ട്രാൻസ്ഫോർമറിന്റെ
താപവിസരണം ( Heat dissipation ) വർദ്ധിപ്പിയ്ക്കുവാൻ ടാങ്കിന്റെ ഉപരിതല വിസ്തീർണ്ണം
വർദ്ധിപ്പിയ്ക്കുന്നതിനായി ഘടിപ്പിയ്ക്കുന്ന അനുബന്ധ ഉപകരണമാണ് റേഡിയേറ്ററുകൾ അഥവാ
കൂളറുകൾ. ചെറിയ വിതരണ ട്രാൻസ്ഫോർമറുകളിൽ കുഴലുകളുടെ രൂപത്തിലും ( Cooling tubes ) വലിയവയിൽ
കനം കുറഞ്ഞ തകിടുകളാൽ നിർമ്മിച്ച (pressed-steel radiators ) പരന്ന എണ്ണപാതകളുടെ രൂപത്തിലും ഇവ നിർമ്മിയ്ക്കുന്നു.
ചൂടുപിടിച്ച എണ്ണ കൂളറിലൂടെ സഞ്ചരിയ്ക്കുമ്പോൾ അന്തരീഷത്തിലേയ്ക്കു താപത്തെ പ്രവഹിപ്പിച്ച്
തണുക്കുന്നു. ഇതിനായി പ്രതലവിസ്തീർണ്ണം വർദ്ധിപ്പിയ്ക്കുന്നതിനായി കൂളറുകളിൽ ധാരാളം
മടക്കുകൾ ( Foldings ) ഉണ്ടാകും. വിതരണ ട്രാൻസ്ഫോർമറുകളിൽ കൂളറുകൾ ട്രാൻസ്ഫോർമർ ടാങ്കിലോട്
നേരെ വെൽഡ് ( weld ) ചെയ്തുപിടിപ്പിയ്ക്കുന്നു. എന്നാൽ വലിയ ട്രാൻസ്ഫോർമറുകളിൽ കൂളറുകൾ
വേറെ ഘടകമായി ട്രാൻസ്ഫോർമർ ടാങ്കുകളിലെ ദ്വാരമുഖത്ത് വെൽഡ് ചെയ്തു ഘടിപ്പിച്ചിട്ടുള്ള
ഫ്ലാഞ്ചുകളിൽ ( Flange ) ബോൾട്ടുപയോഗിച്ച് പിടിപ്പിയ്ക്കുന്നു. ഇതുമൂലം വാഹനങ്ങളിൽ
ട്രാൻസ്ഫോർമർ കൊണ്ടുപോകുമ്പോൾ കൂളറുകൾ അഴിച്ച് ട്രാൻസ്ഫോർമർ വലുപ്പം കുറച്ചു കൊണ്ടുപോകാവുന്നതാണ്.
ഒരു ട്രാൻസ്ഫോർമറിനു തന്നെ ടാങ്കിനിരുവശത്തുമായി ഒന്നിലധികം കൂളറുകളൂണ്ടാകും. കൂളറുകൾ
ട്രാൻസ്ഫോർമർ ടാങ്കിൽ ഘടിപ്പിയ്ക്കുന്നിടത്ത് കൂളറുകളിലേയ്ക്കുള്ള എണ്ണ പ്രവാഹം പൂട്ടിവയ്ക്കേണ്ടിവന്നാലതിനായി
വാൽവുകൾ ( cooler shut off valves ) ഘടിപ്പിയ്ക്കുന്നു. ഒരു സെറ്റ് കൂളറിന് രണ്ടു
വാൽവു വീതം ഉണ്ടാകും. ചിത്രം കാണുക. ട്രാൻസ്ഫോർമറിന്റെ ഏതെങ്കിലുമൊരു കൂളർ അഴിച്ചെടുക്കേണ്ടി
വന്നാൽ അതിലേയ്ക്കുള്ള എണ്ണപ്രവാഹം മാത്രം വാൽവുപയോഗിച്ച് തടസ്സപ്പെടുത്തി കൂളർ അഴിച്ചെടുക്കാവുന്നതാണ്.
ഇതിനായി ട്രാൻസ്ഫോർമറിന്റെ മുഴുവൻ എണ്ണയും ചോർത്തേണ്ടി വരില്ല.
ONAN
രീതിയിൽ പ്രവർത്തിയ്ക്കുന്ന ട്രാൻസ്ഫോർമറുകൾക്ക് കൂളറുകളിൽ ഫാനുകൾ ഘടിപ്പിയ്ക്കാറില്ല.
എന്നാൽ ONAF രീതിയുപയോഗിയ്ക്കുന്നവയിൽ ട്രാൻസ്ഫോർമർ കൂളറുകളിൽ തണുപ്പിയ്ക്കൽ പങ്കകൾ
( cooling fans ) ഘടിപ്പിയ്ക്കുന്നു. ട്രാൻസ്ഫോർമറിന്റെ താപനില തിരിച്ചറിഞ്ഞ് ഫാനുകളെ
പ്രവർത്തിയ്ക്കാനായുള്ള സംവിധാനം ONAF രീതിയുപയോഗിയ്ക്കുന്ന ട്രാൻസ്ഫോർമറുകൾക്കുണ്ടാകും. ട്രാൻസ്ഫോർമറുകളുടെ വലുപ്പത്തിനനുസരിച്ച് രണ്ടോ
നാലോ ആറോ പങ്കകൾ ( cooling fans ) ഒരു ട്രാൻസ്ഫോർമറിനുണ്ടാകും.
ഈ പങ്കകൾ വൈദ്യുതിയുപയോഗിച്ച് പ്രവർത്തിയ്ക്കുന്നവയാണ്. ചില ട്രാൻസ്ഫോർമറുകളിൽ പങ്കകൾ
ട്രാൻസ്ഫോർമർ കൂളറിന്റെ അടിയിൽ സ്ഥാപിയ്ക്കുന്നു. ഇതുവഴി അടിയിൽ നിന്നും തണുത്ത വായുവിനെ
കൂളർ ഫിന്നുകൾക്കിടയിലൂടെ ( cooler fins ) മുകളിലേയ്ക്കു പ്രവഹിപ്പിയ്ക്കാവുന്നതാണ്.
എനാൽ ചില ട്രാൻസ്ഫോർമറുകളിൽ പങ്കകൾ കൂളറിന്റെ വശങ്ങളിൽ സ്ഥാപിയ്ക്കുന്നു. സാധാരണഗതിയിൽ
മൂന്നു ഫേസ് സ്രോതസ്സിൽ ( Three phase source ) നിന്നും പ്രവർത്തിയ്ക്കുന്ന മോട്ടോറുകളാണ്
തണുപ്പിയ്ക്കൽ പങ്കകൾക്കുപയോഗിയ്ക്കുന്നത്. മിയ്ക്കവാറും ട്രാൻസ്ഫോർമറുകളിൽ ട്രാൻസ്ഫോർമർ
താപനില 60 ഡിഗ്രിയ്ക്കു മുകളിലാവുമ്പോൾ ഫാനുകൾ തനിയേ ഓണാകുന്നു. ONAN രീതിയിൽ നിന്നും ONAF രീതിയിലേയ്ക്കു മാറുമ്പോൾ
ട്രാൻസ്ഫോർമറിന്റെ ശേഷി 25 ശതമാനം വർദ്ധിയ്ക്കും.
ട്രാൻസ്ഫോർമർ
കൂളിംഗ് ഫാൻ
ഇടത്തരം
ട്രാൻസ്ഫോർമറുകളിൽ കൂളറുകൾ ട്രാൻസ്ഫോർമർ ടാങ്കിനോട് ചേർന്നാണ് സ്ഥാപിയ്ക്കുന്നതെങ്കിലും
വലിയ ട്രാൻസ്ഫോർമറുകൾക്ക് കൂളറുകൾ ട്രാൻസ്ഫോർമറിൽ നിന്നും അൽപ്പം മാറി പ്രത്യേക ഭാഗമായാണ്
സ്ഥാപിയ്ക്കുക ( Separately mounted cooler banks ). വലിയ ട്രാൻസ്ഫോർമറിന്റെ കൂളറിന്റെ
ഭാരം മുഴുവനും ടാങ്കിൽ വരാതിരിയ്ക്കാനാണിത്. കൂളർ സംവിധാനം മുഴുവനായും അതിനായി നിർമ്മിച്ച്
തറയിൽ സ്ഥാപിയ്ക്കുന്നു. ട്രാൻസ്ഫോർമർ ടാങ്കും കൂളറും തമ്മിൽ കുഴലുകളാൽ ബന്ധിപ്പിച്ചിരിയ്ക്കും,
കുഴലുകളിൽ ആവശ്യാനുസരണം വാൽവുകളും ഉണ്ടാകും. ട്രാൻസ്ഫോർമറിന്റെ പ്രവർത്തനസമയത്തുണ്ടാകുന്ന
വിറയൽ ( vibrations ) എണ്ണക്കുഴൽ വഴി കൂളർ
സംവിധാനത്തിലേയ്ക്കു പകരാതിരിയ്കാൻ എണ്ണക്കുഴലിൽ ലോഹബെല്ലോകളുണ്ടാകും ( metallic
bellows ). OFAF രീതിയുപയോഗിയ്ക്കുന്ന ട്രാൻസ്ഫോർമറുകളിൽ എണ്ണ പ്രവാഹം വർദ്ധിപ്പിയ്ക്കുന്നതിനായി
എണ്ണ പമ്പുകളുണ്ടാകും (oil pumps ). ഒരു ട്രാൻസ്ഫോർമറിനു ഒന്നോ രണ്ടോ പമ്പുകൾ സാധാരണമാണ്. പമ്പുകൾ താപനിലയ്ക്കനുസരിച്ച് പ്രവർത്തിപ്പിയ്ക്കുന്നു.
ടാങ്കിലേയോ കൂളറുകളിലേയോ എണ്ണ താഴ്താതെ തന്നെ പമ്പുകൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചുമാറ്റാനാകും
വിധം പമ്പുകളുടെ ഇരു വശത്തും വാൽവുകളുണ്ടാകും. എണ്ണപ്രവാഹത്തിന്റെ തീവ്രത സൂചിപ്പിയ്ക്കാനായി
കൂളറും ട്രാൻസ്ഫോർമറും തമ്മിൽ ഘടിപ്പിയ്ക്കുന്ന കുഴലിൽ എണ്ണ പ്രവാഹതീവ്രതാ സൂചകങ്ങളും
( Oil flow indicators ) ഉണ്ടാകും.
കൂളറുകൾക്കും ടാങ്കിനുമിടയിൽ ഘടിപ്പിയ്ക്കുന്ന
എല്ലാ വാൽവുകളും ബട്ടർഫ്ലൈ വാൽവുകളായിരിയ്ക്കും
( Butterfly valves). മറ്റെല്ലായിടത്തും സാധാരണ ഗേറ്റ് വാൽവുകളായിരിയ്ക്കും (
Gate valves ) ഉണ്ടാകുക. ബട്ടർഫ്ലൈ വാൽവുകൾ നിരന്തരമായ അടയ്ക്കൽ തുറക്കൽ ജോലികൾക്കു
യോജിച്ചതല്ല. എന്നാൽ വളരെക്കുറഞ്ഞ സ്ഥലത്ത് സ്ഥാപിയ്ക്കാനാവും.
പ്രത്യേകമായി
സ്ഥാപിച്ചിട്ടുള്ള കൂളർ സംവിധാനം
എണ്ണ
പമ്പ് ( Oil pump )
എണ്ണ
പ്രവാഹ സൂചകം ( Oil flow indicator )