വൈദ്യുത ശൃംഖലയിലെ ഫാൾട്ടുകൾ. (faults in power system)
വൈദ്യുത ലൈനുകളിലാകട്ടെ, മറ്റുപകരണങ്ങളിലാകട്ടെ
ധാരാളം തകരാറുകൾ (faults) ഇടയ്ക്കിടെ വന്നുചേരാം. വൈദ്യുത സ്രോതസ്സിലേയ്ക്കു കണക്ടു
ചെയ്തിരിയ്ക്കുന്ന സമയത്താണ് ഫാൾട്ട് സംഭവിയ്ക്കുന്നതെങ്കിലോ അല്ലെങ്കിൽ ഫാൾട്ടുണ്ടായ
ഉപകരണത്തിലേയ്ക്കു വൈദ്യുതി പ്രവഹിയ്ക്കുകയാണെങ്കിലോ ഒക്കെ വലിയ അപകടം ഉണ്ടാകാം. അങ്ങനെയുള്ള
സാഹചര്യത്തിൽ ഉപകരണത്തിലേയ്ക്കോ ലൈനിലേയ്ക്കോ ഉള്ള വൈദ്യുതപ്രവാഹം എത്രയും വേഗം വിച്ഛേദിയ്ക്കേണ്ടതുണ്ട്.
മാത്രവുമല്ല ചെറിയ തകരാറുകൾ എത്രയും വേഗം തിരിച്ചറിഞ്ഞ് വൈദ്യുതി വിച്ഛേദിയ്ക്കുകയാണെങ്കിൽ
തകരാർ കൂടുതൽ രൂക്ഷമാകാതെയും ഉപകരണം പൂർണ്ണമായും നശിയ്ക്കാതെയും സംരക്ഷിയ്ക്കാം. കൂടാതെ ഫാൾട്ടുള്ള ലൈനോ ഉപകരണമോ ശൃംഖലയിൽ തുടരുന്നത് വൈദ്യുത
ശൃംഖലയുടെ പൂർണ്ണമായ തകർച്ചയിലേയ്ക്കു വഴിവയ്ക്കും. അതിനാൽ തന്നെ ഫാൾട്ടുകളെ സമയത്തിനു
തന്നെ തിരിച്ചറിഞ്ഞ് ആ ഭാഗത്തേയ്ക്കുള്ള വൈദ്യുതപ്രവാഹം നിർത്തേണ്ടത് അത്യാവശ്യമാണ്.
ലോ വോൾട്ടേജ്, മീഡിയം വോൾട്ടേജ് ഉപകരണങ്ങളിൽ ഫ്യൂസുകളുടെ സഹായത്താൽ അമിത വൈദ്യുത പ്രവാഹത്തെ
തടയാനാകും. എന്നാൽ ഹൈവോൾട്ടേജ്, എക്സ്ട്രാഹൈ വോൾട്ടേജ് സംവിധാനങ്ങളിൽ (HT,EHT) ഫ്യൂസുകൾ
മതിയാകില്ല, മാത്രവുമല്ല ചെറിയ തകരാറുകൾ, എർത്ത് ഫാൾട്ടുകൾ, ട്രാൻസ്ഫോർമറിലെ അമിത താപനില,
മർദ്ദം മുതലായവയ്ക്ക് ഫ്യൂസുകൾ ഒട്ടും പ്രയോജനപ്പെടില്ല. ഈ അവസരങ്ങളിൽ സംരക്ഷണ റിലേകൾ
സർക്യൂട്ട് ബ്രേക്കറിനെ പ്രവർത്തിപ്പിച്ച് സംരക്ഷണം നല്കുന്നു.
വൈദ്യുത
ശൃംഖലയിലെ തകരാറുകളെ താഴെക്കാണും വിധം ക്രോഡീകരിയ്ക്കാം എന്നു തോന്നുന്നു.
1,
ഓവർ ലോഡ് (Overload) - ഉപകരണത്തിനു താങ്ങാനാകുന്നതിൽ കൂടുതൽ കറണ്ടൊഴുകുക (കറണ്ടെടുക്കുക)
-
- മിയ്ക്ക ഉപകരണങ്ങൾക്കും കുറച്ചു ഓവർലോഡ് താങ്ങാനാകും.
ഒവർലോഡ് ഒരു പരിധിവിട്ടു കൂടുകയോ കൂടുതൽ സമയത്തേയ്ക്കു നിലനില്ക്കുകയോ ചെയ്താൽ ഉപകരണം,
ലൈനിലെ ചാലകങ്ങൾ, വയറുകൾ മുതലായവ ചൂടാകും ഇതു ഉപകരണങ്ങളുടെ ആയുസ്സു കുറയ്ക്കുകയും,
തീപിടുത്തം പോലുള്ള അപകടങ്ങൾക്കു കാരണമാകുകയും ചെയ്യാം. ആയതിനാൽ പരിധിവിട്ടു കൂടിയതോ,
കൂടുതൽ സമയം നിലനില്ക്കുന്നതോ ആയ ഓവർലോഡുകളിൽ നിന്നും സംരക്ഷണം ആവശ്യമാണ്.
2,
ഷോർട്ട് സർക്യൂട്ട് (short circuit)- ഇത്തരം ഫാൾട്ടുകളിൽ സർക്യൂട്ടിലെ പ്രതിരോധം വളരെക്കുറയുന്നതിനാൽ
കറണ്ടിന്റെ അളവ് അത്യതികം കൂടുതലാകും. വളരെപ്പെട്ടന്നു തന്നെ വൈദ്യുതി വിച്ഛേദിച്ചില്ലെങ്കിൽ
ഉറപ്പായും വൻ നാശനഷ്ടം ഉണ്ടാകും. വൈദ്യുത ശൃംഖലയിലെ ഉപകരണങ്ങൾ, ലൈനുകൾ മുതലായവയ്ക്കു
വലിയ നാശനഷ്ടം ഉണ്ടാകാൻ ഷോർട്ട്സർക്യൂട്ട് കാരണമാകും.
3,
എർത്ത് ഫാൾട്ട് (Earth fault)- വൈദ്യുതി പ്രവഹിയ്ക്കാൻ ഉദ്ദേശിച്ചിട്ടുള്ള ചാലകങ്ങളിലൂടെയല്ലാതെ
മറ്റു ചാലകങ്ങളിലൂടെ ( പ്രധാനമായും ഭൂമി, പിന്നെ സപ്പോർട്ട് തൂണുകൾ, ഷീൽഡ് വയറുകൾ)
മുതലായവയിലൂടെ വൈദ്യുതി ഒഴുകുക. പരിപഥത്തിന്റേയോ ഉപകരണത്തിന്റേയോ പരമാവധി ശേഷിയിൽ കുറവായിരിയ്ക്കും
മിയ്ക്കപ്പോഴും ഫാൾട്ട് കറണ്ടിന്റെ അളവ്, പക്ഷേ ശൃംഖലയിലെ ഉപകരണങ്ങൾക്കും മനുഷ്യർക്കും
മൃഗങ്ങൾക്കുമൊക്കെ വലിയ ഭീഷണിയാണ് എർത്ത് ഫാൾട്ടുകൾ. സാധാരണാ ഫ്യൂസുകൾക്ക് ഇതിനെ നേരിടാനാവില്ല.
വളരെ വേഗം ഇത്തരം ഫാൾട്ടുകളെ തിരിച്ചറിഞ്ഞ് വൈദ്യുതി വിഛേദിയ്ക്കേണ്ടതത്യാവശ്യമാണ്.
ഉപകരങ്ങളിലേയോ,
ലൈനിലേയോ ഇൻസുലേഷനുകൾ തകരാറിലാകുന്നതാണ് പ്രധാനമായും എർത്ത് ഫാൾട്ടിനു കാരണം. ലൈൻ
കമ്പികൾ പൊട്ടിവീഴുക, ലൈനിലേയ്ക്കു മരങ്ങൾ വീഴുക, മുതലായവയും എർത്ത് ഫാൾട്ടിനു കാരണമാകും.
എല്ലായ്പ്പോഴും എർത്ത് ഫാൾട്ടുമൂലം വലിയ കറണ്ടുണ്ടാകണമെന്നിയ്‌ല്ല. പക്ഷേ അതു വളരേ
വേഗം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ ഫാൾട്ടിലേയ്ക്കു വഴി വയ്ക്കും.
4,
ഓവർ വോൾട്ടേജ് (Over voltage) -വൈദ്യുത സിസ്റ്റത്തിലെ വോൾട്ടേജ് അനുവദനീയമായതിലും കൂടുക.,
ഇതോടൊപ്പം ആവൃത്തി കുറയുകയാണെങ്കുൽ ട്രാൻസ്ഫോർമറുകളിൽ ഓവർ ഫ്ലക്സിങ്ങ് (Over
fluxing) എന്ന അവസ്ഥ സംജാതമാകും. കൂടാതെ അമിത വോൾട്ടേജ് തുടർന്നാൽ അത് ഇൻസുലേഷൻ തകരാറിനും
അതുവഴി തുടർ ഫാൾട്ടുകൾക്കും കാരണമാകും.
5,
ഓവർ ടെമ്പറേച്ചർ (Over temperature) :- ട്രാൻസ്ഫോർമറുകൾ, ജനറേറ്ററുകൾ, റിയാക്ടറുകൾ
മുതലായവയിൽ വിവിധ കാരണങ്ങൾ കൊണ്ട് താപനില ഉയരാം. പരിധിയിലധികമായാൽ ഉപകരണത്തിലേയ്ക്കുള്ള
വൈദ്യുതി വിച്ഛേദിച്ച് പരിശോധിയ്ക്കണം. അല്ലെങ്കിൽ നാശമുണ്ടാകാനിടയുണ്ട്.
6,
അമിത മർദ്ദം:- ട്രാൻസ്ഫോർമറുകൾ , റിയാക്ടറുകൾ മുതലായവയിൽ ഓയിൽ നിറച്ചിട്ടുള്ളതിനാൽ
വിവിധകാരണങ്ങൾ കൊണ്ട് മർദ്ദം അധികരിയ്ക്കാനിടയുണ്ട്. ഇതും ഒരു പരിധിയിലധികമായാൽ ഉപകരണത്തിന്റെ
പ്രവർത്തനം നിർത്തേണ്ടി വരും.
എല്ലാം പറഞ്ഞു തീർന്നെന്നു തോന്നുന്നില്ല പോകെപ്പോകെ ബാക്കിയുള്ളതും പറയമെന്നു തോന്നുന്നു (ഓർമ്മകിട്ടിയാൽ). പ്രധാനമായും ഓവർലോഡ്, ഷോർട്ട് സർക്യൂട്ട് എർത്ത് ഫാൾട്ടുകളെക്കുറിച്ച് ചർച്ച ചെയ്യാമെന്നാണ് കരുതുന്നത്. ഓവർലോഡ്, ഷോർട്ട് സർക്യൂട്ട് ഫാൾട്ടുകളെ (Earth fault) ഇനി മുതൽ ഓവർകറണ്ട് ഫാൾട്ടുകളെന്നും (Over current faults) എർത്ത് ഫാൾട്ടിനെ ആ പേരിൽ തന്നെയും വിളിയ്ക്കാം. ഓവർകറണ്ട് ഫാൾട്ടുകളിൽ ഷോർട്ട് സർക്യൂട്ട് ആണ് കൂടുതൽ അപകടകരമെന്നതിനാൽ അതിനെക്കുറിച്ചാകും കൂടുതൽ വിശദാംശങ്ങൾ.
റിലേ
(Relay)
ഫാൾട്ടിനെ
തിരിച്ചറിഞ്ഞ് സർക്യൂട്ട് ബ്രേക്കറിനെ പ്രവർത്തിപ്പിയ്ക്കുക് (ഓഫ് ചെയ്യുക അഥവാ ട്രിപ്
ചെയ്യുക-Trip) എന്നതാണ് റിലേകളുടെ ധർമ്മം. ഓവർകറണ്ട് ഫാൾട്ടുകൾക്ക് സർക്യൂട്ടിലെ കറണ്ട്
സാധാരണയിലും കവിഞ്ഞ് വർദ്ധിയ്ക്കുമെന്നതിനാൽ റിലേകൾ പരിശോധിയ്ക്കുന്നത് സർക്യൂട്ട്
കറണ്ടാണ്. സർക്യൂട്ടിൽ സ്ഥാപിച്ചിരിയ്ക്കുന്ന കറണ്ട് ട്രാൻസ്ഫോർമറുകൾ (Current
transformers- C.T.) വഴിയാണ് റിലേകൾ സർക്യൂട്ട് കറണ്ടിനെ മനസ്സിലാക്കുന്നത്. കറണ്ട്
ട്രാൻസ്ഫോർമറിന്റെ സെക്കന്ററി റിലേയിലേയ്ക്കു ബന്ധിപ്പിച്ചിരിയ്ക്കും. ആയതുകൊണ്ട് സർക്യൂട്ട്
കറണ്ടിനാനുപാതികമായ കുറഞ്ഞ അളവിലുള്ള കറണ്ട് റിലേയിലേയ്ക്കു ലഭിയ്ക്കുന്നു. ഈ കറണ്ട്
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കറണ്ടിലും കൂടുതലായാൽ റിലേ സർക്യൂട്ട് ബ്രേക്കറിന്റെ
ട്രിപ് കോയിലിനെ (trip coil) വൈദ്യുതവല്ക്കരിച്ച് (Energize) സർക്യൂട്ട് ബ്രേക്കറിനെ
ട്രിപ് ചെയ്യിയ്ക്കും അതുവഴി ഫാൾട്ടുണ്ടായ ലൈൻ വിച്ഛേദിയ്ക്കപ്പെടും. ഡിസ്റ്റൻസ് റിലേ,
ഡയറക്ഷണൽ എർത്ത് ഫാൾട്ട് റിലേ മുതലായവയ്ക്ക് സർക്യൂട്ടിലെ വോൾട്ടേജു കൂടി ആവശ്യമായതിനാൽ
സർക്യൂട്ടിലെ പൊട്ടാൻഷ്യൽ ട്രാൻസ്ഫോർമറിന്റെ (Potential transformer – P.T.) സെക്കന്ററിയിൽ
നിന്നുള്ള കണക്ഷൻ കൂടി അത്തരം റിലേകളിൽ കൊടുത്തിട്ടുണ്ടാകും. ഒരു റിലേയുടെ പ്രവർത്തനം
മനസ്സിലാക്കുന്നതിനായി താഴെയുള്ള ചിത്രം നോക്കുക.
ഇവിടെ
റിലേയിലേയ്ക്ക് കറണ്ട് ട്രാൻസ്ഫോർമർ (C.T)
വഴി സർക്യൂട്ടിലെ കറണ്ട് നല്കിയിരിയ്ക്കുന്നു. സർക്യൂട്ട് ബ്രേക്കറിന്റെ ട്രിപ് കോയിലിന്റെ
സർക്യൂട്ട് റിലേ വഴിയാണ്. ഫാൾട്ടു മൂലം സർക്യൂട്ടിലെ കറണ്ട് കൂടുമ്പോൾ റിലേ അത് തിരിച്ചറിഞ്ഞ്
ട്രിപ്പ് കോയിലിന്റെ സർക്യൂട്ടിലുള്ള NO (Normally Open) കോണ്ടാക്ട് close ചെയ്യുന്നു. അതു വഴി ബാറ്ററിയിൽ
നിന്നുള്ള വൈദ്യുതി ട്രിപ് കോയിലിലെത്തുകയും സർക്യൂട്ട് ബ്രേക്കർ ട്രിപ്പ് ആകുകയും
ചെയ്യും. സർക്യൂട്ട് ബ്രേക്കറിനെ ട്രിപ് ചെയ്യുന്നതോടൊപ്പം മറ്റൊരു കോണ്ടാക്ടിന്റെ
സഹായത്താൽ റിലേ അലാം (Alarm) പുറപ്പെടുവിയ്ക്കും. അതുവഴി സബ്സ്റ്റേഷൻ ഓപറേറ്റർക്ക്
ലൈൻ/ഉപകരണം ട്രിപ് ആയ വിവരം അറിയാനാകും.
വൈദ്യുത
ശൃംഖലയുടേയും, ഉപകരണങ്ങളുടേയും കൃത്യമായ സരക്ഷണത്തിന് റിലേകൾക്ക് താഴെപ്പറയുന്ന ഗുണങ്ങൾ
ഉണ്ടാകേണ്ടതത്യാവശ്യമാണ്.
1,
വിവേചനക്ഷമത (selectivity or discrimination)- ലൈനുകളിലേയും ഉപകരണത്തിലേയും സാധാരണ
സാഹചര്യങ്ങളും അസാധാരണ സാഹചര്യങ്ങളും തമ്മിൽ കൃത്യമായി വിവേചിച്ചറിയുകയും ഫാൾട്ടുണ്ടായ
ഭാഗം മാത്രം കൃത്യമായി വിച്ഛേദിയ്ക്കുകയും ചെയ്യുക. സംരക്ഷണ റിലേ ഫാൾട്ടുണ്ടാകാതിരിയ്ക്കുമ്പോൾ
അനാവശ്യമായി പ്രവർത്തിയ്ക്കാതിരിയ്ക്കുകയും ഫാൾട്ടുണ്ടാകുമ്പോൾ കൃത്യമായി പ്രവർത്തിയ്ക്കുകയും
വേണം. മാത്രവുമല്ല റിലേ മൂലം സംരക്ഷിയ്ക്കാനുദ്ദേശിയ്ക്കുന്ന ഭാഗത്തിലേയ്ക്കു മാത്രമേ
റിലേയുടെ പ്രവർത്തനം നടക്കാവൂ. അതിനുപുറത്തേയ്ക്കുള്ള ഭാഗത്തെ ഫാൾട്ടുകൾക്ക് റിലേ പ്രവർത്തിയ്ക്കേണ്ടതില്ല
2,
സംവേദനക്ഷമത (sensitivity)
റിലേയ്ക്കു
അസാധാരണസാഹചര്യം തിരിച്ചറിയാനാകുന്നതിന് ആവശ്യമായ ഫാൾട്ട് കറണ്ടിന്റെ ഏറ്റവും ചെറിയ
അളവ്. അതായത് വളരെ ചെറിയ ഫാൾട്ട് കറണ്ടുകൊണ്ട് തിരിച്ചറിയാനാകുന്ന റിലേ കൂടുതൽ സെൻസിറ്റീവ്
ആണെന്നു പറയാം.
3,
സ്ഥിരത (stability) -റിലേയ്ക്ക് പ്രവർത്തിയ്ക്കേണ്ടതില്ലാത്തതും എന്നാൽ റിലേയിൽ ഫാൾട്ട്
കറണ്ട് എത്തുന്നതുമായ ഫാൾട്ടുകൾ, ശൃംഖലയിലെ അലോസരങ്ങൾ (system disturbences) മുതലായ
സാഹചര്യങ്ങളിൽ അനാവശ്യമായി പ്രവർത്തിയ്ക്കാതെ സ്ഥിരമായി നില്ക്കാനുള്ള കഴിവ്. ഈ ഗുണമില്ലെങ്കിൽ
റിലേ അനാവശ്യമായി പ്രവർത്തിച്ച് ഫാൾട്ടില്ലാത്ത ഭാഗത്തെപ്പോലും ഓഫ് ചെയ്ത് വൈദ്യുത
ശൃംഖലയെ അസ്ഥിരപ്പെടുത്തും.
4,വിശ്വാസ്യത
(Reliability)- റിലേ എല്ലായ്പ്പോഴും വിശ്വാസ്യ യോഗ്യമായിരിയ്ക്കണം. പവർ സിസ്റ്റത്തിൽ
ഫാൾട്ടുകൾ വല്ലപ്പോഴുമേ വരൂ. റിലേയാകട്ടെ ഏറെ സമയം ഫാൾട്ടിനായി കാത്തിരിയ്ക്കണം. വളരെ
നേരത്തിനുശേഷം ഫാൾട്ടുണ്ടാകുമ്പോൾ റിലേ കൃത്യമായി പ്രവർത്തിയ്ക്കണം. റിലേയോടനുബന്ധിച്ചുള്ള
വിവിധ ഘടകങ്ങളുടെ തകരാറുകൾ റിലേയുടെ വിശ്വാസ്യത്യ്ക്കു ഭംഗം വരുത്താം. ഒന്നിലധികം റിലേകൾ
മറ്റു ഘടകങ്ങൾ മുതലായവ സമാന്തരമായി ഉപയോഗിച്ച് വിശ്വാസ്യത വർദ്ധിപ്പിയ്ക്കാം.
5,വേഗത(speed) -ഫാൾട്ടുകൾ
എത്രയും വേഗം ക്ലിയർ ചെയ്തില്ലെങ്കിൽ വളരെ അപകടമാ്. വൈദ്യുത ശൃംഖലയുടെ സ്ഥിരതയെ അത്
ദോഷകരമായി ബാധിയ്ക്കും. അതിനാൽ റിലേയുടെ പ്രവർത്തനം വളരെ വേഗം ആയിരിയ്ക്കണം.
സംരക്ഷണ
മേഖലകൾ (Protection zones)
വൈദ്യുത
ശൃംഘലയിൽ ധാരാളം ഉപകരണങ്ങൾ, ട്രാൻസ്മിഷൻ ലൈനുകൾ മുതലായവ ഉണ്ടല്ലോ (ബസ്ബാർ, ട്രാൻസ്ഫോർമർ,
ലൈനുകൾ മുതലായവ). എല്ലാത്തിനും അതിന്റേതായ സംരക്ഷണ സംവിധാനങ്ങളുണ്ടാകും. കൃത്യമായ പ്രവർത്തനത്തായി
ഓരോ ഉപകരണങ്ങളേയും ഓരോ സംരക്ഷണ മേഘലകളായി (Protection Zones) തിരിച്ചിട്ടുണ്ടാകും. അതത് മേഖലയിലെ ഫാൾട്ടുകൾക്ക്
അതത് മേഖലയിലെ സംരക്ഷണ ഉപാധികൾ മാത്രമേ പ്രവർത്തിയ്ക്കാവൂ. കൂടാതെ ചില ഭാഗങ്ങളിൽ അടുത്തത്തടുത്ത്
ചില മേഖലകൾ പരസ്പരം ഓവർലാപ് ചെയ്തിരിയ്ക്കും (ബസ്ബാർ പ്രൊട്ടക്ഷൻ). കറണ്ട് ട്രാൻസ്ഫോർമറുകളുടെ
സ്ഥാനമാണ് സംരക്ഷണ മേഖലകളുടെ അതിരു നിശ്ചയിയ്ക്കുന്നത്.
പ്രൈമറി
പ്രൊട്ടക്ഷനും ബാക്കപ്പ് പ്രൊട്ടക്ഷനും. (Primary Protection and backup
Protection)
എല്ലാ
സംരക്ഷണ മേഖലകൾക്കും അതിന്റേതായ ഒരു പ്രധാന പ്രൊട്ടക്ഷൻ (Main protection) ഉപകരണമുണ്ടാകും.
ഇതിനെ മെയിൻ പ്രൊട്ടക്ഷൻ അഥവാ പ്രൈമറി പ്രൊട്ടക്ഷൻ എന്നു പറയും. എന്നാൽ പ്രൈമറി പ്രൊട്ടക്ഷന്
എന്തെങ്കിലും തകരാർ സംഭവിച്ചാൽ സർക്യൂട്ടിലെ സംരക്ഷണം ഉറപ്പാക്കാനായി ഇതിനു സമാന്തരമായി
ഒരു സംരക്ഷണ സംവിധാനം കൂടി സ്ഥാപിച്ചിരിയ്ക്കും. ഇതിനെ ബാക്കപ്പ് പ്രൊട്ടക്ഷൻ (Back
up protection) എന്നു പറയുന്നു. എല്ലാ സർക്യൂട്ടിലും സാധാരണഗതിയിൽ ആദ്യം പ്രവർത്തിയ്ക്കുക
പ്രൈമറി പ്രൊട്ടക്ഷനാകും. പ്രൈമറി പ്രൊട്ടക്ഷൻ പ്രവർത്തിയ്ക്കാതെ വരുന്ന സാഹചര്യത്തിൽ
മാത്രമേ ബാക്കപ്പ് പ്രൊട്ടക്ഷൻ പ്രവർത്തിയ്ക്കൂ. ബാക്കപ്പ് പ്രൊട്ടക്ഷൻ മൂന്നു തരത്തിലുണ്ട്
റിലേ
ബാക്കപ്പ് (Relay backup) - സർക്യൂട്ടിൽ ഒരു സർക്യൂട്ട് ബ്രേക്കറേ ഉണ്ടാകൂ. എന്നാൽ
ഒന്നിലധികം റിലേ ഉണ്ടാകും. മെയിൻ (പ്രൈമറി) റിലേയും ബാക്കപ്പ് റിലേയും.
ബ്രേക്കർ
ബാക്കപ്പ് (Breaker backup)- ഈ സംവിധാനത്തിൽ സർക്യൂട്ടിൽ രണ്ടു സർക്യൂട്ട് ബ്രേക്കറുണ്ടാകും.
ബാക്കപ്പ് റിലേയും ഉണ്ടാകും. ബാക്കപ്പ് റിലേ ബാക്കപ്പ് ബ്രേക്കറിനെയാണ് പ്രവർത്തിപ്പിയ്ക്കുക.
റിമോട്ട്
ബാക്കപ്പ് (Remote backup) - ബാക്കപ്പ് പ്രൊട്ടക്ഷൻ സംവിധാനം അടുത്ത സ്റ്റെഷനിലാകും
ഉണ്ടാകുക
താഴെപ്പറയുന്ന
ഏതെങ്കിലും പരാമീറ്ററുകൾ (Parameters) അളന്നിട്ടാകും
റിലേ ഫാൾട്ടുള്ളതും അല്ലാത്തതുമായ അവസ്ഥകൾ തിരിച്ചറിയുക
കറണ്ട്
– Current
വോൾട്ടേജ്-
Voltage
ആവൃത്തി-
Frequency
ഫേസ്
ആംഗിൾ- Phase angle
പ്രവാഹത്തിന്റെ
ദിശ- Direction of flow
തരംഗരൂപം-
Waveform
വ്യതിയാനത്തിന്റെ
നിരക്ക് (വോൾട്ടേജ്, കറണ്ട്, ആവൃത്തി മുതലായവയുടെ)- Rate of change
വോൾട്ടേജ്,
കരണ്ട് മുതലായവയുടെ അനുപാതം- Ratio
ഫാൾട്ട്
നിലനില്ക്കുന്ന സമയം- Duration
ഫാൾട്ടുണ്ടാകുന്ന സമയത്ത് ഇവ ഫാൾട്ടിന്റെ സ്വഭാവത്തിനനുസരിച്ച്
വ്യത്യാസപ്പെടും. സി.റ്റി, പി.റ്റി (CT,PT) എന്നിവയിലൂടെയാണ് സർക്യൂട്ടിലെ വോൾട്ടേജ്,
കറണ്ട് മുതലായവയും മറ്റുള്ളവയും റിലേയിലേയ്ക്കു നല്കുക. സി.റ്റി. പി.ടി എന്നിവയെക്കുറിച്ച്
കൂടുതലറിയാൻ ഇവിടെ നോക്കുക.