച്ച്
യാർഡിലുമായുണ്ടാകും. കൂടാതെ അവയുടെ അതിരുകളിൽ ( Periphery
) ഓരോ കമ്പിയും അവസാനിയ്ക്കുന്നിടത്ത് മൂന്നു മീറ്റർ നീളമുള്ള
ഉരുക്കു കമ്പികൾ കുത്തനെ മണ്ണിലേയ്ക്കടിച്ചു താഴ്ത്തുകയും അതിനെ ഈ ഗ്രിഡുമായി വെൽഡ് ചെയ്തു ബന്ധിപ്പിയ്ക്കുകയും ചെയ്യും. അതിനെ ഗ്രൗണ്ട് റോഡ് (
Ground Rod) എന്നു പറയും സബ്സ്റ്റേഷനിലെ എല്ലാ ഉപകരണങ്ങളും ഈ ഗ്രിഡിലേയ്ക്കു
ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇതിനായി മണ്ണിനടിയിൽ നിന്നും ഉരുക്കു കമ്പികളുപയോഗിച്ച്
ഉപരിതലം വരെയെത്തുന്ന റൈസറുകൾ ( Risers ) സഥാപിയ്ക്കും.
റൈസറുകളുടെ മണ്ണിനടിയിലുള്ള ഭാഗം പ്രധാന മാറ്റുമായി വെൽഡു ചെയ്യും.
മുകൾ
ഭാഗത്ത് ഉപകരണങ്ങളിൽ നിന്നുള്ള എർത്തിങ്ങ് ചാലകം വെൽഡ് ചെയ്തുറപ്പിയ്ക്കും.
ഇതുകൂടാതെ എർത്ത് മാറ്റിന്റെ പ്രതിരോധം ആവശ്യമായ അളവിലേയ്ക്കു താഴ്ത്തേണ്ടി വന്നാൽ
അതിനായി യാർഡിനുള്ളിൽ തന്നെ പ്രത്യേകം പ്ലേറ്റ് എർത്തുകൾ സ്ഥാപിച്ച് അവയെ പ്രധാന
ഗ്രിഡുമായി ബന്ധിപ്പിയ്ക്കും. കൂടാതെ ട്രാൻസ്ഫോർമർ ന്യൂട്രലുകൾ,
ലൈറ്റ്നിങ്ങ്
അറസ്റ്ററുകൾ മുതലായവയ്ക്ക് പ്രത്യേകം പൈപ്പ് എർത്തിങ്ങ് / പ്ലേറ്റ് എർത്തിങ്ങ്/
റോഡ് എർത്തിങ്ങ് മുതലായവ ചെയ്ത് അവയെ പ്രധാന മാറ്റുമായി ബന്ധിപ്പിയ്ക്കുകയും
ചെയ്യും.
എർത്ത്
മാറ്റിനായി ധാരാളം കമ്പികൾ നെടുകേയും കുറുകേയും മണ്ണിൽ സ്ഥാപിയ്ക്കുന്നതിനാൽ
മണ്ണും ഇലക്ട്രോഡും തമ്മിലുള്ള സമ്പർക്കതല വിസ്തീർണ്ണം വളരെക്കൂടുതലായിരിയ്ക്കും.
അതുകൊണ്ട് പ്രതിരോധവും കുറവായിരിയ്ക്കുമല്ലോ. എർത്ത് മാറ്റിനായി ഉപയോഗിയ്ക്കുന്ന
ചാലകത്തിനു പൂർണ്ണ എർത്ത് ഫാൾട്ട് കരണ്ടിനെ ( Full
earth fault current ) കടത്തിവിടാനുള്ള ശേഷിയുണ്ടാകണം. മാത്രമല്ല സബ്സ്റ്റേഷൻ
വളരെക്കാലത്തേയ്യ്ക്കു പ്രവർത്തിയ്ക്കേണ്ട ഒന്നായതിനാൽ എർത്തിങ്ങ് സംവിധാനവും അത്രയും
കാലം കേടുകൂടാതെയിരിയ്ക്കണം. അതിനാൽ ആവശ്യമായ വലുപ്പമുള്ള ചാലകക്കമ്പികളാണുപയോഗിയ്ക്കേണ്ടത്.
ഉപയോഗിയ്ക്കേണ്ട കമ്പിയുടെ വണ്ണം ( size ) പരമാവധി വരാവുന്ന എർത്തഫാൾട്ട് കരണ്ടിനനുസരിച്ചായിരിയ്ക്കും.
മാത്രമല്ല അതേകമ്പിയുടെ പ്രതലം ദ്രവിച്ചാലും വളരെക്കാലം ആവശ്യമായ ചാലകശേഷി
നിലർത്താൻ പാകത്തിനു വലുപ്പവുമുണ്ടാകണം. മൈൽഡ് സ്റ്റീൽ ( Mild
steel ) കൊണ്ടുള്ള
കമ്പികളാണ് ഇൻഡ്യയിൽ എർത്ത് മാറ്റിനുപയോഗിയ്ക്കുന്നത്. റൈസറിനും,
മണ്ണിലേയ്ക്കടിച്ചു
താഴ്ത്തുന്ന ഇലക്ട്രോഡിനും മൈൽഡ് സ്റ്റീൽ തന്നെയാണുപയോഗിയ്ക്കുന്നത്. മൈൽഡ്
സ്റ്റീൽ കുറേശ്ശെ തുരുമ്പിയ്ക്കുമെന്നതിനാൽ വളരെക്കാലം എർത്തിങ്ങ് ഫലപ്രദമായി
പ്രവർത്തിയ്ക്കുന്നതിനായി ആവശ്യമായതിലധികം വണ്ണമുള്ള കമ്പികളുപയോഗിയ്ക്കും.
കമ്പികളുടെ വണ്ണം പരമാവധി വരാവുന്ന എർത്ത് ഫാൾട്ട് കരണ്ടിനെ ആശ്രയിച്ചാണെന്നു
പറഞ്ഞല്ലോ. ഇതു സ്ഥിരമായിരിയ്ക്കില്ല. സബ്സ്റ്റേഷനുകളുടെ ഫാൾട്ട് ലെവൽ
സാധാരണഗതിയിൽ കൂടി വരാറാണു പതിവ്. അതിനാൽ സബ്സ്റ്റേഷൻ നിർമ്മിയ്ക്കുന്ന
കാലത്തേക്കാളും കൂടുതലായിരിയ്ക്കും പത്തോ പതിനഞ്ചോ വർഷങ്ങൾക്കുശേഷം അതിന്റെ
ഫാൾട്ട് ലെവൽ. അതിനാൽ അതുകൂടെ കണക്കാക്കിയാണ് എർത്ത് മാറ്റിലെ കമ്പികളുടെ വണ്ണം
നിശ്ചയിയ്ക്കുന്നത്. എന്നിരുന്നാലും സാധാരണ ഗതിയിൽ താഴെപ്പറയുന്ന തരം കമ്പികളാണ്
എർത്ത് മാറ്റിനുപയോഗിയ്ക്കുന്നത്
33
കെ.വി. സബ്സ്റ്റേഷനുകൾ - 25 മി.മി.
അല്ലെങ്കിൽ 32 മി.മി. വ്യാസമുള്ള മൈൽഡ് സ്റ്റീൽ
ദണ്ഡുകൾ ( 25 mm dia MS rods )
66
കെ.വി/110 കെ.വി/220
കെ.വി - 32 മി.മി. മൈൽഡ് സ്റ്റീൽ ( 32 mm dia MS Rods )
400
കെ.വി.
- 40 മി.മീ. ( 40 mm dia MS Rods )
കമ്പികൾ
തമ്മിലുള്ള അകലം (Spacing between Rods )
ടച്ച്,
സ്റ്റെപ്
പൊട്ടൻഷ്യൽ കണക്കാക്കിയാണ് കമ്പികൾ തമ്മിലുള്ള അകലം നിശ്ചയിയ്ക്കുന്നത്.
മാത്രമല്ല പ്രതിരോധവും അകലത്തെ ആശ്രയിച്ചിരിയ്ക്കും. കമ്പികൾ തമ്മിലുള്ള അകലം
കൂടിയാൽ ഒരു നിശ്ചിത വിസ്തീർണ്ണമുള്ള പ്രദേശത്ത് ഉൾപ്പെടുന്ന കമ്പികളുടെ എണ്ണം
കുറയുമല്ലോ. അതായത് സമ്പർക്ക തല വിസ്തീർണ്ണം കുറയുമെന്നർത്ഥം. ഇതുമൂലം എർത്ത് പ്രതിരോധവും
കൂടിയേക്കാം.
സബ്സ്റ്റേഷനിലെ സ്റ്റെപ് ടച്ച് പൊട്ടെൻഷ്യലുകൾ എർത്ത് ഗ്രിഡിലെ കമ്പികൾ തമ്മിലുള്ള
അകലത്തെയാശ്രയിച്ചിരിയ്ക്കുന്നു. അകലം കൂടുമ്പോളവകൂടുകയും കുറയുമ്പോൾ കുറയുകയും
ചെയ്യും. സമാന്തരമായ കമ്പികൾക്കിടയിലുള്ള അകലം എത്രകണ്ട് കുറയുന്നുവോ അത്രകണ്ട്
സ്റ്റെപ്, ടച്ച് പൊട്ടൻഷ്യലുകൾ കുറയ്ക്കാം.
എന്നാലും മൂന്നു മുതൽ എട്ടു മീറ്റർ വരെ അകലത്തിൽ ഇവ പരിധിയ്ക്കുള്ളിലായിരിയ്ക്കും.
മാനുഷികമായ പ്രവർത്തനങ്ങൾ നേരിട്ട് വേണ്ടിവരുന്ന ഐസൊലേറ്റർ,
സർക്യൂട്ട്
ബ്രേക്കർ, ട്രാൻസ്ഫോർമർ എന്നിവയുടെ പ്രവർത്തന
ലിവർ / സ്വിച്ചിനടിയിലായി അധികമായി ആക്സിലറി മാറ്റ് ( Auxiliary
mat ) സ്ഥാപിച്ചിരിയ്ക്കും. ഇവ ഏകദേശം 2.5 X 1.5
മീറ്റർ അളവിലുള്ള ചെറിയ എർത്ത്മാറ്റുകളാണ്. ഇവയുടെ കമ്പികൾ തമ്മിലുള്ള അകലം 15
സെ. മീ. മുതൽ 50 സെ. മീ. വരെയാണ്. ആക്സിലറി
മാറ്റിനെ പ്രധാനമാറ്റുമായി ബന്ധിപ്പിച്ചിരിയ്ക്കും. ആക്സിലറി മാറ്റിനു മുകളിലുള്ള
മണ്ണിൽ സ്റ്റെപ്/ടച്ച് പൊട്ടൻഷ്യലുകൾ വളരെക്കുറവായിരിയ്ക്കും.
സബ്സ്റ്റേഷനിൽ
എർത്ത് മാറ്റിന്റെ സഹായത്താൽ സ്റ്റെപ് ടച്ച് പൊട്ടെൻഷ്യലുകളുടെ രീതിയും,
ഗ്രൗണ്ട്
വോൾട്ടേജ് റൈസും കാണിയ്ക്കുന ചിത്രം താഴെക്കാണിച്ചിരിയ്ക്കുന്നു.
ടച്ച്
പൊട്ടൻഷ്യലിന്റേയും സ്റ്റെപ് പൊട്ടൻഷ്യലിന്റേയും താങ്ങാനാവുന്ന അളവുകൾ (
Tolerable limits of touch and step
potentials )
സബ്സ്റ്റേഷൻ
സ്വിച്ച് യാർഡിൽ പ്രവർത്തിയ്ക്കുന്ന വ്യക്തികളുടെ സുരക്ഷയ്ക്കായാണല്ലോ സ്റ്റെപ് /
ടച്ച് പൊട്ടൻഷ്യലുകൾ കുറവായിരിയ്ക്കണമെന്നു പറയുന്നത്. ഇവ രണ്ടും
പൂജ്യമായിരിയ്ക്കുന്നതായിരിയ്ക്കുമല്ലോ ഏറ്റവും സുരക്ഷിതം. എന്നാൽ ഇതു
പൂജ്യമാക്കുന്നത് പ്രായോഗികമായിരിയ്ക്കില്ല. അതിനാൽ അപകടരഹിതമായി മനുഷ്യനു
താങ്ങാനാവുന്ന ഒരളവിൽ നിലനിർത്തുക എന്നതാണ് പ്രായോഗികം. അപ്പോൾ സുരക്ഷിതമായ അളവ്
എങ്ങനെ നിർണ്ണയിയ്ക്കാനാകും? അതിനായി
വൈദ്യുത ഷോക്കിനെപ്പറ്റി അല്പ്പമൊന്നു നോക്കിവരാം.
പൊട്ടൻഷ്യൽ
വ്യതിയാനമുള്ള ( Potential Difference ) രണ്ടു
സ്ഥലങ്ങളിൽ ശരീരത്തിന്റെ രണ്ടുഭാഗങ്ങൾ ഒരേസമയം സമ്പർക്കത്തിൽ വരികയാണെങ്കിൽ
ശരീരത്തിലൂടെ കരണ്ടൊഴുകും. ശരീരത്തിന്റെ പ്രതിരോധത്തിനും പൊട്ടെൻഷ്യൽ
വ്യതിയാനത്തിനും അഥവാ അനുഭവപ്പെടുന്ന വോൾട്ടേജിനുമനുസരിച്ചായിരിയ്ക്കുമല്ലോ
ശരീരത്തിലൂടെ കടന്നു പോകുന്ന കരണ്ട്. കരണ്ടിന്റെ അളവ്, കടന്നു
പോയ പാത, കടന്നു പോയ സമയം എന്നതിനെയൊക്കെ
ആശ്രയിച്ചായിരിയ്ക്കും അപകടത്തിന്റെ തോത്. കൂടുതൽ കരണ്ട് കൂടുതൽ സമയത്തേയ്ക്ക്
കടന്നു പോകുന്നത് കൂടുതൽ അപകടകരമാണ്. ഹൃദയം, ശ്വാസകോശം
മുതലായവയിലൂടെ കരണ്ട് പോകുന്നതും ഭീകരമായിരിയ്ക്കും. ശരീരത്തിന്റെ പ്രതിരോധത്തിനു
വിപരീതാനുപാതത്തിലായിരിയ്ക്കും കരണ്ടിന്റെ അളവ്. ശരീരത്തിന്റെ അവസ്ഥയ്ക്കനുസരിച്ച്
ഇതു മാറി വരികയും ചെയ്യും. ശരീരം പൂർണ്ണമായും ഉണങ്ങിയിരിയ്ക്കുമ്പോൾ 100000 ഓം
പ്രതിരോധം ഏറ്റവും അകലം കൂടിയ രണ്ടുഭാഗങ്ങൾക്കിടയിലുണ്ടെങ്കിൽ,
നനഞ്ഞിരിയ്ക്കുമ്പോഴാകട്ടെ
1000 ഓമിൽ താഴെയായിരിയ്ക്കുമത്. ഇരു
ചെവികൾക്കിടയിലാകട്ടെ വെറും 100 ഓമിൽ
താഴെയായിരിയ്ക്കും പ്രതിരോധം. വിവിധ അളവു കരണ്ട് ശരീരത്തിലൂടെ കടന്നു പോകുമ്പോൾ
ശരീരത്തിനുണ്ടാകുന്ന അനുഭവങ്ങൾ താഴെക്കാണിച്ചിരിയ്ക്കുന്നു
0.5
2.00
മില്ലി ആമ്പിയർ - പ്രവാഹം കടന്നു പോകുന്ന ഭാഗത്ത് ചെറിയ തരിപ്പ്
2.00
- 5.00 മില്ലി ആമ്പിയർ - വേദനയില്ല,
സ്വയംവിട്ടുപോരാൻ
സാദ്ധ്യത
5.1
- 15 മില്ലി
ആമ്പിയർ - നിസ്സാരമായ വേദന,
പേശികളുടെ
സ്വയം പ്രവർത്തനത്താൽ പിടുത്തം വിട്ടുപോകാൻ ഇടയുണ്ട്
15.00
- 20.00 മില്ലി
ആമ്പിയർ - പേശികൾ അമിതമായി ചുരുങ്ങുന്നതുകൊണ്ട്
പിടുത്തം സ്വയം വിടുവിക്കാൻ സാധിക്കുന്നില്ല.
20.00 - 50
മില്ലി ആമ്പിയർ - പേശിചുരുക്കം
ശ്വാസതടസ്സം
50-100
മില്ലി ആമ്പിയർ - മോഹലാസ്യം മരണത്തിനു സാധ്യതയുണ്ട്.
100
- 200 മില്ലി
ആമ്പിയർ-
1.ഹൃദയത്തിന്റെ താളം തെറ്റുന്നു,
തലച്ചോറിന് ക്ഷതം സംഭവിക്കുന്നു മരണം നിശ്ചയമായും ഉണ്ടാകുന്നു. ഹൃദയം നിശ്ചലമാകും.
2. ശ്വാസകോശത്തിന്റെ
പ്രവർത്തനം നിലയ്ക്കുന്നു. മരണം നിശ്ചയമായും ഉണ്ടാകുന്നു.
500
മില്ലി ആമ്പിയറിനു മുകളിൽ - ആന്തരിക പൊള്ളൽ , രക്തസ്രാവം
മരണമുണ്ടായേക്കാം ( മിക്കവാറും മരണം നിശ്ചയം)
അപ്പോൾ
സബ്സ്റ്റേഷനിൽ എർത്ത്ഫാൾട്ട് കരണ്ടൊഴുകുമ്പോൾ സബ്സ്റ്റേഷനിലെ ലോഹഭാഗങ്ങളിൽ
സ്പർശിച്ചുകൊണ്ടു നിൽക്കുന്ന അല്ലെങ്കിൽ സബ്സ്റ്റേഷൻ യാർഡിൽ നില്ക്കുന്ന
വ്യക്തിയുടെ ശരീരത്തിലൂടെയുള്ള കരണ്ട് മേൽ പട്ടികപ്രകാരം അഞ്ചു മില്ലി ആമ്പിയറിൽ
താഴെയെങ്കിലും വരേണ്ടതാണ്. ഒരു മില്ലി ആമ്പിയറെന്നത് ഒരു ആമ്പിയയറിന്റെ
ആയിരത്തിലൊരംശമാണ്. ഇത്രമാത്രം ചെറിയ അളവ് കരണ്ട് മാത്രമേ പ്രവഹിയ്ക്കാവൂ എങ്കിൽ
ഒന്നുകിൽ ശരീരത്തിന്റെ പ്രതിരോധം ( ശരീരത്തിലൂടെ പോകുന്ന കരണ്ടിന്റെ പാതയിലെ
പ്രതിരോധം ) വളരെ ക്കൂടുതലായിരിയ്ക്കണം. അല്ലെങ്കിൽ സ്റ്റെപ് / ടച്ച് വോൾട്ടേജ്
വളരെക്കുറവായിരിയ്ക്കണാം. ടച്ച്/ സ്റ്റെപ് വോൾട്ടേജു മൂലമുണ്ടാകുന്ന കരണ്ടിന്റെ
പാതയുടെ പ്രതിരോധത്തിന്റെ ചിത്രം താഴെക്കൊടുക്കുന്നു.
ആദ്യത്തേത്
സ്റ്റെപ് വോൾട്ടേജിന്റെ പരിപഥമാണ്. ഒരാൾ രണ്ടുകാലുകളും ഒരു മീറ്റർ അകത്തി
സബ്സ്റ്റേഷൻ യാർഡിൽ നില്ക്കുന്നു. അപ്പോൾ പരിപഥത്തിലെ പ്രതിരോധം വലത്തേക്കാലും
മണ്ണും തമ്മിലുള്ള പ്രതിരോധം R1, ഇടത്തേക്കാലും
മണ്ണും തമ്മിലുള്ള പ്രതിരോധം R2, ശരീരത്തിന്റെ
പ്രതിരോധം R3 എന്നിവയുടെ ആകെത്തുകയാണ്. അപ്പോൾ
ഇവ വർദ്ധിപ്പിച്ചാൽ കരണ്ട് കുറയ്ക്കാം, അതിനായി
ഇനിപ്പറയുന്ന മാർഗ്ഗങ്ങൾ അവലംബിയ്ക്കുന്നു.
ശരീരപ്രതിരോധം
നിയന്ത്രിയ്ക്കാൻ കഴിയുകയില്ല. അതിനാൽ മണ്ണും ശരീരവും സമ്പർക്കത്തിൽ വരുന്നിടത്തെ
പ്രതിരോധം കൂട്ടുന്നു. അതിനായി വൈദ്യുതി കടത്തി വിടാത്ത് വസ്തുക്കൾ കൊണ്ടു
നിർമ്മിച്ച് ഷൂസുകൾ ധരിയ്ക്കാവുന്നതാണ്. മറ്റൊന്ന് മണ്ണിനു മുകളിലായി പ്രതിരോധം
കൂടിയ വസ്തുക്കൾ നിരത്തുക എന്നതാണ്. സബ്സ്റ്റേഷൻ യാർഡുകളിൽ ഇതിനായി 40
മി.മീ വലുപ്പമുള്ള കരിങ്കല്ല് കഷണങ്ങൾ ( ക്വാറി മെറ്റൽ ) 15
സെ.മീ. കനത്തിൽ വിരിയ്ക്കുന്നു. ഇങ്ങനെ ശരീരത്തിനും മണ്ണിനുമിടയിൽ
പ്രതിരോധമുള്ളതിനാൽ താരതമ്യേന ഉയർന്ന വോൾട്ടതയും സഹിയ്ക്കാവുന്നതാണ്. പിന്നെ
വേറൊരു കാര്യം ഒരു മീറ്റർ അകലത്തിലാണല്ലോ സ്റ്റെപ് വോൾട്ടേജ് പറഞ്ഞത്.
കാലുകൾക്കിടയിലുള്ള അകലം കുറഞ്ഞാൽ അനുഭവപ്പെടുന്ന വോൾട്ടേജ് കുറയും,
മറിച്ചാണെങ്കിൽ
കൂടും. അപ്പോൽ സബ്സ്റ്റേഷൻ യാർഡിൽ നടക്കുമ്പോൾ കാലുകൾ പർമാവധി ചേർത്ത് വച്ച്
നടക്കുന്നത് കൂടുതൽ സുരക്ഷിതമാണ്. കാലുകൾക്കിടയിൽ അകലം കൂടിയ നാൽക്കാലികൾക്ക്
കൂടുതൽ ഷോക്കേൽക്കും. അതിനാൽ സബ്സ്റ്റേഷൻ യാർഡിൽ ഓടാതെ പതിയെ നടക്കുന്നതാണുചിതം.
ഷൂസ് നിർബന്ധവുമാണ്.
അടുത്തത്
ടച്ച് പൊട്ടൻഷ്യലിന്റെ പരിപഥമാണ്. ആദ്യത്തേതിൽ ഷൂസുള്ളതിനാലും
കാലുകൾക്കിടയിലായതിനാലും താരതമ്യേന കൂടിയ പ്രതിരോധം സാധ്യമാണ്. ടച്ചിന്റെ
കാര്യമാകട്ടെ മിയ്ക്കവാറും വെറും കൈ കൊണ്ടായിരിയ്ക്കും ലോഹഭാഗങ്ങൾ തൊടുക. അവിടെ
കൈയ്യും ലോഹഭാഗവും തമ്മിൽ പ്രത്യേക പ്രതിരോധമില്ലാത്തതിനാൽ ആദ്യത്തെ
പരിപഥത്തെയപേക്ഷിച്ച് പ്രതിരോധം കുറവായിരിയ്ക്കുമല്ലോ. കൂടിയ കരണ്ടായിരിയ്ക്കും
ഫലം. അതിനാൽ ടച്ച് പൊട്ടൻഷ്യലാണ് കൂടുതൽ ഭീകരൻ. ഉപകരണങ്ങളുടെ ലോഹ ഭാഗങ്ങളിൽ
തൊടേണ്ടി വരുമ്പോൾ പരമാവധി ചേർന്നു നിന്നുകൊണ്ടു തൊടുകയെന്നതൊരു പ്രതിവിധിയാണ്.
മാത്രമല്ല ഉപകരണങ്ങൾ പ്രവർത്തിപ്പിയ്ക്കേണ്ടി വരുമ്പോൾ ( ഉദാ. ഐസൊലേറ്റർ / എ/ബി/
സ്വിച്ച്) റബ്ബർ കൈയ്യുറകൾ ധരിയ്ക്കുക.
എർത്ത് മാറ്റിനൊപ്പം ഐസൊലേറ്ററുകൾക്ക് ആക്സിലറി മാറ്റ് സ്ഥാപിയ്ക്കുക എന്നതൊക്കെ
പ്രതിവിധികളാണ്. എർത്ത് മാറ്റ് രൂപകല്പ്പന ചെയ്യുമ്പോൾ ഏറ്റവുമധികം
ശ്രദ്ധിയ്ക്കേണ്ട മേഖലയും ടച്ച് പൊട്ടൻഷ്യലാണ്.