വൈദ്യുതി കൈകാര്യം ചെയ്യുന്ന ഉപകരണങ്ങൾ ലൈനുകൾ മുതലായവയിൽ
തകരാറുകൾ (Faults) ഉണ്ടാകാറുണ്ട്. ഈ തകരാറുകൾ ഉപകരണങ്ങളെ ബാധിയ്ക്കുന്നതോടൊപ്പം വൈദ്യുത
ശൃംഖലയേയും (Electric grid) ശൃംഖലയിലെ മറ്റുപകരണങ്ങളേയും ദോഷകരമായി ബാധിയ്ക്കും. ചെറിയ
തകരാറുകൾ സമയത്തിനു കണ്ടെത്തി ഉപകരണത്തിലേയ്ക്കുള്ള വൈദ്യുത ബന്ധം ഉടനടി വിച്ഛേദിയ്ക്കുകയാണെങ്കിൽ
ആ തകരാർ വലുതാകുന്നതും, അതുമൂലം ഉപകരണം പൂർണ്ണമായും നാശമാകുന്നതും ഒഴിവാക്കാം. വലിയ തകരാറുകൾക്ക് ഉപകരണത്തിലേയ്ക്കുള്ള
വൈദ്യുതി ഉടനടി വിച്ചേദിയ്ക്കുക വഴി ശൃംഖലയെ തകർച്ചയിൽ നിന്നും സംരക്ഷിയ്ക്കാമെന്നു
മാത്രമല്ല, തീപിടുത്തം പോലുള്ള വൻ അപകടങ്ങളെ അകറ്റാനുമാകും. വൈദ്യുത ശൃംഖലയിലെ ഉപകരണങ്ങളിൽ
പ്രധാനമായവ താഴെപ്പറയുന്നവയാണ്.
1,
വൈദ്യുത ജനറേറ്ററുകൾ
2,
ട്രാൻസ്ഫോർമറുകൾ
3,
വൈദ്യുത ലൈനുകൾ ( എച്ച് റ്റി, ഇ എച്ച് റ്റി, എൽ.റ്റി)
4,
സർക്യൂട്ട് ബ്രേക്കറുകൾ, ഉപകരണ ട്രാൻസ്ഫോർമറുകൾ, ലൈറ്റ്നിങ്ങ് അറസ്റ്ററുകൾ, ബസ് ബാറുകൾ,
കപാസിറ്ററുകൾ പാനലുകൾ മുതലായവ
5,
മറ്റു സബസ്റ്റേഷൻ, വൈദ്യുത നിലയ പ്രതിഷ്ഠാപനങ്ങൾ എന്നിവ
6,വൈദുതി
ഉപയോഗിയ്ക്കുന്നിടങ്ങളിലെ ഉപകരണങ്ങൾ ഉദാ:- മോട്ടോറുകൾ, ട്രാൻസ്ഫോർമറുകൾ, മറ്റു വൈദ്യുതോപകരണങ്ങൾ
, വൈദ്യുത വയറിങ്ങ് തുടങ്ങിയവ.
ഏതു
തരത്തിലുള്ള ഉപകരണമായാലും (Equipment), പ്രതിഷ്ഠാപനമായാലും (installation) അവയെ തകരാറുകളിൽ
നിന്നും ഉടനടി സംരക്ഷിയ്ക്കേണ്ടതുണ്ട് . അല്ലാത്ത പക്ഷം അത് വലിയ തോതിലുള്ള നാശനഷ്ടത്തിനും
ആളപായത്തിനുമൊക്കെ കാരണമാകും. വൈദ്യുത ഉപകരണങ്ങളുടേയും, പ്രതിഷ്ഠാപനങ്ങളുടേയും ഇൻസുലേഷൻ
തകരാറുമൂലമാണ് (Insulation failures) പ്രധാനമായും തകരാറുകളുണ്ടാകുന്നത്. ഗുണനിലവാരം
കുറഞ്ഞ ഇൻസുലേഷൻ, ഉയർന്ന താപനിലയിലുള്ള പ്രവർത്തനം, ഇടിമിന്നൽ, ലൂസ് കോണ്ടാക്ട്, അലക്ഷ്യമായ
ഉപയോഗം, കാലപ്പഴക്കം തുടങ്ങിയവയൊക്കെ ഇതിലേയ്ക്കു നയിയ്ക്കാം. പ്രധാനമായും രണ്ടുതരം
തകരാറാണ് ലൈനുകളിലും മറ്റുപകരണങ്ങളിലും പ്രതിഷ്ഠാപനങ്ങളിലുമുണ്ടാകുക അവ
1,
ഷോർട്ട് സർക്യൂട്ട് ( Short circuit).
2,
എർത്ത് ലീക്ക് അഥവാ എർത്ത് ഫാൾട്ട് (Earth leak or Earth fault) .
ഷോർട്ട് സർക്യൂട്ടിൽ സർക്യൂട്ടിലെ ഫേസ്, ന്യൂട്രൽ
ലൈനുകൾക്കിടയിലെയോ അല്ലെങ്കിൽ വിവിധ ഫേസ് ലൈനുകൾക്കിടയിലേയോ ( മൂന്നു ഫേസ് സംവിധാനത്തിൽ)
ഇൻസുലേഷൻ തകരാറായി അവ തമ്മിൽ നേരിട്ടു കൂട്ടി മുട്ടുന്നു. വളരെ കുറഞ്ഞ പ്രതിരോധം മാത്രം
ഈ അവസരത്തിൽ ലൈനിൽ വരുന്നതിനാൽ കറണ്ട് വളരെയധികം ഉയരുന്നു. ഇതുമൂലം ഉപകരണവും അതിലേയ്ക്കു
വൈദ്യുതിയെത്തിയ്ക്കുന്ന ലൈനും കത്തിപ്പോകാനും വൈദ്യുത ശൃംഖലയിലെ മറ്റുപകരണങ്ങൾ നാശമാകാനുമിടയുണ്ട്.
മാത്രവുമല്ല അത് പ്രതിഷ്ഠാപനത്തിൽ അഗ്നി ബാധയ്ക്കും ആളപായത്തിനും കാരണമാകും
എർത്ത്
ലീക്ക് അഥവാ എർത്ത് ഫാൾട്ടിലാകട്ടെ ഫേസ് ലൈനും, ഭൂമിയും ( ഉപകരണത്തിന്റെ ലോഹ കവചവും
വൈദ്യുതി വഹിയ്ക്കേണ്ടതില്ലാത്ത മറ്റു ലോഹ ഭാഗങ്ങളും എർത്ത് ചെയ്തിട്ടുണ്ടെങ്കിൽ അവയും
ഫേസ് വയറും) തമ്മിലുള്ള ഇൻസുലേഷൻ തകരാറിലായി അവ തമ്മിൽ കൂട്ടി മുട്ടുകയും വൈദ്യുതി
ലോഹ കവചത്തിലൂടെ ഭൂമി വഴി വൈദ്യുത ശ്രോതസ്സിന്റെ ന്യൂട്രലിലേയ്ക്കൊഴുകുകയും
(Source neutral) ചെയ്യും. ഉപകരണങ്ങൾ പ്രവർത്തിപ്പിയ്ക്കുന്ന ആളുകൾക്ക് ഷോക്കേല്ക്കാനും,
തീപിടുത്തമുണ്ടാകാനും ഇതു കാരണമാകും. കൂടാതെ വൈദ്യുത ശൃംഖലയിലെ ഉപകരണങ്ങളെ ദോഷകരമായി
ബാധിയ്ക്കുകയും ചെയ്യും.
ഏതു
തരം തകരാറായാലും അതിലേയ്ക്കുള്ള വൈദ്യുതി ബന്ധം എത്രയും വേഗം വിച്ഛേദിയ്ക്കേണ്ടത് അത്യാവശ്യമാണ്.
അല്ലാത്ത പക്ഷം അത് വളരെ അപകടമാകുകയും, വൻ സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കുകയും ചെയ്യും. വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ തകരാർ തിരിച്ചറിഞ്ഞു
പരിപഥത്തിലേയ്ക്കോ ഉപകരണത്തിലേയ്ക്കോ ഉള്ള വൈദ്യുതി വിച്ഛേദിയ്യ്ക്കാൻ മനുഷ്യനാകുകയില്ല.
അതിനാൽ മറ്റു ചില സംരക്ഷണോപാധികളുടെ സഹായം ആവശ്യമായി വരുന്നു. അവയിൽ ആദ്യത്തേതാണ്
ഫ്യൂസുകൾ
ഫ്യൂസുകൾ (Fuses)
ഏറ്റവും
ലളിതമായ സംരക്ഷണോപാധിയാണ് ഫ്യൂസ്. കുറഞ്ഞ ദ്രവണാങ്കവും സാമാന്യം വൈദ്യുത ചാലക ശേഷിയുമുള്ള
ലോഹകമ്പി ( Fuse element or fuse wire) സംരക്ഷിയ്ക്കപ്പെടേണ്ട ഉപകരണത്തിനോ പരിപഥത്തിനോ
ശ്രേണിയായി (Seies) ഘടിപ്പിച്ചതാണ് ഫ്യൂസിന്റെ ലളിതമായ രൂപം. പരിപഥത്തിലെ ചാലകത്തിനേക്കാൾ
വണ്ണം വളരെക്കുറഞ്ഞ കമ്പിയാകും ഫ്യൂസ് വയറിനായി ഉപയോഗിയ്ക്കുക. സാധാരണ അളവിലുള്ള വൈദ്യുതിയെ
(Normal current) ഫ്യൂസ് തടസ്സം കൂടാതെ കടത്തി വിടും. എന്നാൽ പരിപഥത്തിലെ കറണ്ടിന്റെ
അളവ് ഒരു നിശ്ചിത പരിധിയിൽ കൂടിയാൽ ( ഓവർ ലോഡ്, ഷോർട്ട് സർക്യൂട്ട് മുതലായ കാരണങ്ങളാൽ)
ഫ്യൂസ് വയറിൽ അധികമായ തോതിൽ താപമുണ്ടാകുകയും ( ജൂൾ നിയമം) അതു മൂലം ഫ്യൂസ് വയർ സ്വയം
ഉരുകി പരിപഥം വിച്ഛേദിയ്ക്കുകയും ചെയ്യും. ഇതുമൂലം തകരാറായ ഭാഗത്തേയ്ക്കു വീണ്ടും വൈദ്യുതിയെത്തുന്നത്
തടഞ്ഞ് അപകടം ഒഴിവാകുന്നു. ലെഡ്, ടിൻ എന്നിവയുടെ കൂട്ടുലോഹവും, ചെമ്പ്, വെള്ളി എന്നീ
ലോഹങ്ങളും ഫ്യൂസ് വയറിനായി ഉപയോഗിയ്ക്കുന്നു. സൗകര്യാർത്ഥം ഈ ഫ്യൂസ് വയർ ഘടിപ്പിയ്ക്കാൻ ഫ്യൂസ് കാരിയറുകളോ ഫ്യൂസ്
ഹോൾഡറുകളോ ഉപയോഗിയ്ക്കുന്നു.
ഫ്യൂസിങ്ങ് ഫാക്ടർ (fusing factor)
ഫ്യൂസ് മൂലം ലഭിയ്ക്കുന്ന സംരക്ഷണത്തിന്റെ തോതിനെക്കുറിയ്ക്കുന്ന
ഒരു അളവാണ് ഫ്യൂസിങ്ങ് ഫാക്ടർ. ഒരു ഫ്യൂസ് പ്രവർത്തിച്ച് (ഉരുകി) പരിപഥം വിച്ഛേദിയ്ക്കാൻ
വേണ്ട ഏറ്റവും കുറഞ്ഞ കറണ്ടിന്റെ അളവും (minimum fusing curret), ഫ്യൂസിനു സുരക്ഷിതമായി
കടത്തിവിടാനാകുന്ന കറണ്ടിന്റെ (Normal rated current) അളവും തമ്മിലുള്ള അനുപാതമാണിത്.
ഉദാഹരണത്തിനു, ഒരു പഥത്തിലെ ഫ്യൂസിന്റെ റേറ്റിങ്ങ് അഥവാ ശേഷി 5 ആമ്പിയറെന്നു കരുതുക,
ആ ഫ്യൂസ് ഉരുകാൻ 10 ആമ്പിയർ ആവശ്യമെങ്കിൽ ഫ്യൂസിങ്ങ് ഫാക്ടറെന്നത് 2 ആയിരിയ്ക്കും.
വേറൊരു തരത്തിൽ പറഞ്ഞാൽ ഫ്യൂസിങ്ങ് ഫാക്ടർ 2 ആയ ഫ്യൂസ് കൃത്യമായി പ്രവർത്തിയ്ക്കാൻ
അതിന്റെ റേറ്റിങ്ങിന്റെ ഇരട്ടി കറണ്ടൊഴുകണം. ഫ്യൂസ് വയറിന്റെ ചാലകത്തിന്റെ നീളം, വണ്ണം,
അതു കെട്ടിയിരിയ്ക്കുന്ന ഫ്യൂസ് കാരിയറിന്റെ തരം എന്നിവ ഫ്യൂസിങ്ങ് ഫാക്ടറിനെ നിർണ്ണയിയ്ക്കുന്നു.
ഫ്യൂസുകൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്.
1, പുനരുപയോഗിയ്ക്കാവുന്ന ഫ്യൂസുകൾ ( Rewirable Fuses)
2, എച്ച്. ആർ. സി ഫ്യൂസുകൾ ( High rupturing capacity Fuses – H.R.C. fuses)
റീ വയറബിൾ ഫ്യൂസുകളിൽ ഫ്യൂസ് വയറിന്റെ ഓരോ പ്രവർത്തനത്തിനു
ശേഷവും പുതിയ ഫ്യൂസ് വയറുപയോഗിച്ച് കെട്ടി ഉപയോഗിയ്ക്കാം. അതിനാൽ വളരെ ചെലവു കുറഞ്ഞ
സംവിധാനമാണിത്. പണ്ടൊക്കെ വീടുകളിൽ (ഇപ്പോഴുമുണ്ട്) ഇത്തരമാണുപയോഗിച്ചിരുന്നത്. വിതരണ
ട്രാൻസ്ഫോർമറുകൾ, വിതരണ എൽ.റ്റി. ലൈനുകൾ എന്നിവിടങ്ങളിൽ വ്യാപകമായുപയോഗിയ്ക്കുന്നു.
എന്നാൽ ഓവർ ലോഡുകളിൽ കൃത്യതയാർന്ന പ്രവർത്തനം ഇല്ലാത്തതിനാൽ ഇവ അത്ര സുരക്ഷിതമല്ല.
ഇവയുടെ ഫ്യൂസ് റേറ്റിങ്ങ് ഓരോ പ്രവശ്യവുമുപയോഗിയ്ക്കുന്ന ഫ്യൂസ് വയറിനെ ആശ്രയിച്ചിരിയ്ക്കുന്നതിനാൽ
ഫ്യൂസിങ്ങ് ഫാക്ടർ കൃത്യമാകുകയില്ല. ആയതിനാൽ കൃത്യതയാർന്ന സംരക്ഷണം ഉറപ്പാക്കാനുമാകില്ല.
ഇവയുടെ ഫ്യൂസിങ്ങ് ഫാക്ടർ പലപ്പോഴും 2 നു മുകളിലാണ്. എങ്കിലും പ്രാഥമിക ചെലവും, പ്രവർത്തനചെലവും
വളരെ കുറവായതിനാൽ ഇവ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്.
എച്ച്
ആർ സി ഫ്യൂസ്. ഇത്തരം ഫ്യൂസുകളിൽ ഫ്യൂസ് വയർ സെറാമിക് കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും
ഉറപ്പുള്ള ഇൻസുലേഷൻ വസ്തുക്കൾ കൊണ്ടോ ഉള്ള പ്രത്യേകതരം കാട്രിഡ്ജുകളിലാണുണ്ടാകുക
(Catridge). ഫ്യൂസ് വയർ അഥവാ ഫ്യൂസ് എലമെന്റിൽ നിന്നുള്ള കണക്ഷൻ പുറത്തേയ്ക്കെടുത്തിട്ടുണ്ടാകും.
അന്തരീക്ഷവുമായി ഫ്യൂസ് വയറിനു ബന്ധമില്ലാത്തതിനാൽ വളരെക്കാലം കൃത്യത നിലനിർത്താനാകും.
കാട്രിഡ്ജിനുള്ളീൽ ഫ്യൂസ് വയറിനു ചുറ്റുമായി ശുദ്ധമായ ക്വാർട്ട്സ് പൊടി നിറച്ചിരിയ്ക്കും.
ഇതു ഫ്യൂസിന്റെ പ്രവർത്തനത്തെ വളരെയധികം മെച്ചപ്പെടുത്തുകയും, ഫ്യൂസ് മൂലമുണ്ടായേക്കാവുന്ന
തീപിടുത്തത്തെ ഒഴിവാക്കുകയും ചെയ്യും, സാധാരണ ഫ്യൂസിനെ അപേക്ഷിച്ച് കൃത്യതയാർന്ന സംരക്ഷണം,
വളരെ വേഗത്തിലുള്ള പ്രവർത്തനം, ഓരോ തരം ആവശ്യത്തിനും ഓരോ തരം സ്വഭാവത്തിലുള്ള ഫ്യൂസുകളുടെ
ലഭ്യത, സുരക്ഷിതത്വം എന്നിവ ഇവയുടെ പ്രത്യേകതകളാണ്. ഇക്കാരണത്താൽ, വ്യാവസായിക ആവശ്യങ്ങൾക്
എച്ച് ആർ സി ഫ്യൂസുകൾ വ്യാപകമായുപയോഗിയ്ക്കും. വൈദ്യുത നിലയങ്ങളിലും സബ്സ്റ്റേഷനുകളിലും
മറ്റും കണ്ട്രോൾ സർക്യൂട്ടുകളിലും, ലോ വോൾട്ടേജ് സർക്യൂട്ടുകളിലും ഇത്തരം ഫ്യൂസുകളുപയോഗിയ്ക്കും.
കാട്രിഡ്ജുകൾ പ്രവർത്തനത്തിനു ശേഷം വീണ്ടും വയർ ചെയ്തുപയോഗിയ്ക്കാനാവാത്തതിനാൽ ഓരോ
പ്രാവശ്യവും കാട്രിഡ്ജടക്കം മാറേണ്ടി വരും. ഇതുമൂലം ഇവയുടെ പ്രവർത്തന ചെലവ് കൂടുതലാണ്.
എന്നാൽ ഇത്തരം ഫ്യൂസുകൾ നല്കുന്ന സംരക്ഷണവും സുരക്ഷിതത്വവുമായി താരതമ്യം ചെയ്യുമ്പോൾ
പ്രവർത്തന ചെലവിലെ വർദ്ധനവ് ന്യായീകരിയ്ക്കാവുന്നതാണ്.
HRC ഫ്യൂസ്, ചിത്രത്തിൽ ഫ്യൂസ് തുറന്ന നിലയിൽ കാണിച്ചിരിയ്ക്കുന്നു. കട്ടികൂടിയ ടെർമിനലുകളെ തമ്മിൽ ബന്ധിപ്പിച്ചിരിയ്ക്കുന്ന ചെറിയ തകിടുകളാണ് ഫ്യൂസ് എലമെന്റുകൾ |
ഡി.
ഓ. ഫ്യൂസുകൾ ( Drop out fuses – D.O Fuses) - ഇവ റീ വയറബിൾ ഫ്യൂസുകളുടെ ഗണത്തിലുള്ളവയാണ്.
11 കെവി, 33 കെ.വി മുതലായ വിതരണ ലൈനുകളുടേയും വിതരണ ട്രാൻസ്ഫോർമറുകളുടേയും സംരക്ഷണത്തിനായുപയോഗിയ്ക്കുന്നു.
ഫ്യൂസ് പ്രവർത്തിച്ചതായി ദൂരേ നിന്നും അറിയാനാകുന്നതും ഉയരത്തിൽ കയറാതെ തന്നെ ( ലൈനിൽ)
താഴെനിന്നും ഫ്യൂസ് മാറ്റിയിടാവുന്നതുമായ സംവിധാനം ഇത്തരം യൂണിറ്റുകളിലുണ്ടാകും. പ്രവർത്തനം
സാധാരണ ഫ്യൂസ് പോലെ തന്നെ.
എച്ച്
ജി ഫ്യൂസ് ( Horn gap Fuse – H.G. Fuse). ഇതും സാധാരണ ഫ്യൂസ് പോലെ പ്രവർത്തിയ്ക്കുന്നതാണ്.
വ്യത്യാസമെന്തെന്നു വച്ചാൽ തുറന്ന അവസ്ഥയിലുള്ള (Open fuse) ഇതിന്റെ ഫ്യൂസ് വയർ പരിപഥം
വിച്ഛേദിയ്ക്കുമ്പോളൂള്ള ആർക്കിനെ പെട്ടന്നില്ലാതാക്കാൻ ഇതിൽ ഒരു സംവിധാനമുണ്ടാകും
എന്നതാണ്. 11 കെ. വി മുതൽ, 66 കെ വി വരെ പ്രവർത്തിയ്ക്കുന്നു.
സാധാരണ
പരിപഥത്തിലെ കറണ്ടിനും മുകളിൽ കറണ്ടു ഒഴുകിയാലാണ് ഫ്യൂസ് പ്രവർത്തിച്ച് സർക്യൂട്ട്
വിച്ഛേദിയ്ക്കുക. അമിത ലോഡ്, ഷോർട്ട് സർക്യൂട്ട് മുതലായവയിൽ ഇപ്രകാരം കറണ്ടിന്റെ അളവു
കൂടുതലാകും. എന്നാൽ എർത്ത് ലീക്ക് അഥവാ എർത്ത് ഫാൾട്ടിൽ എല്ലായ്പ്പോഴും കറണ്ട് ഫ്യൂസിങ്ങ്
കറണ്ടിലെത്തണമെന്നില്ല. മിയ്ക്കപ്പോഴും സാധാരണ കറണ്ടിനും വളരെതാഴെയാകും കറണ്ട്. ഇതു
വളരെ അപകടകരമാകും. ഒരു ഉദാഹരണം കൊണ്ടു വിശദമാക്കാം.
നമ്മുടെ
വിതരണ വോൾട്ടേജ് സിംഗിൾ ഫേസിൽ 240 വോൾട്ടാണല്ലോ. ഫേസ് വയർ യാദൃശ്ചികമായി എർത്ത് വയറിനെ
അല്ലെങ്കിൽ എർത്ത് ചെയ്യപ്പെട്ട ലോഹഭാഗത്തിൽ മുട്ടി എന്നും കരുതുക. ഇങ്ങനെയുണ്ടാകുന്ന
പരിപഥത്തിന്റെ പ്രതിരോധം വളരെക്കുറവെങ്കിൽ ഫ്യൂസ് പ്രവർത്തിയ്ക്കും. എന്നാൽ സാധാരണ വീടുകളിലും മറ്റുമാകട്ടെ നിയമാനുസൃണം തന്നെ
എർത്ത് പ്രതിരോധം 8 ഓം ആണ്. ഈ സാഹചര്യത്തിൽ എർത്ത് ലീക്ക് കറണ്ട് =240/8= 30 ആമ്പിയറാകും.
പരിപഥത്തിലെ ഫ്യൂസ് 5 ആമ്പിയറിന്റെയൊക്കെയാണെങ്കിൽ ഫ്യൂസ് പോകും. എന്നാൽ അപകടകരമായ
സാഹചര്യമെന്തെന്നാ ഫ്യൂസ് വയർ പലപ്പോഴും 20 ഉം 30ഉം ആമ്പിയറൊക്കെ വന്നാലും അറിയുകപോലുമില്ലാത്തതരമാകും,
മാത്രവുമല്ല എർത്ത് പ്രതിരോധം 8 നു പകരം വളരെക്കൂടുതലുമാകും. ഇതു മൂലം എർത്ത് ലീക്ക്
കറണ്ട് വളരെക്കുറവാകും. ഫലമോ ഫ്യൂസ് പ്രവർത്തിയ്ക്കാതിരിയ്ക്കുകയും മനുഷ്യർക്കു ഷോക്കേല്ക്കുകയുമാൂം.
ആയതിനാൽ എർത്ത് ലീക്ക് ഫാൾട്ടുകൾക്ക് ഫ്യൂസുകൾ ഫലപ്രദമായ സംരക്ഷണോപാധികളല്ല.
ഫ്യൂസുകൾ
അവയുടെ ലാളിത്യം കൊണ്ടും വിശ്വാസ്യത കൊണ്ടും വിലക്കുറവു കൊണ്ടും വളെരെയധികം ഉപയോഗിയ്ക്കപ്പെടുന്നു.
ഷോർട്ട് സർക്യൂട്ടുകളിൽ നിന്നും ഒരു പരിധി വരെ ഓവർ ലോഡുകളിൽ നിന്നും ഫ്യൂസുകൾ സംരക്ഷണം
നല്കുന്നു. മോട്ടോറുകളുടേയും കണ്ട്രോൾ സർക്യൂട്ടുകളുടേയും സംരക്ഷണത്തിനായി എച്ച് ആർ
സി ഫ്യൂസുകൾ വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്. 11 കെവി ലൈനുകളുടേയും വിതരണ ട്രാൻസ്ഫോർമറുകളുടേയും
ലോ വോൾട്ടേജ് വിതരണ ലൈനുകളുടേയും (LT lines) സംരക്ഷണത്തിനായും ഫ്യൂസുകൾ ഉപയോഗപ്പെടുന്നു.
എച്ച് ആർ സി ഫ്യൂസുകൾ വിവിധ സ്വഭാവ സവിശേഷതകളോടു കൂടിയവ ലഭ്യമായതിനാൽ സാധാരണ റീ വയറബിൾ
ഫ്യൂസുകളേക്കാൾ അവ ധാരാളമായി വ്യവസായ ശാലകളിലും മറ്റും ഉപയോഗിച്ചു വരുന്നു.
സാമാന്യേന
ഒട്ടു മിയ്ക്കയിടങ്ങളിലും ഫ്യൂസുകൾ സംരക്ഷണത്തിനായുപയോഗിയ്ക്കുന്നുണ്ടെങ്കിലും അവയ്ക്കു
ചില പോരായ്മകളുണ്ട്. അവ.
1,
പ്രവർത്തനം താരതമ്യേന സാവധാനമാണ് ( Slow Operation).
2,
റീ വയറബിൾ ഫ്യൂസുകൾക്കു കൃത്യതയുറപ്പാക്കാനാവില്ല (Less accurate).
3,
ഓവർ ലോഡുകളിൽ സാവധാനം പ്രവർത്തിയ്ക്കുന്നതിനാൽ മോട്ടോറുകളും മറ്റും കൂടുതൽ സമയം ഓവർലോഡിനു
വിധേയമാകേണ്ടി വരാം.
4,
എർത്ത് ഫാൾട്ട് അഥവാ എർത്ത് ലീക്കുകളിൽ കറണ്ട് സാധാരണ കറണ്ടിലും കുറവായാൽ ഫ്യൂസ് പ്രവർത്തിയ്ക്കില്ല.
ഇത് അപകടകാരണമാകാം.
5,
എച്ച് ആർ സി ഫ്യൂസ് ഓരോ പ്രവർത്തനത്തിനു ശേഷവും മാറ്റിയിടേണ്ടതുണ്ട്, ഇതു ചെലവേറിയതാണ്.
6,
ഉന്നത വോൾട്ടതയും, ഉയർന്ന് ഫാൾട്ട് ലെവലുമുള്ളൈടത്ത് ഫ്യൂസുകൾ ഉപയോഗിയ്ക്കുക ബുദ്ധിമുട്ടാണ്.
7,
ട്രാൻസ്ഫോർമറുകളിലും, മോട്ടോറുകളിലുമുണ്ടാകുന്ന ചെറിയ ഇൻസുലേഷൻ തകരാറുകളിൽ ഫലപ്രദമായ
സംരക്ഷണം തരാൻ ഫ്യൂസിനാകില്ല.
ആയതിനാൽ
ഇത്തരം അവസരങ്ങളിൽ ഫ്യുസുകൾക്കു പകരം സർക്യൂട്ട് ബ്രേക്കറുകളും (Circuit breakers)
അതോടൊപ്പം റിലേകളും (Protection relays) ഉപയോഗിയ്ക്കുന്നു.
വിവിധതരം ഫ്യുസുകൾ
Re-wirable fuse |
HRC Fuse
HRC Fuse
HRC Fuse
ഇലക്ട്രോണിക് സർക്യൂട്ടുകളിലുപയോഗിയ്ക്കുന്ന ഗ്ലാസ്സ് ഫ്യൂസുകൾ |
👏👏👏
ReplyDelete