Search This Blog

Thursday, June 6, 2019

CSP ട്രാൻസ്ഫോർമറുകൾ അഥവാ Completely Self Protected Transformer


വിതരണ ശൃംഖലയിലുപയോഗിയ്ക്കുന്ന (Distribution) പുതിയ തരം ട്രാൻസ്ഫോർമറാണ്‌ സി.എസ്.പി ട്രാൻസ്ഫോർമറുകൾ. സാധാരണ വിതരണ ട്രാൻസ്ഫോർമറുകളിൽ (Distribution transformers) നിന്നും ഭിന്നമായി ട്രാൻസ്ഫോർമറിനാവശ്യമായ സംരക്ഷണ ഉപകരണങ്ങൾ (Protective equipments) കൂടെ ട്രാൻസ്ഫോർമറിനോടൊപ്പം സ്ഥാപിച്ചിരിയ്ക്കുന്നു എന്നതാണിതിന്റെ പ്രത്യേകത. ഇത്തരം ട്രാൻസ്ഫോർമറുകളെ കുറിച്ച് ചെറുതായൊന്നു പരിചയപ്പെടാം



സാധാരണഗതിയിൽ വിതരണ ട്രാൻസ്ഫോർമറുകൾക്ക് ഹൈ വോൾട്ടേജ് (HV side) വശത്ത് DO ഫ്യൂസും, ഇടിമിന്നൽ രക്ഷാ കവചവുമാണ്‌ (Lightning Arrester – L.A.) നല്കാറുള്ളത്. ലോ വോൾട്ടേജ് വശത്താകട്ടെ സാധാരണ ഫ്യൂസുകളും നല്കുന്നു. ഫ്യൂസുകൾ ചിലപ്പോൾ കൃത്യമായി പ്രവർത്തിച്ചില്ലായെന്നു വരാം, അതുമല്ലെങ്കിൽ ഫ്യൂസ് കെട്ടാനുപയോഗിയ്ക്കുന്ന ഫ്യൂസ് വയർ ആവശ്യത്തിലധികം വണ്ണമുള്ളതായാൽ ഓവർ ലോഡുകളെ വേണ്ടവിധം തടയാനാകാതെയും വരും. LT ലൈനുകൾ നീളം കൂടിയവയാണെങ്കിൽ ചിലപ്പോൾ ലൈനുകളുടെ അവസാന ഭാഗങ്ങളിലുണ്ടാകുന്ന ഷോർട്ട് സർകീട്ടുകളെ (Short circuits) ഫ്യൂസുകൾ തിരിച്ചറിയാതെയിരിയ്ക്കുകയും അതു തുടരുകയും ചെയ്യാം. ഇങ്ങനെ ലൈനിലെ ഫാൾട്ട് അധിക സമയം തുടർന്നാൽ അത് ട്രാൻസ്ഫോർമറിനകത്തെ താപനില (winding & Oil Temperature) വർദ്ധിപ്പിയ്ക്കുകയും അത് ട്രാൻസ്ഫോർമറിനെ നശിപ്പിയ്ക്കുകയോ അല്ലെങ്കിൽ അതിന്റെ പ്രവർത്തന ആയുസ്സ് കുറയ്ക്കുകയോ ചെയ്യാം. സാധാരണ വിതരണ ട്രാൻസ്ഫോർമറുകൾക്കുപയോഗിയ്ക്കുന്ന ഫ്യൂസുകൾ ട്രാൻസ്ഫോർമറുകൾക്ക് ഓവർലോഡുകളിൽ നിന്നും ഫലപ്രദമായ സംരക്ഷണം നല്കാറില്ല. ഇതിനൊരു പരിഹാരമാണ്‌ ട്രാൻസ്ഫോർമറുകൾ. ഇവയിലാകട്ടെ വിതരണ ട്രാൻസ്ഫോർമറിനു വേണ്ട എല്ല സംരക്ഷ ഉപാധികളും ട്രാൻസ്ഫോർമറിനോടൊപ്പം ഫാക്ടറിയിൽ വച്ചു തന്നെ ഘടിപ്പിച്ചിരിയ്ക്കുന്നു.

ഘടന



ട്രാൻസ്ഫോർമറിന്റെ അടിസ്ഥാന ഘടന സാധാരണ വിതരണ ട്രാൻസ്ഫോർമറിനോടു സമാനമാണ്‌. ട്രാൻസ്ഫോർമർ കോറും വൈന്റിങ്ങുമെല്ലാം ട്രാൻസ്ഫോർമർ ഓയിൽ (TransfOrmer Oil) ഉള്ള ഒരു ടാങ്കിൽ ഇറക്കി വച്ചിരിയ്ക്കും. സാധാരണ വിതരണ ട്രാൻസ്ഫോർമറുകളെപ്പോലെ ഇവയ്ക്ക് കൺസർവേറ്റർ, ബ്രീത്തർ എന്നിവയുണ്ടാകില്ല. പുറമേ നിന്നും വായുവോ, ഈർപ്പമോ, പൊടിയോ ഒന്നും കയറാത്ത വിധം ടാങ്ക് പൂർണ്ണമായും അടച്ച് ഭദ്രമാണ്‌ (Copmletely sealed). ട്രാൻസ്ഫോർമർ ചൂടാകുമ്പോൾ എണ്ണയുടെ വികാസത്തിനായി ടാങ്കിനുള്ളിൽത്തന്നെ സ്ഥലമുൾക്കൊള്ളിച്ചിരിയ്ക്കുന്നു. ഈ ഭാഗത്ത് കുറഞ്ഞ മർദ്ദത്തിൽ നൈട്രജൻ (Nitrogen) വാതകം നിറച്ചിരിയ്ക്കും. ഏതെങ്കിലും കാരണവശാൽ ടാങ്കിനുള്ളിലെ മർദ്ദം അത്യധികമായാൽ തുറന്നു വിടാൻ ടാങ്കിനു മുകളിൽ

പ്രഷർ റിലീസ് ഡെവൈസുമുണ്ട് (Pressure release Device).

ലോ വോൾട്ടേജ് സൈഡിലെ സംരക്ഷണം

ലോ വോൾട്ടേജ് സൈഡിൽ സാധാരണ വിതരണ ട്രാൻസ്ഫോർമറുകൾക്ക് ഫ്യൂസാണല്ലോ ഉണ്ടാകുക. എന്നാൽ CSP ട്രാൻസ്ഫോർമറുകൾക്കാകട്ടെ ഒരു സർക്യൂട്ട് ബ്രേക്കറാണുണ്ടാകുക (Circuit breaker). സർക്യൂട്ട് ബ്രേക്കറിനെ ട്രാൻസ്ഫോർമർ ടാങ്കിനകത്തു തന്നെ ക്രമീകരിച്ചിരിയ്ക്കുന്നു. ഈ സർക്യൂട്ട് ബ്രേക്കർ ഓവർലോഡിനും, ഷോർട്ട് സർക്യൂട്ടിനും പ്രവർത്തിയ്ക്കുന്നു. ബൈമെറ്റാലിക് സ്ട്രിപ്പുകളുടെ (Bimetalic strips) സഹായത്താലാണ്‌ ഓവർലോഡ് സംരക്ഷണം സാധ്യമാക്കുന്നത്. ബൈമെറ്റാലിക് സ്ട്രിപ്പുകൾ ട്രാൻസ്ഫോർമറിനു മുകളിലായി വരത്തക്കവിധം ഓയിലിലാണ്‌ സ്ഥാപിച്ചിട്ടുള്ളാത്. കൂടാതെ സെക്കന്ററി കറണ്ട് ഈ സ്ട്രിപ്പുകളിലൂടെ കടന്നു പോകുന്നു.
നീണ്ടു നില്ക്കുന്ന ഓവർലോഡുകൾ ട്രാൻസ്ഫോർമറിനെ ചൂടാക്കുമെന്നു പറഞ്ഞല്ലോ, ട്രാൻസ്ഫോർമർ ഓയിലും അതോടൊപ്പം ചൂടാകും. ഓയിലിന്റെ താപനില ഒരു പരിധിവിട്ടു വർദ്ധിയ്ക്കുമ്പോൾ (കൂടാതെ ബൈമെറ്റാലിക് സ്ട്രിപ്പും കൂടിയ കറണ്ടു മൂലം ചൂടാകും) ബൈമെറ്റാലിക് സ്ട്രിപ്പ് സർക്യൂട്ട് ബ്രേക്കറിനെ പ്രവർത്തിപ്പിച്ച് സർക്യൂട്ട് വിച്ഛേദിയ്ക്കും (Thermal Tripping). ഇതുമൂലം ട്രാൻസ്ഫോർമർ ഓവർലോഡിൽ നിന്നും മുക്തമാകുകയും, കൂടുതൽ ചൂടാകുന്നത് ഒഴിവാകുകയും ചെയ്യും.
സർക്യൂട്ട് ബ്രേക്കർ പ്രവർത്തിച്ചു എന്നറിയിയ്ക്കാൻ ഒരു സിഗ്നൽ ലൈറ്റ് (Indicating Signal light) ട്രാൻസ്ഫോർമർ ടാങ്കിനോട് ചേർന്ന് വെളിയിലായി സ്ഥാപിച്ചിട്ടുണ്ട്. ബ്രേക്കർ ട്രിപ്പായാൽ ഇതിൽ ചുവപ്പു ലൈറ്റ് തെളിയും
സർക്യൂട്ട് ബ്രേക്കറിനെ ഓൺ ചെയ്യുന്നതിനും ആവശ്യാനുസരണം പ്രവർത്തിപ്പിയ്ക്കുന്നതിനും ഒരു മെക്കാനിക്കൽ സംവിധാനം(ലിവർ) പുറത്തേയ്ക്കു സ്ഥാപിച്ചിട്ടുണ്ട്. ഓവർലോഡിനു കാരണമായ സാഹചര്യം മാറ്റിയശേഷം ഈ ലിവറുപയോഗിച്ച് സർക്യൂട്ട് ബ്രേക്കർ വീണ്ടും ഓണാക്കാവുന്നതാണ്‌. ഓവർലോഡ് മാറ്റിയിട്ടില്ലെങ്കിൽ വീണ്ടും ട്രിപ്പാകും.
ഷോർട്ട് സർക്യൂട്ട് ഫാൾട്ടുകൾക്ക് വളരെ വേഗത്തിൽ ബ്രേക്കറിനെ ട്രിപ്പാക്കുന്നതിനായി മാഗ്നറ്റിക് ട്രിപ്പിങ്ങ് ( Magnetic tripping) സംവിധാനവും ബ്രേക്കറിനൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
കുറച്ചു കാലത്തേയ്ക്ക് വേണമെങ്കിൽ ഓവർലോഡ് സംരക്ഷണത്തെ ഒഴിവാക്കാനാകും വിധം എമർജൻസി സംവിധാനവും ട്രാൻസ്ഫോർമറിനൊപ്പമുണ്ട്.
LOW VOLTAGE CIRCUIT BREAKER
ഇങ്ങനെ സെക്കന്ററി വശത്തുള്ള എല്ലാ ഫാൾട്ടുകളിൽ നിന്നും കൃത്യമായി ട്രാൻസ്ഫോർമറിനെ സംരക്ഷിയ്ക്കാനുള്ള ഉപാധികൾ ഇതിനുണ്ട്.

ഹൈവോൾട്ടേജ് വശം – H.V Side – Primary side.

സാധാരണ വിതരണ ട്രാൻസ്ഫോർമറുകൾക്ക് പ്രൈമറിയിൽ D.O ഫ്യൂസ് ആണല്ലോ നല്കാറ്‌. ഇതും കൃത്യത നല്കാറില്ല. CSP ട്രാൻസ്ഫോർമറുകളിലാകട്ടെ പ്രൈമറി വശത്ത് ട്രാൻസ്ഫോർമറിനകത്തു തന്നെയുള്ള ഫ്യൂസ് ലിങ്കാണുള്ളത് (Fuse link). ട്രാൻസ്ഫോർമറിനകമേ ഉണ്ടാകുന്ന ഫാൾട്ടുകളിൽ നിന്നുമീ ഫ്യൂസ് സംരക്ഷണം നല്കുന്നു. ഹൈ വോൾട്ടേജ് ബുഷിങ്ങുകൾക്കുള്ളീലാണ്‌ (H.V. Bushings) ഈ ഫ്യൂസുകൾ സ്ഥാപിച്ചുട്ടുള്ളത്. ഏതെങ്കിലും കാരണവശാൽ ഈ ഫ്യൂസ് പ്രവർത്തിയ്ക്കേണ്ടിവന്നാൽ അത് മാറ്റിയിടുന്നതിന്‌ ബുഷിങ്ങ് അഴിയ്ക്കേണ്ടതുണ്ട്. എന്നാൽ സെക്കന്ററിയിലെ സർക്യൂട്ട് ബ്രേക്കർ സെക്കന്ററിയിലെ എല്ലാ ഫാൾട്ടുകളേയും തിരിച്ചറിഞ്ഞ് പ്രൈമറിയിലെ ഫ്യൂസിനേക്കാൾ മുമ്പേ പ്രവർത്തിയ്ക്കാനാകും വിധം ക്രമീകരിച്ചിരിയ്ക്കുന്നതിനാൽ പ്രൈമറിയിലെ ഫ്യൂസ് വളരേ അപൂർവ്വമായേ മാറ്റേണ്ടി വരൂ, അതും ട്രാൻസ്ഫോർമറിനകത്തുണ്ടാകുന്ന തകരാ​‍ൂകൾക്ക് മാത്രമാണവ പ്രവർത്തിയ്ക്കുന്നത്.
HV Side Fuse Links

 

ലൈറ്റ്നിങ്ങ് അറസ്റ്ററുകൾ- Lightning Arrestors – L.A..


ഹൈ വോൾട്ടേജ് വശത്തെ ലൈറ്റ്നിങ്ങ് അറസ്റ്ററുകൾ (L.A.) ട്രാൻസ്ഫോർമർ ടാങ്കിനു മുകളിൽ തന്നെ സ്ഥാപിച്ചിരിയ്ക്കുന്നു. ഹൈവോൾട്ടേജ് ബുഷിങ്ങുമായി വളരെ അടുത്തിരിയ്ക്കുന്നതിനാലും, ലൈറ്റ്നിങ്ങ് അറസ്റ്ററിന്റെ എർത്ത്കണക്ഷൻ ടാങ്കിൽ തന്നെകണക്ട് ചെയ്യുന്നതിനാലും ഇടമിന്നലിൽ നിന്നും പരമാവധി സംരക്ഷണം ഉറപ്പാക്കുന്നു.

സി എസ് പി ട്രാൻസ്ഫോർമറുകളുടെ മേന്മകൾ

1,കുറഞ്ഞ വില

എല്ലാത്തരം സംരക്ഷണ ഉപകരണങ്ങളും ട്രാൻസ്ഫോർമറിനോടൊപ്പ്ം ഉള്ളതിനാൽ ഒരു വിതരണ ട്രാൻസ്ഫോർമർ സ്റ്റേഷന്റെ ചെലവു കുറവാകും

2,കുറഞ്ഞ സ്ഥാപിയ്ക്കൽ സമയം.

എല്ലാം ഒറ്റ യൂണിറ്റായതിനാൽ വളരെ വേഗം സ്ഥാപിയ്ക്കാം

3,ട്രാൻസ്ഫോർമറുകളുടെ സുരക്ഷയും ആയുസ്സും

നീണ്ടുനില്ക്കുന്ന ഓവർലോഡുകളെ ഫലപ്രദമായി തടയുന്നതിനാൽ ഇത്തരം ട്രാൻസ്ഫോർമറുകൾ സുരക്ഷിതമാണ്‌. ഓവർലോഡു മൂലമുള്ള അമിതമായ ചൂടാകൽ ഒഴിവാകുന്നതിനാൽ ട്രാൻസ്ഫോർമർ തീ പിടിയ്ക്കാനും പൊട്ടിത്തെറിയ്ക്കാനുമുള്ള സാധ്യത ഒഴിവാകുന്നു.അമിതമായി ചൂടാകുന്നത് തടയുന്നതിനാൽ ട്രാൻസ്ഫോർമറുകളുടെ ആയുസ്സു കൂടുന്നു. കൂടാതെ പൂർണ്ണമായു അടച്ചു സീൽ ചെയ്തിരിയ്ക്കുന്നതിനാൽ ട്രാൻസ്ഫോർമർ ഓയിലിൽ ഈർപ്പം, പൊടി മുതലായവ കയറുന്നതൊഴിവാകുകയും ഓയിൽ ചീത്തയാകാതെ കാക്കുകയും ചെയ്യും. ഇതും ആയുസ്സു വർദ്ധിപ്പിയ്ക്കും.