റിലേ തുടർച്ച...
റിലേ ആദ്യഭാഗത്തിന് ഇവിടെ നോക്കുക
വിവിധതരം റിലേകൾ (Different types of
relays)
റിലേകളെ അവയുടെ പ്രവർത്തന രീതിയനുസരിച്ച്
താഴെക്കാണും വിധം തരം തിരിയ്ക്കാം
തെർമൽ റിലേകൾ-Thermal relays - വൈദുതിയുടെ താപഫലം (Heating effect) ഉപയോഗിച്ചാണ് ഇതു പ്രവർത്തിയ്ക്കുക.
മോട്ടോറുകൾക്കു സരക്ഷണത്തിനുള്ള ഓവർലോഡ് റിലേകൾ ഇത്തരത്തിലുള്ളതാണ്
ഇലക്ട്രോമെക്കാനിക്കൽ റിലേകൾ(Electromechanical relays) : വൈദ്യുതിയുടെ കാന്തികഫലം ഉപയോഗിച്ചാണ് ഇവ പ്രവർത്തിയ്ക്കുക.
ഇവ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്
ഇലക്ട്രോമാഗ്നെറ്റിക് അട്രാക്ഷൻ -
Electromagnetic attraction,
ഇലക്ട്രോമാഗ്നെറ്റിക് ഇൻഡക്ഷൻ-
Electromagnetic induction,
മുൻ കാലങ്ങളിൽ HT,EHT സർക്യൂട്ടുകളിലെ
സംരക്ഷണ റിലേകൾ ഇത്തരത്തിലുള്ളതാണ്.
സ്റ്റാറ്റിക് റിലേകൾ ( Static
Relays) : ഇലക്ട്രോണിക് സർക്യൂട്ടുകളെ ഉപയോഗിച്ച് പ്രവർത്തിയ്ക്കുന്നവയാണിവ. മെക്കാനിക്കൽ
റിലേകളെ അപേക്ഷിച്ച്, വേഗത, വിശ്വാസ്യത, കൃത്യത എന്നിവയൊക്കെ ഇവയ്ക്കു കൂടുതലാണ്.
ഡിജിറ്റൽ അഥവാ ന്യൂമറിക്കൽ റിലേകൾ
Numerical Relays)- ഡിജിറ്റൽ സർക്യൂട്ടുകളണാവയ്ക്കടിസ്ഥാനം. ഇവ വളരെ സെൻസിറ്റീവും,
വിശ്വാസയോഗ്യവുമാണ്. ഇപ്പോൾ ഇവ വ്യാപകമായി ഉപയോഗിയ്ക്കുന്നു.
ഇല്കട്രോ മെക്കാനിക്കൽ റിലേകൾ.
(Electromechanical Relays)
ഇത്തരം റിലേകൾ വൈദ്യുതിയുടെ കാന്തികപ്രഭാവത്തെ
ആസ്പദമാക്കിയാണ് പ്രവർത്തിയ്ക്കുക. ഇവയ്ക്കു ചലിയ്ക്കുന്ന ഭാഗങ്ങൾ (Moving parts)
ധാരാളമുണ്ടാകും. ഇതിനു പ്രധാനമായും കറണ്ടിനാനുപാതികമായി കാന്തിക മണ്ഡലം (Magnetic
field) സൃഷ്ടിയ്ക്കുന്ന ഒന്നോ അതിലധികമോ കോയിലുകൾ (coils) കാന്തിക കോറുകൾ (Magnetic
cores) എന്നിവയുണ്ടാകും. കൂടാതെ സർക്യൂട്ട് ബ്രേക്കറിനെ ട്രിപ്പ് ചെയ്യുന്നതിനായുള്ള
ട്രിപ്പിങ്ങ് കോണ്ടാക്ടുകൾ (Trip contacts), അലാം കോണ്ടാക്ടുകൾ (Alarm Contacts) ,
റിലേ പ്രവർത്തിച്ചത് സൂചിപ്പിയ്ക്കുന്ന സൂചകങ്ങൾ (flags) മുതലായവയും ഇതിന്റെ ഭാഗമാണ്.
ഇലക്ട്രോമെക്കാനിക്കൽ റിലേകൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. അവ
1, ഇലക്ട്രോമഗ്നെറ്റിക് അട്രാക്ഷൻ റിലേകൾ
(Electromagnetic attraction Relays)
കാന്തിക ആകർഷണത്തെ ആധാരമാക്കിയാണ് ഇവ
പ്രവർത്തിയ്ക്കുക. ചിത്രം കാണുക.
ഇതിന് കാന്തിക ശക്തി സൃഷ്ടിയ്ക്കുന്ന
ഒരു വൈദ്യുതകാന്തവും (Electromagnet), ആ കാന്തത്തിന്റെ ശക്തിയാൽ ആകർഷിയ്ക്കപ്പെടുന്ന
ഒരു പച്ചിരുമ്പ് ആർമേച്ചറും (iron armature) ഉണ്ട്. ആർമേച്ചറിന്റെ ഒരു വശം ഒരു ധാരത്തെ
(pivot) ആസ്പദമാക്കി തിരിയാൻ പാകത്തിനു ആധാരത്തിൽ സ്ഥാപിച്ചിരിയ്ക്കുകയാണ്. ഈ ആധാരത്തെ
സ്ഥിരമാക്കി വച്ചുകൊണ്ട് മറ്റേ അഗ്രത്തിനു ചലിയ്ക്കാനാകും. മറ്റേ അഗ്രമാണ് വൈദ്യുതകാന്തത്തിന്റെ
ആകർഷണത്താൽ ചലിയ്ക്കുക. ആ അഗ്രത്തിനടുത്തായി ആർമ്മേച്ചർ കാന്തത്തിനടുത്തെത്തുമ്പോൾ
ക്ലോസ് (close) ആകും വിധം സർക്യൂട്ട് ബ്രേക്കറിന്റെ
ട്രിപ് കോണ്ടാക്ടുകൾ (Trip contacts) സ്ഥാപിച്ചിരിയ്ക്കും. ആർമേച്ചറിന്റെ ചലിയ്ക്കുന്ന
അഗ്രത്തെ പിറകോട്ട് വലിച്ചുകൊണ്ട് ഒരു സ്പ്രിങ്ങ് (restraining spring) സ്ഥാപിച്ചിട്ടുണ്ട്.
വൈദ്യുതകാന്തതമെന്നത് ഒരു കാന്തിക കോറിൽ ചെമ്പു കമ്പികൾ ചുറ്റിയ ഒരു സംവിധാനമാണ്. ഈ കോയിലിനെ റിലേയുടെ ഓപ്പറേറ്റിങ്ങ് കോയിൽ (Operating coil) എന്നു പറയും. ഈ കോയിലിലൂടെ കറണ്ടൊഴുകുമ്പോൾ അതു കാന്തവല്ക്കരിയ്ക്കുകയും (magnetize) ആർമ്മേച്ചറിനെ ആകർഷിയ്ക്കുകയും ചെയ്യും. ആർമ്മേച്ചർ കാന്തത്തിന്റെ ആകർഷണത്തില്പ്പെട്ട് മുന്നോട്ടു നീങ്ങുമ്പോൾ ട്രിപ് കോണ്ടാക്ടുകൾ ക്ലോസ് ആകുകയും ബ്രേക്കർ ട്രിപ് ആകുകയും ചെയ്യും. ഇതാണ് റിലേയുടെ ലഘു ഘടന.
സംരക്ഷിയ്ക്കപ്പെടേണ്ട സർക്യൂട്ടിലെ കറണ്ടിനാനുപാതികമായ
കറണ്ടാണ് റിലേ കോയിലിലൂടെ കടന്നു പോകുക. റിലേയുടെ വൈദ്യുത കാന്തം സൃഷ്ടിയ്ക്കുന്ന
കാന്തിക ശക്തി (magnetic strength or operating torque) കോയിലിലൂടെ കടന്നു പോകുന്ന
കറണ്ടിനും, റിലേകോയിലിലെ ചുറ്റുകളുടെ എണ്ണത്തിനും ആനുപാതികമായിട്ടാകും. ഫാൾട്ടില്ലത്ത
സാധാരണ അവസ്ഥയിൽ കറണ്ട് കുറവായിരിയ്ക്കുമല്ലോ. ഈ സാഹചര്യത്തിൽ വൈദ്യുതകാന്തത്തിന്റെ
കാന്തിക ശക്തി കുറവായിരിയ്ക്കും. അപ്പോൾ കാന്തശക്തിയേക്കാൽ കൂടിയ ശക്തിയിലാകും ആർമേച്ചറിന്മേൽ
സ്പ്രിങ്ങിന്റെ വലിവ് (restraining force). അതുകൊണ്ട് സ്പ്രിങ്ങിനെ വലിവിനെ മറികടന്നു
കൊണ്ട് കാന്തത്തിന് ആർമേച്ചറിനെ ആകർഷിച്ചടുപ്പിക്കാനാകില്ല. അതിനാൽ ഫാൾട്ടില്ലാത്തപ്പോൾ
റിലേയിലെ ട്രിപ് കോണ്ടാക്ടുകൾ ഓപ്പൺ ആയിക്കിടക്കും. എന്നാൽ ഓവർകറണ്ട് ഫാൾട്ടുണ്ടാകുമ്പോൾ
ലൈനിലെ കറണ്ട് കൂടും, സ്വാഭാവികമായും റിലേകോയിലിലെ കറണ്ട് കൂടുകയും കാന്തത്തിന്റെ ശക്തി
കൂടുകയും ചെയ്യും. അങ്ങനെ കാന്തിക ശക്തികൂടി ആർമ്മേച്ചറിനെ അത് സ്പ്രിങ്ങിന്റെ വലിവിനെ
മറികടന്നുകൊണ്ട് ആകർഷിച്ചടുപ്പിയ്ക്കും. അപ്പോൾ റിലേയിലെ ട്രിപ് കോണ്ടാക്ടുകൾ ക്ലോസ്
ആകുകയും ബ്രേക്കർ ട്രിപ് ആകുകയും ചെയ്യും. ഇതാണ് സാമാന്യ പ്രവർത്തനം.
മുകളിൽകാണിച്ചിരിയ്ക്കുന്ന റിലേ പ്രവർത്തിയ്ക്കുന്നത് അതിന്റെ കോയിലിലൂടെ കടന്നു പോകുന്ന കറണ്ടു മൂലം സൃഷ്ടിയ്ക്കപ്പെടുന്ന കാന്തിക ബലം, സ്പ്രിങ്ങിന്റെ ബലത്തെ മറികടക്കുമ്പോഴാണ്. റിലേയുടെ കോയിൽ ഉദ്പ്പാദിപ്പിയ്ക്കുന്ന കാന്തിക ബലം അതിലൂടെ കടന്നു പോകുന്ന കറണ്ടിന്റെ അളവിനോടും, കോയിലിന്റെ ചുറ്റുകളുടെ എണ്ണത്തോടും ആനുപാതികമായിരിയ്ക്കും. മുകളിൽ കാണിച്ചിട്ടുള്ള റിലേയിൽ ചുറ്റുകളുടെ എണ്ണം സ്ഥിരമായതിനാൽ റിലേ ട്രിപ് ചെയ്യുന്ന കറണ്ടും സ്ഥിരമായിരിയ്ക്കും. ഇതു മൂലം ഒരു നിശ്ചിത അളവു കറണ്ടിനു നിർമ്മിച്ച റിലേ മറ്റൊരളവിനുപയോഗിയ്ക്കാനാകില്ല. ഇതിനു പരിഹാരമായി ചുറ്റുകളുടെ എണ്ണം വ്യത്യാസപ്പെടുത്താവുന്ന തരത്തിൽ ഓപ്പറേറ്റിങ്ങ് കോയിൽ ക്രമീകരിയ്ക്കുകയാണെങ്കിൽ റിലേയുടെ ട്രിപ്പിങ്ങ് കറണ്ടും ക്രമീകരിയ്ക്കാം. ഇതിനായി ഓപ്പറേറ്റിങ്ങ് കോയിലിൽ ടാപ്പിങ്ങുകൾ (tappings) നല്കുകയാണ് ചെയ്യുക. ടാപ്പിങ്ങുകളെ ആവശ്യാനുസരണം കണക്ഷൻ നല്കുന്നതിനായി പ്ലഗ്ഗ് (plug) എന്ന സവിധാനവും നല്കുന്നു. പ്ലഗ്ഗിന്റെ സഹായത്തോടുകൂടി ഏതു ടാപ്പ് (tap) വേണമെങ്കിലും തെരഞ്ഞെടുക്കാം. അതുവഴി ട്രിപ്പിങ്ങ് കറണ്ട് ക്രമീകരിയ്ക്കാം. കൂടുതൽ ചുറ്റുകൾ സർക്യൂട്ടിൽ വരത്തക്ക വിധമാണ് പ്ലഗ് സെറ്റിങ്ങ് എങ്കിൽ കുറഞ്ഞ കറണ്ടും, അതല്ല കുറവു ചുറ്റുകൾ വരത്തക്കവിധമാണ് സെറ്റിങ്ങെങ്കിൽ കൂടിയ കറണ്ടും ആകും ട്രിപ്പിങ്ങിനു വേണ്ടി വരിക. ചിത്രം നോക്കുക.
അട്രാക്ഷൻ തരം റിലേയിലെ മറ്റൊരു തരമാണ്
സോളിനോയിഡ് അഥവാ പ്ലഞ്ചർ ടൈപ്പ് റിലേ (Plunger type relay). ഇതിൽ ഓപ്പറേറ്റിങ്ങ് കോയിൽ ഒരു സോളിനോയിഡിന്റെ (Solenoid) രൂപത്തിലാണുള്ളത്. അതിനോട് ചേർന്ന് ഒരു ഇരുമ്പ് പ്ലഞ്ചറുണ്ടാകും (iron plunger). ട്രിപ്പിങ്ങ് കോണ്ടാക്ടുകൾ
പ്ലഞ്ചറിന്റെ ചലനത്തെയനുസരിച്ചാണ് പ്രവർത്തിയ്ക്കുക. ഓപ്പറേറ്റിങ്ങ് കോയിലിലെ കറണ്ട്
ഒരു പരിധിയിലധികമായാൽ സോളിനോയിഡ് പ്ലഞ്ചറിനെ അതിനുള്ളിലേയ്ക്കു ആകർഷിയ്ക്കും. പ്ലഞ്ചർ
സോളിനോയ്ഡിലേയ്ക്കു നീങ്ങുകയും ട്രിപ്പിങ്ങ് കോണ്ടാക്ടുകൾ ക്ലോസ് ആകുകയും ചെയ്യും.
ഇലക്ട്രോമാഗ്നെറ്റിക് ഇൻഡക്ഷൻ-
Electro magnetic induction
ഇവ വൈദ്യുത കന്തിക പ്രേരണത്തെ
(electro magnetic induction) ആസ്പദമാക്കിയാണ് പ്രവർത്തിയ്ക്കുന്നത്. ചിത്രം കാണുക
ഈ റിലേയ്ക്ക് ഒരു പ്രധാന ഓപ്പറേറ്റിങ്ങ് വൈദ്യുതകാന്തം (Operating electromagnet) ഉണ്ടാകും. ഓപ്പറേറ്റിങ്ങ് കോയിൽ ഇതിന്റെ കോറിൽ ചുറ്റിയിരിയ്ക്കും. ലൈനിലെ കറണ്ടിനാനുപാതികമായ കറണ്ട് ഇതിലൂടെ കടന്നു പോകുകയും ആനുപാതികമായ ഒരു കാന്തിക മണ്ഡലം സൃഷ്ടിയ്ക്കപ്പെടുകയും ചെയ്യും. ഈ കാന്തിക മണ്ഡലം കോയിലിനു താഴെയായി സ്ഥാപിച്ചിട്ടുള്ള അലൂമിനിയം ഡിസ്കിൽ (aluminium disc) വൈദ്യുത കാന്തിക പ്രേരണം വഴി വൈദ്യുതി ഉല്പ്രേരിതമാക്കും. ഇത് ഡിസ്കിനുള്ളിൽ കറണ്ടുല്പ്പാദിപ്പ്യ്ക്കുകയും, ആ കറണ്ടു മൂലമുള്ള കാന്തിക മണ്ഡലത്തിന്റേയും, കോയിലിന്റെ കാന്തിക മണ്ഡലത്തിന്റേയും പരസ്പരപ്രവർത്തനം വഴി ഡിസ്കിൽ കറങ്ങാനുള്ള ബലം ഉദ്പ്പാദിപ്പിയ്ക്കും. ഡിസ്കിന്റെ കറക്കത്തെ ഒരു സ്പ്രിങ്ങ് (restraining ring) വഴി നിയന്ത്രിയ്ക്കുന്നതിനാൽ ഡിസ്കിനു തുടർച്ചയായി കറങ്ങാനാവില്ല. എന്നാൽ സ്പ്രിങ്ങിന്റെ ബലത്തെ മറികടക്കാൻ പാകത്തിനുള്ള ബലം കാന്തികമണ്ഡലം വഴി ഉണ്ടായാൽ ഡിസ്ക് തിരിഞ്ഞ് മൂവിങ്ങ് കോണ്ടാക്ടും സ്ഥിര കോണ്ടാക്ടും (Moving contact and fixed contact) തമ്മിൽ മുട്ടുകയും ട്രിപ് കോണ്ടാക്ടിനെ ക്ലോസ് ചെയ്യുകയും ചെയ്യും.
ഒരു വൈദ്യുത കോയിൽ (single coil) മാത്രം ഉദ്പ്പാദിപ്പിയ്ക്കുന്ന
കാന്തികമണ്ഡലത്തിന് ഡിസ്കിൽ കറങ്ങാനുള്ള ശകതി ഉദ്പ്പാദിപ്പിയ്ക്കാനാകില്ല. അതിനൂ പരസ്പരം
ഫേസ് വ്യത്യാസമുള്ള (Phase difference) ഒന്നിലധികം കാന്തികമണ്ഡലം ആവശ്യമാണ്. ഇതിനായി
ഓവർകറണ്ട് റിലേയിൽ രണ്ടാമതൊരു വൈദ്യുത കാന്തം കൂടി സ്ഥാപിയ്ക്കുകയോ, പോൾ ഷേഡിങ്ങ് എന്ന
സംവിധാനം ഉപയോഗിയ്ക്കുകയോ ചെയ്യും.
ഇൻഡക്ഷൻ ടൈപ്പ് റിലേകൾ അവയുടെ നിർമ്മാണ
രീതിയ്ക്കനുസരണമായി വിവിധ തരത്തിലുണ്ട്. അവ
1, വാട്ട് മീറ്റർ ടൈപ് റിലേ (watt
meter type Relay) - ഇതിൽ രണ്ടു വൈദ്യുതകാന്തങ്ങളുണ്ടാകും. ഒന്നിനെ അപ്പർ മാഗ്നറ്റെന്നും
(Upper magnet) മറ്റേതിനെ ലോവർ മാഗ്നറ്റെന്നുമാണ് (lower magnet) പറയുന്നത്. അപ്പർമാഗ്നറ്റിലാണ്
പ്രധാന ഓപരേറ്റിങ്ങ് കോയിലുള്ളത് (Operating coil- Primary winding) . കറണ്ട് ട്രൻസ്ഫോർമറിന്റെ (C.T) സെക്കന്ററി ഇതിലാണ് കണക്ട് ചെയ്യുക. കൂടാതെ ഒരു സെക്കന്ററി വൈൻഡിങ്ങ് (secondary)
കൂടി അപ്പർ മാഗ്നറ്റിലുണ്ടാകും ഈ കോയിൽ ലോവർ മാഗ്നറ്റിലെ കോയിലുമായി ബന്ധിപ്പിച്ചിരിയ്ക്കും.
അപ്പർ ലോവർ മാഗ്നറ്റുകൾക്കിടയിലാണ് അലൂമിനിയം ഡിസ്ക് സ്ഥാപിയ്ക്കുക. അപ്പർ മാഗ്നറ്റിലെ
പ്രധാന കോയിലിലൂടെ കറണ്ടൊഴുകുമ്പോൾ സെക്കന്ററി വൈൻഡിങ്ങിലും ഉല്പ്രേരണം (electro
magnetic Induction) വഴി കറണ്ടൊഴുകും. ഈ കറണ്ടും പ്രധാന കോയിലിലെ കറണ്ടും തമ്മിൽ ഫേസ്
വ്യത്യാസമുള്ളതിനാൽ ലോവർ മാഗ്നറ്റുണ്ടാക്കുന്ന കാന്തിക മണ്ഡലവും അപ്പർ മാഗ്നറ്റിന്റെ
കാന്തിക മണ്ഡലവും തമ്മിൽ ഫേസ് ഡിഫറൻസുണ്ടാകും. ഈ രണ്ടു കാന്തിക മണ്ഡലങ്ങളും ഡിസ്കിനെ
തിരിയ്ക്കാനുള്ള ബലം സൃഷ്ടിയ്ക്കുകയും അത് സ്പ്രിങ്ങിന്റെ ബലത്തെ മറികടന്നാൽ ട്രിപ്
സിഗ്നൽ നല്കുകയും ചെയ്യും.
2 ഷേഡഡ് പോൾ റിലേ (Shaded pole Relay) :-
ഇതിൽ ഒറ്റ കാന്തമേ ഉണ്ടാകൂ. വൈദ്യുത കാന്തത്തിന്റെ ദ്രുവങ്ങൾക്കടുത്തായി ഒരു ചെമ്പു
വളയം(Copper ring) സ്ഥാപിച്ചിരിയ്ക്കും. ഇതിനെയാണ് പോൾ ഷേഡിങ്ങ് (pole shading) എന്നു
പറയുന്നത്. വൈദ്യുത കാന്തിക പ്രേരണം വഴി ഈ വളയത്തിൽ വൈദ്യുതി ഉല്പ്രേരിതമാകുകയും പ്രധാന
കാന്തിക മണ്ഡലവുമായി ഫേസ് വ്യത്യാസമുള്ള കാന്തിക മണ്ഡലം സൃഷ്റ്റിയ്ക്കുകയും ചെയ്യും.
അതുവഴി ഡിസ്കിൽ കറങ്ങാനുള്ള ബലം സംജാതമാകും.
3, ഇൻഡക്ഷൻ കപ്പ് റിലേ (Induction cup relay) : ഇതിൽ ഡിസ്കിനു പകരം ഒരു അലൂമിനിയം കപ്പ് (cup) ആകും ഉണ്ടാകുക. ഷേഡിങ്ങ് പോൾ സംവിധാനം ഉപയോഗിയ്ക്കുകയോ ഒന്നിലധികം കറണ്ടുകൾ ഉപയോഗിയ്ക്കുകയോ ചെയ്യും.
ഡിസ്കിൽ ഉദ്പ്പാദിപ്പിയ്ക്കുന്ന ശക്തി
(rotating torque) കറണ്ടിനാനുപാതികമായിരിയ്ക്കും. ആദ്യം പറഞ്ഞ റിലേയിലേതുപോലെ തന്നെ
ഇതിലും ചുറ്റുകളുടെ എണ്ണം ക്രമീകരിച്ച് ട്രിപ്പിങ്ങ് കറണ്ടിനെ ക്രമീകരിയ്ക്കാം. വൈദ്യുത
കാന്തിക പ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്നതിയാൽ എ.സി. വൈദ്യുതിയിൽ മാത്രമേ
ഇൻഡക്ഷൻ റിലേകൾ പ്രവർത്തിയ്ക്കൂ.
ട്രിപ്പിങ്ങ് സമയം ക്രമീകരിയ്ക്കൽ.
(Tripping time adjustment)
ഇൻഡക്ഷൻ റിലേയിൽ
ഡിസ്ക് തിരിഞ്ഞ് ചെന്ന് ട്രിപ്പിങ്ങ് കോണ്ടാക്ടുകളെ ക്ലോസ് ചെയ്യുമ്പോഴാണ് ട്രിപ്പിങ്ങ്
നടക്കുന്നത്. ഡിസ്കിന്റെ തിരിയലിന്റെ ശക്തി ഓപ്പറേറ്റിങ്ങ് കോയിലിലൂടെ കടന്നു പോകുന്ന കറണ്ടിനാനുപാതികമാണല്ലോ. മാത്രവുമല്ല ഡിസ്കിനോടു ബന്ധിപ്പിച്ചിട്ടുള്ള മൂവിങ്ങ് കോടാക്ടിന് ഡിസ്കിനെ ചലനം മൂലം കുറച്ചു ദൂരം സഞ്ചരിച്ചെങ്കിലേ ഫിക്സഡ് കോണ്ടാക്റ്റുമായി മുട്ടാനാകൂ. ഈ ദൂരം വ്യത്യാസപ്പെടുത്തിയാൽ റിലേ ട്രിപ്പിങ്ങിനെടുക്കുന്ന സമയവും വ്യത്യാസപ്പെടുത്താം. ട്രിപ് കോണ്ടാക്ടിന്റെ സ്ഥാനം
കൂടുതലായി പിറകോട്ടു സ്ഥാപിച്ചാൽ ഇത്തരം ഫാൾട്ടുകളിൽ റിലേ ട്രിപ്പ് ചെയ്യാനെടുക്കുന്ന
സമയം കൂട്ടാം, അതുപോലെ മുന്നോട്ടടുപ്പിച്ചാൽ സമയം കുറയ്ക്കാം. ഇതുവഴി റിലേയുടെ പ്രവർത്തന
സമയം ക്രമീകരിച്ചുകൊണ്ട് ഇഷ്ടപ്രകാരം ട്രിപ്പിങ്ങ് സമയം ക്രമീകരിയ്ക്കാം.
ഇൻഡക്ഷൻ റിലേയിൽ ടാപ്പിങ്ങുകളുടേയും അതിനോടനുബന്ധിച്ചുള്ള പ്ലുഗ്ഗിന്റേയും സഹായത്താൽ ട്രിപ്പിങ്ങ് കറണ്ടും,ഫിക്സഡ് കോണ്ടാക്ടിന്റെ സ്ഥാനം മാറ്റുന്നതിലൂടെ ട്രിപ്പിങ്ങ് സമയവും ഇഷ്ടാനുസരണം ക്രമീകരിയ്ക്കാം. ഈ സൗകര്യമുള്ളതുകൊണ്ട് ഇൻഡക്ഷൻ റിലേ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു.
Nalla notes .elllarkkum manassilakunnna reethiyilullla presentation.keep it
ReplyDelete