കൺട്രോൾ വയറിങ്ങുമായി ബന്ധപ്പെട്ട് മുൻ ലേഖനങ്ങൾ വായിയ്ക്കാൻ ഈ ലിങ്കുകളിൽ
കഴിഞ്ഞ പോസ്റ്റിൽ ട്രിപ് സർക്യൂട്ട് മനസ്സിലാക്കിയല്ലോ.
പ്രൊട്ടക്ഷൻ സംവിധാനങ്ങളിൽ വളരെ പ്രാധാന്യമുള്ള രണ്ടു സർക്യൂട്ടുകളാണ് പ്രൊട്ടക്ഷൻ
ഡി.സി. സർക്യൂട്ടും ട്രിപ് സർക്യൂട്ടും. കാരണം ഈ സർക്യൂട്ട് തകരാറിലായാൽ സർക്യൂട്ട്
ബ്രേക്കറിനെ ട്രിപ് ചെയ്യിയ്ക്കാൻ പറ്റാതെ വരും.
അതിനാൽ എല്ലാ സമയത്തും പ്രൊട്ടക്ഷൻ സർക്യൂട്ടിൽ ഡി.സി. സപ്ലേ ആവശ്യമായ വോൾട്ടേജിലുണ്ടെന്നുറപ്പാക്കണം.
അതു നിരന്തരം പരിശോധിയ്ക്കുകയും ഡി.സി. വോൾട്ടേജ് പരിധിയിൽ താഴെയായാൽ അപായ സൂചന (Alarm)
നല്കുകയും ചെയ്യുന്നതിനാണ് ഡി.സി. സൂപ്പർ വിഷൻ റിലേ( DC Supervision Relay) സ്ഥാപിച്ചിട്ടുള്ളത്. ഡി.സി സർക്യൂട്ടിൽ എന്തെങ്കിലും
തകരാറുകളുണ്ടായാൽ ഈ റിലേ ഉടനടി അലാം പ്രവർത്തിപ്പിയ്ക്കും.
അതുപോലെ തന്നെ ട്രിപ് സർക്യൂട്ട്. ട്രിപ്
സർക്യൂട്ടിൽ ധാരാളം ഉപകരണങ്ങളും കോണ്ടാക്ടുകളും എല്ലാമുണ്ടല്ലോ. ഈ കോണ്ടാക്ടുകളിലൂടെ
കയറി വേണാം ട്രിപ് സർക്യൂട്ടിൽ വൈദ്യുതിയെത്താൻ. ട്രിപ് സർക്യൂട്ടിൽ എവിടെയെങ്കിലും
ഒരു ഓപൺ സർക്യൂട്ടുണ്ടായാൽ ഫാൾട്ടുവരുന്ന സമയത്ത് റിലേ കൃത്യമായി പ്രവർത്തിച്ചാൽ പോലും
സർക്യൂട്ട് ബ്രേക്കർ പ്രവർത്തിയ്ക്കില്ല. അതിനാൽ ട്രിപ് സർക്യൂട്ട് എല്ലായ്പ്പോഴും
കൃത്യമായി പ്രവർത്തിയ്ക്കണം. കൂടാതെ ട്രിപ് കോയിലിനു തകരാറു വന്നാലും അല്ലെങ്കിൽ ട്രിപ്
കോയിലിനു ശ്രേണിയായി ചില ബ്രേക്കറുകളിലുള്ള പ്രതിരോധം ( Resistor) കേടായാലും സർക്യൂട്ട്
ഓപണാകാം. ( 33 കെ.വിയ്ക്കു മുകളിലുള്ള സർക്യൂട്ട് ബ്രേക്കറുകളിൽ രണ്ടു ട്രിപ് കോയിലുണ്ടാകും.
ഒരു സർക്യൂട്ട് തകരാറിലായാലും മറ്റേ സർക്യൂട്ട് പ്രവർത്തിയ്ക്കും). അപ്പോൾ ഈ ട്രിപ്
സർക്യൂട്ടിനെ നിരന്തരം നിരീക്ഷിച്ച് ( എപ്പോളാണ് ലൈനിലും മറ്റും ഫാൾട്ടുണ്ടാകുക എന്നു
പറയാനാകില്ലല്ലോ) ട്രിപ് സർക്യൂട്ട് തകരാറിലായാൽ അപ്പോൽ തന്നെ അതു പരിഹരിയ്ക്കേണ്ടതുണ്ട്.
ട്രിപ് സർക്യൂട്ടിന്റെ അവസ്ഥ മനസ്സിലാക്കാനായി ഉപയോഗിയ്ക്കുന്ന സംവിധാനമാണ് ട്രിപ്
സർക്യൂട്ട് സൂപ്പർവിഷൻ (Trip circuit supervision).
ട്രിപ് സർക്യൂട്ടിന്റെ നൈരന്തര്യം(continuity)
പരിശോധിയ്ക്കുകയാണ് ട്രിപ് സർക്യൂട്ട് സൂപ്പർവിഷൻ ചെയുന്നത്. ഇതിനായി ഒരു ചെറിയ അളവിലുള്ള
കരണ്ട് ട്രിപ് സർക്യൂട്ടിലൂടെ കടത്തി വിടും. ഈ കരണ്ടിന്റെ പ്രവാഹത്തിന് എന്തെങ്കിലും
തടസ്സമുണ്ടായാൽ അതു വഴി ട്രിപ് സർക്യൂട്ടിന്റെ തകരാർ തിരിച്ചറിഞ്ഞ് സൂചന നല്കും. കൂടുതൽ
മനസ്സിലാക്കാനായി ഏറ്റവും ലഘുവായ ഒരു സംവിധാനം താഴെക്കാണിച്ചിട്ടുണ്ട്.
ചിത്രം കാണുക. ഇവിടെ നാം മുൻ പോസ്റ്റിൽ
കണ്ടതുപോലെ ഒരു ട്രിപ് സർക്യൂട്ട് കാണിച്ചിട്ടുണ്ട്. അധികമായി ചേർത്തിട്ടുള്ളത് (അടിയിൽ)
ആണ് സൂപ്പർ വിഷൻ സർക്യൂട്ട്. അതിൽ ഒരു Normally Open പുഷ് ബട്ടൺ സ്വിച്ച്, ഒരു പ്രതിരോധം
(Resistance), ഒരു ബൾബ് എന്നിവ ശ്രേണീയായി (Series) ഘടിപ്പിച്ച് റിലേ ട്രിപ് കോണ്ടാക്ടിനു
സമാന്തരമായി ഘടിപ്പിച്ചിട്ടുണ്ട്. സർക്യൂട്ട് ബ്രേക്കർ ക്ലോസ് അവസ്ഥയിലാണെങ്കിൽ 52a, pressure switch contact എന്നിവയും ക്ലോസ്
ആയിരിയ്ക്കും. റിലേ ട്രിപ് കോണ്ടാക്ട്, ഓഫ് സ്വിച്ച് എന്നിവ ഓപണുമായിരിയ്ക്കും. ഇനി
ട്രിപ് സർക്യൂട്ടിന്റെ അവസ്ഥ നോക്കണമെങ്കിൽ പുഷ് ബട്ടൺ സ്വിച്ച് അമർത്തണം. അപ്പോൽ സ്വിച്ച്,പ്രതിരോധം,
ബൾബ് എന്നിവ വഴി ട്രിപ് സർക്യൂട്ട് പൂർണ്ണമാകും. ട്രിപ് സർക്യൂട്ടിൽ തടസ്സങ്ങളൊന്നുമില്ലെങ്കിൽ
( ഡി.സി ഉണ്ടെങ്കിൽ) ബൾബ് തെളിയുകയും ട്രിപ് സർക്യൂട്ടിൽ തകരാറില്ലെന്നു മനസ്സിലാകുകയും
ചെയ്യും. ഇനി ബൾബ് തെളിഞ്ഞില്ലെങ്കിലോ ഒന്നുകിൽ ഡി.സി ലഭ്യമല്ല അല്ലെങ്കിൽ ട്രിപ് സർക്യൂട്ട്
തകരാറ് എന്നു മനസ്സിലാക്കാം. രണ്ടായാലും ഉടൻ തന്നെ പരിഹരിയ്ക്കണം. ട്രിപ് സർക്യൂട്ട്
നല്ലതാണെങ്കിൽ പുഷ്ബട്ടൺ അമർത്തിപ്പിടിച്ചിരിയ്ക്കുവോളം ബൾബ് തെളിയുന്നതാണ്.
സാധാരണ ട്രിപ്പിങ്ങിനായി ട്രിപ് കോയിലിലൂടെ
പോകാവുന്ന കരണ്ടിന്റെ ചെറിയൊരംശം കരണ്ടു മാത്രമേ സൂപ്പർവിഷൻ സർക്യൂട്ടിലൂടെ എത്തുകയുള്ളൂ.
അതിനാൽ സൂപ്പർ വിഷൻ സർക്യൂട്ടിലുടെ അനാവശ്യമായി ബ്രേക്കർ ട്രിപ്പാകില്ല. ഏതെങ്കിലും
കാരണ വശാൽ ബൾബിൽ ഷോർട്ട് സർക്യൂട്ടുണ്ടായാലും പ്രതിരോധം സർക്യൂട്ടിലുള്ളതിനാൽ ട്രിപ്
കോയിലിലൂടെയുള്ള കരണ്ട് പരിധി വിടുകയില്ല.
മുകളിൽ കാണിച്ച സർക്യൂട്ടിനൊരു കുഴപ്പമുണ്ട്.
സർക്യൂട്ട് ബ്രേക്കർ ഓണായിക്കിടക്കുമ്പോൾ മാത്രമേ ഇതു വഴി ട്രിപ് സർക്യൂട്ടിന്റെ അവസ്ഥമനസ്സിലാകൂ.
ബ്രേക്കർ ഓണാക്കുന്നതിനു മുൻപേ ട്രിപ് കോയിൽ തകരാറാണെങ്കിൽ പോലും അത് ഓനാക്കിയ ശേഷമേ
തിരിച്ചറിയാനാകൂ. കാരണം ബ്രേക്കർ ഓഫായിരിയ്ക്കുമ്പോൾ 52a കോണ്ടാക്ട് ഓപ്പണാകുന്നതിനാൽ സൂപ്പർവിഷൻ സർക്യൂട്ട് പ്രവർത്തിയ്ക്കില്ല.
ഇത്തരം സർക്യൂട്ടിനെ പോസ്റ്റ്ക്ലോസ് സൂപ്പർ വിഷനെന്നു (Post close supervision) പറയുന്നു.
പോസ്റ്റ് ക്ലോസ് സൂപ്പർ വിഷൻ മാത്രമേയുള്ളൂയെങ്കിൽ ചിലപ്പോൽ ട്രിപ്പ് സർക്യൂട്ട് തകരാറിലായ
ബ്രേക്കർ പോലും അതു തിരിച്ചറിയാതെ ഓണാക്കാൻ സാധ്യതയുണ്ട്. ഓണാക്കുന്നതിനു മുന്നേ തന്നെ
അറിയുകയാണെങ്കിൽ തകരാർ പരിഹരിച്ചശേഷം ഓണാക്കം. എന്നാൽ ഓണാക്കിയ ശേഷമാണറിയുന്നതെങ്കിലോ?
അതിനൊരു പരിഹാരമാണ് പ്രീക്ലോസ് സൂപ്പർവിഷൻ (Pre close Supervision) കൂടെ ഉൾപ്പെടുത്തുക
എന്നത്. പോസ്റ്റ് ക്ലോസ് സൂപ്പർവിഷനും പ്രീക്ലോസ് സൂപ്പർ വിഷനും കൂടെ ഉൾപ്പെടുത്തിയ
സർക്യൂട്ട് താഴെ.
മുൻ സർക്യൂട്ടിൽ നിന്നും അധികമായി ഇവിടെ
ഒരു പുഷ്ബട്ടൺ സ്വിച്ച്, ഒരു പ്രതിരോധം എന്നിവ സർക്യൂട്ട് ബ്രേക്കറിന്റെ ഒരു NC ആക്സിലറി കോണ്ടാക്ടുമായി (52b) ശ്രേണിയാക്കി ട്രിപ് കോയിലിന്റെ സർക്യൂട്ടിലുള്ള
52a കോണ്ടാക്ടിനു സമാന്തരമായി വയർ ചെയ്തിരിയ്ക്കും.
രണ്ടാമത്തെ പുഷ്ബട്ടണും, ആദ്യത്തേതും ( പോസ്റ്റ് ക്ലോസിലുള്ളത്) ഒന്നിച്ച് പ്രവർത്തിയ്ക്കുന്നതാണ്.
ബ്രേക്കർ ഓഫായിരിയ്ക്കുമ്പോൽ പുഷ്ബട്ടൺ അമർത്തിയാൽ കരണ്ട് രണ്ടാമത്തെ പുഷ്ബട്ടൺ, രണ്ടാമത്തെ
പ്രതിരോധം NC-52b എന്നിവ വഴി ട്രിപ് കോയിലിലൂടെ
പോയി സർക്യൂട്ട് പൂർത്തിയാക്കും. അപ്പോൾ തകരാറില്ലെങ്കിൽ ബൾബ് തെളിയും അല്ലെങ്കിൽ തെളിയില്ല.
ബ്രേക്കർ ഓണായിക്കിടക്കുമ്പോൾ NC contact ഓപ്പണാകുന്നതിനാൽ പ്രീ ക്ലോസ് സർക്യൂട്ട്
ആ സമയം സർക്യൂട്ടിൽ നിന്നും മാറ്റപ്പെടും. ആ സമയം പോസ്റ്റ് ക്ലോസ് മാത്രമേ ആവശ്യമുള്ളൂ.
സർക്യൂട്ട് ബ്രേക്കറിൽ രണ്ടു ട്രിപ് സർക്യൂട്ടുണ്ടെങ്കിൽ
രണ്ടിനും ഇതുപോലെ സൂപ്പർ വിഷൻ ആവശ്യമുണ്ട്.
മുകളിലെ സർക്യൂട്ടിന് അല്ലെങ്കിൽ ആ സംവിധാനത്തിന്
ഒരു പോരായ്മയുണ്ട്. പുഷ്ബട്ടൺ അമർത്തുന്ന സമയത്തുമാത്രമേ ട്രിപ് സർക്യൂട്ടിന്റെ അവസ്ഥ
മനസ്സിലാക്കാനാകൂ. പുഷ്ബട്ടൺ അമർത്താത്തപ്പോൾ ട്രിപ് സർക്യൂട്ട് തകരാറിലാണെങ്കിലും
അല്ലെങ്കിലും അറിയാനാകില്ല. ഇടയ്ക്കിടെ ട്രിപ് സർക്യൂട്ടിലെ പുഷ്ബട്ടണമർത്തി നോക്കുകയാണ്
സാധാരണ ചെയ്യാറുള്ളത്. പക്ഷേ ഒരു പ്രാവശ്യം നോക്കിയശേഷം പിന്നീടു നോക്കുന്നതുവരെയുള്ള
സമയ ത്ത്
തകരാറുണ്ടായാൽ അറിയാനാകില്ല. മാത്രവുമല്ല ഇത് അലാമൊന്നും (Alarm) ഉണ്ടാക്കില്ല. സർക്യൂട്ട്
തകരാറില്ലാത്തതെങ്കിൽ ബൾബ് തെളിയും അത്രമാത്രം അതും പരിശോധിയ്ക്കുന്ന സമയത്ത് മാത്രം.
ഇതിനൊരു പരിഹാരമാണ്. ട്രിപ് സർക്യൂട്ട് സൂപ്പർവിഷൻ റിലേ (Trip circuit super
vision relay (95). ഇപ്പോ എല്ലാ പാനലുകളിലും
ഈ റിലേയാണ് ഉണ്ടാകാറ്. ഇത് നിരന്തരം ട്രിപ് സർക്യൂട്ടിനെ നിരീക്ഷിച്ച് തകരാറുണ്ടായാൽ
അലാം പുറപ്പെടുവിയ്ക്കും. ഒരു ട്രിപ് സർക്യൂട്ട് സൂപ്പർവിഷൻ റിലേയുടെ സർക്യൂട്ട് താഴെ.
ബൾബുപയോഗിച്ചുള്ള സർക്യൂട്ടിന്റെ ഒരു
വികസിത രൂപം മാത്രമാണീ സർക്യൂട്ടും. ആ സർക്യൂട്ട്യൂകൾ മനസ്സിലാക്കിയാൽ ഇതും എളുപ്പം
മനസ്സിലാക്കാം. ചിത്രത്തിൽ കുത്തുകളിട്ട ചതുരത്തിലുള്ളതാണ് റിലേ. ഇതിനു മൂന്നുകോയിലുകളുണ്ട്.
A
B C എന്നിവ. C കോയിലിനു രണ്ട് NO കോണ്ടാക്ടുകളും, ഒരു NC
കോണ്ടാക്ടും എങ്കിലുമുണ്ടാകും. മറ്റു രണ്ടു കോയിലുകൾക്കും ഓരോ NO കോണ്ടാക്ടുകളും ഉണ്ട്.
സർക്യൂട്ട് വിശദമായി നോക്കാം. C കോയിൽ ഓണാണെങ്കിൽ (കോയിലിലൂടെ കരണ്ടൊഴുകുന്നെങ്കിൽ)
അതിന്റെ NO കോണ്ടാക്ടുകൾ Close ആയിരിയ്ക്കുകയും NC കോണ്ടക്ട് Open ആയിരിയ്ക്കുകയും
ചെയ്യും. ഒരു NO വഴിയാണ് നമ്മുടെ ഇൻഡിക്കേഷൻ ബൾബ് വയർ ചെയ്തിട്ടുള്ളത്. അതിനാൽ C കോയിലിൽ കരണ്ടുണ്ടെങ്കിൽ ബൾബിലേയ്ക്ക് സപ്ലേ
എത്തുമെന്നും ബൾബ് തെളിയുമെന്നും മനസ്സിലാക്കാം. NC യാകട്ടെ ഒരു അലാമിനു ശ്രേണിയായി എ.സി.സ്രോതസ്സിലേയ്ക്കാണ് കണക്ട് ചെയ്തിട്ടുള്ളത്.
അതിനാൽ C കോയിലിലൂടെ വൈദ്യുതി ഇല്ലാത്തപ്പോൾ
NC കോണ്ടാക്ട് close ആയി അലാമിൽ വൈദ്യുതി
(എ.സി.) എത്തി അലാം പ്രവർത്തിയ്ക്കും.
ഇനി കോയിൽ C യിൽ വൈദ്യുതി എത്തണമെങ്കിലോ. കോയിൽ A യുടേയും B യുടേയും
NO കോണ്ടാക്ടുകൾ പരസ്പരം സമാന്തരമായി ബന്ധിപ്പിച്ച്
അതിനെ C യ്ക്കു ശ്രേണിയായ്ക്കി സപ്ലേയിൽ
കൊടുത്തിട്ടുണ്ട്. അതായത് കോയിൽ A യോ b യോ ഓണാണെങ്കിൽ C ഓണാകും. ഇനി A യിൽ വൈദ്യുതിയെത്തണമെങ്കിലോ?
A എന്നത് പോസ്റ്റ് ക്ലോസ് സർക്യൂട്ടിലാണ്.
ആ സർക്യൂട്ട് നോക്കുക.മുൻപത്തേതുപോലെ ഒരു പ്രതിരോധം ആ കോയിലിനു ശ്രേണിയാക്കി അവയെ റിലേ
കോണ്ടാക്ടിനു സമാന്തരമായാണ് വയറു ചെയ്യുക. അപ്പോൾ ട്രിപ് സർക്യൂട് തകരാറില്ലെങ്കിൽ
A യി കരണ്ടുണ്ടാകുകയും അതിന്റെ കോണ്ടാക്ട്
close ആകുകയും ചെയ്യും ( ബ്രേക്കർ ഓണായിരിയ്ക്കുമ്പോൾ) അതുവഴി C യ്ക്കു സപ്ലേ കിട്ടുകയും ബൾബ് തെളിയുകയും
ചെയ്യും. അലാമിനെ തടയുകയും ചെയ്യും. ഇനി ട്രിപ് സർക്യൂട്ട് തകരാറിലാണെങ്കിലോ അല്ലെങ്കിൽ
ഡി.സി.ഇല്ലെങ്കിലോ A യുടെ പരിപഥം പൂർത്തിയാകുകയുമില്ല
അതിനെ കോണ്ടാക്ട് Close ആകുകയുമില്ല. അപ്പോൾ C യ്ക്കു സപ്ലേ കിട്ടാതെ വരും .അതിനാൽ
ബൾബ് ഓഫാകുകയും അലാം പ്രവർത്തിയ്ക്കുകയും ചെയ്യു.
ഇനി ബ്രേക്കർ ഓഫാണെങ്കിൽ മുൻപത്തേതുപോലെ B കോയിലിന്റെ പരിപഥവും
പൂർത്തിയാകും. അപ്പോൾ അതിന്റെ കോണ്ടാക്ട് close ആയി C യിലേയ്ക്കു സപ്ലേ കിട്ടും. അപ്പോഴും
ട്രിപ് സർക്യൂട്ട് ഹെൽത്തി (Trip Circuit healthy) കാണിയ്ക്കും. ഓഫായിക്കിടക്കുമ്പോൽ
ട്രിപ് സർക്യൂട്ട് തകരാറിലായാൽ B യുടെ
പരിപഥം തടസ്സപ്പെടുകയും അലാം വരികയും ചെയ്യും. ഈ റിലേ എല്ലായ്പ്പോഴും ട്രിപ് സർക്യൂട്ടിനെ
നിരിക്ഷിച്ചുകൊണ്ടിരിയ്ക്കുന്നതിനാൽ ട്രിപ് സർക്യൂട്ടിലെപ്പോൽ തകരാറുണ്ടായാലും അലാം
വരും. അതിനാൽ തകരാർ അപ്പോൽ ത്തന്നെ അറിയാനാകും. ബ്രേക്കർ ഓഫ് ചെയ്യുന്ന നിമിഷവും സർക്യൂട്ടിൽ
ചെറി ഡിപ് ഉണ്ടാകുമ്പോഴുമൊക്കെ അലാം വരാതിരിയ്ക്കാനായി കോയിലുകൾക്ക് ചെറിയ ടൈം ഡിലെ
(Time delay) കൊടുത്തിട്ടുണ്ടാകും ( ഷേഡിങ്ങ് റി ങ്ങ് വഴി) അതിനാൽ വളരെപ്പെട്ടന്ന്
തകരാർ പരിഹരിയ്ക്കപ്പെട്ടാൽ ( ഡി.സി പോയി വരികയോ മറ്റോ) അലാം വരില്ല.
തുടരും......