ഓയിൽ
നിറച്ച ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനത്തിനായി ഒട്ടേറെ അനുബന്ധ ഉപകരണങ്ങളും ഘടകങ്ങളും
ആവശ്യമാണ്. ഉയർന്ന വോൾട്ടതയുള്ള ട്രാൻസ്ഫോർമറുകൾക്ക് വളരെയധികം ഘടകങ്ങളത്യാവശ്യമാണ്.
ഒരു ട്രാൻസ്ഫോർമറിന്റെ ചിത്രം താഴെകാണിച്ചിരിയ്ക്കുന്നു. പ്രധാനപ്പെട്ട അനുബന്ധ ഉപകരണങ്ങൾ
അടയാളപ്പെടുത്തിയിട്ടുണ്ട്.അവ ഒന്നൊന്നായി പരിചയപ്പെടാം.
1, ട്രാൻസ്ഫോർമർ ടാങ്ക്. ( Transformer tank )
ബോയിലർ
തകിടിനാൽ ( Boiler plate ) നിർമ്മിതമായ ടാങ്കുകളിലാണ് ട്രാൻസ്ഫോർമർ ഇറക്കി വയ്ക്കുന്നത്.
ട്രാൻസ്ഫോർമർ കോറും വൈന്റിങ്ങും, ട്രാൻസ്ഫോർമർ
എണ്ണയും ടാങ്കിലുൾക്കൊള്ളുന്നു. ചെറിയ ട്രാൻസ്ഫോർമറുകൾക്കും ഇടത്തരം ട്രാൻസ്ഫോർമറുകൾക്കും
ടാങ്ക് മുകൾ വശത്തെ അടപ്പൊഴിച്ച് ( Top cover ) ബാക്കി ഭാഗങ്ങൾ ഒറ്റ ഘടകമായി വെൽഡ്
ചെയ്തെടുക്കുന്നു. മുകൾ വശത്തെ അടപ്പ് ടാങ്കിന്റെ മുകൾവശത്ത് ടാങ്കിനു ചുറ്റുമുള്ള
ഫ്ലാഞ്ചുകളുടെ സഹായത്താൽ നട്ടും ബോൾട്ടുമുപയോഗിച്ചു മുറുക്കുന്നു. മുകൾ അടപ്പ് ആവശ്യാനുസാരം
അഴിച്ചുമാറ്റാനാകുന്ന വിധം നിർമ്മിയ്ക്കുന്നതിനാൽ അധികം എണ്ണ ചോർത്താതെ തന്നെ ട്രാൻസ്ഫോർമർ
തുറക്കുവാനും കോറും വൈന്റിങ്ങും പരിശോധനകൾക്കായി ഉയർത്തി പുറത്തെടുക്കുവാനും എളുപ്പം
സാധിയ്ക്കും. എന്നാൽ വളരെ വലിയ ട്രാൻസ്ഫോർമറുകളിൽ
കോറും വൈന്റിങ്ങും വളരെ ഭാരിച്ചതായതിനാൽ അതുയർത്തി പരിശോധന നടത്തുന്നതിനുപകരം എണ്ണ
താഴ്തി കോറും വൈന്റിങ്ങും പരിശോധിയ്ക്കാനാവുന്ന വിധം ടാങ്കിന്റെ വശങ്ങൾ ഉയർത്തിമാറ്റാൻ
സഹായകരമാകും വിധം വലിയ ട്രാൻസ്ഫോർമറുകളിൽ ടാങ്കിന്റെ അടിഭാഗവും വശങ്ങളും വേറെ വേറെ
ഭാഗമായി നിർമിച്ച് പരസ്പരം ചേർത്തു മുറുക്കുകയാണ് ചെയ്യുന്നത്. ഔട്ട്ഡോർ ആവശ്യത്തിനുപയോഗിയ്ക്കുന്ന
ട്രാൻസ്ഫോർമറുകളുടെ മുകൾ അടപ്പ് മഴവെള്ളം എളുപ്പം വാർന്നു പോകാൻ സഹായകരമാകുന്ന വിധം
അൽപ്പം ചെരിവു നൽകിയാണ് ഘടിപ്പിയ്ക്കുക.
മറ്റനുബന്ധ
ഉപകരണങ്ങൾ, കൂളറുകൾ, ബുഷിങ്ങുകൾ, എണ്ണ നിറയ്ക്കുന്നതിനും ചോർത്തുന്നതിനുമായ വാൽവുകൾ
( oil filling and draining valves ) മുതലായവ ടാങ്കിലാണു ഘടിപ്പിയ്ക്കുന്നത്. ടാങ്കിന്റെ
ഉൾവശം എണ്ണയുമായി പ്രതിപ്രവർത്തനം നടത്താത്ത പെയിന്റു പൂശിയിരിയ്ക്കും. പുറം ഭാഗം എളുപ്പം
ചൂടു പുറത്തു വിടുന്ന തരം പെയിന്റും പൂശിയിരിയ്ക്കും. പാളങ്ങളിലൂടെ ( Rails ) വലിച്ചു
നീക്കാനാകും വിധം ട്രാൻസ്ഫോർമർ ടാങ്കിന്റെ അടിയിൽ ഉരുക്കു ചക്രങ്ങൾ ( steel
rollers ) ഘടിപ്പിയ്ക്കുന്നു. ട്രാൻസ്ഫോർമറിന്റെ ഉൾവശത്തെ വിവിധഭാഗങ്ങൾ, കണക്ഷനുകൾ
എന്നിവ ആവശ്യാനുസാരം തുറന്നു പരിശോധിയ്ക്കുന്നതിനായി ടാങ്കിൽ പരിശോധനാ അടപ്പുകൾ (
inspection covers ) പിടിപ്പിച്ചിരിയ്ക്കും. ഇതുമൂലം ട്രാൻസ്ഫോർമറിന്റെ മുകൾ അടപ്പും
മറ്റു അനുബന്ധ ഘടകങ്ങളും മുഴുവനായി അഴിയ്ക്കാതെതന്നെ ട്രാൻസ്ഫോർമറിന്റെ പ്രധാനഭാഗങ്ങൾ
പരിശോധിയ്ക്കാനാകുന്നു. ട്രാൻസ്ഫോർമർ ടാങ്കിന്റെ വിവിധഭാഗങ്ങളും അനുബന്ധ ഘടകങ്ങളും
അടപ്പുകളും പരസ്പരം ടാങ്കിനോട് ബോൾട്ടുപയോഗിച്ച് മുറുക്കുന്നു. ചേർപ്പുകളിൽ എണ്ണ ചോർച്ച
( oil leak ) ഉണ്ടാകാതിരിയ്ക്കാനായി ചേർപ്പുകളിൽ (Joints) കോർക്കുപാളിയോ ( cork sheet ) റബ്ബറോ കൊണ്ടുള്ള ഗാസ്കറ്റുകൾ (
gaskets ) വയ്ക്കുന്നു. ട്രാൻസ്ഫോർമർ ടാങ്കുകളിൽ ട്രാൻസ്ഫോർമർ ഇറക്കി വയ്ക്കുന്നത്
ട്രാൻസ്ഫോർമർ കോറും വൈന്റിങ്ങും അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമായി ക്രെയിനുപയോഗിച്ച്
ഉയർത്തിയെടുക്കാവുന്ന വിധത്തിലാണ്. ടാങ്കിൽ കോർ പൂർണ്ണമായും മുങ്ങത്തക്കവിധം എണ്ണ
നിറയ്ക്കുന്നു. എണ്ണയുടെ നിരപ്പ് പുറമേനിന്നുമറിയത്തക്കവിധം ടാങ്കുകളിൽ നിരപ്പുമാപിനികൾ
( oil level gauges) സ്ഥാപിയ്ക്കുന്നു. ട്രാൻസ്ഫോർമർ
ടാങ്കുകളുടെ ചക്രങ്ങൾ തമ്മിലുള്ള അകലം രണ്ടു തരത്തിലുണ്ട്. ഒന്നാമത്തേത് സ്റ്റാന്റേർഡ്
ഗേജ് (standard gauge - 1435 m.m.) എന്ന അളവും രണ്ടാമത്തേത് ബ്രോഡ് ഗേജ് അളവുമാണ്.
( Broad gauge - 1676 m.m. ) കോൺക്രീറ്റിനാൽ
നിർമ്മിതമായ തറകളിൽ സ്ഥാപിച്ചിട്ടുള്ള ഉരുക്കു പാളങ്ങളിലാണ് വലിയ പവർ ട്രാൻസ്ഫോർമർ
സ്ഥാപിയ്ക്കുന്നത്. വിതരണ ട്രാൻസ്ഫോർമറുകളാകട്ടെ വൈദ്യുതതൂണുളിലും ( Electric
poles ) അല്ലെങ്കിൽ കരിങ്കൽത്തറകളിലും ( Plinths ) സ്ഥാപിയ്ക്കുന്നു.
No comments:
Post a Comment