ട്രാൻസ്ഫോർമറിനകത്തെ
അധിക സമ്മർദ്ദം പുറത്തുകളയാനുള്ള ഉപകരണമാണല്ലോ എക്സ്പ്ലോഷൻ വെന്റ്. ഈ വെന്റിൽ ഘടിപ്പിയ്ക്കുന്ന
റബ്ബർ ഡയഫ്രം പൊട്ടിയാണ് അധിക സമ്മർദ്ദം പുറത്തുപോകുന്നത്. അതായത് ഓരോ പ്രാവശ്യവും
പ്രവർത്തിച്ചു കഴിഞ്ഞാൽ എക്സ്പ്ലോഷൻ വെന്റിലെ
ഡയഫ്രം നശിച്ചു പോകും. പ്രഷർ കുക്കറിലെ സുരക്ഷാ വാൽവ് പോലെ. അപ്പോൾ ഓരോ പ്രവർത്തനത്തിനു
ശേഷവും ( എക്സ്പ്ലോഷൻ വെന്റ് എന്നത് ട്രാൻസ്ഫോർമറിലെ സുരക്ഷാ സംവിധാങ്ങളിൽ അവസാനത്തേതാണ്.
അതായത് മറ്റേല്ലാം പരാജയപ്പെടുമ്പോഴാണിതു പ്രവർത്തിയ്ക്കുന്നതെന്നു പറയാം. അതിനാൽ
തന്നെ ഇതു സാധാരണ ഗതിയിൽ പ്രവർത്തിയ്ക്കേണ്ടി വരാറില്ല ) ഡയഫ്രം മാറ്റി വയ്ക്കേണ്ടി
വരും. മാത്രമല്ല എക്സ്പ്ലോഷൻ വെന്റ് പ്രവർത്തിച്ച് അന്തരീക്ഷത്തിലേയ്ക്കു എണ്ണ പോയി
മർദ്ദം കുറഞ്ഞ ശേഷവും വെന്റ് തുറന്നിരിയ്ക്കും. ഇതുമൊരു ദോഷമാണ്. ഈ സാഹചര്യത്തിൽ
ട്രാൻസ്ഫോർമർ ഓഫ് ചെയ്യേണ്ടതാണെങ്കിലും നേരിട്ടു പരിശോധനയിലൂടെയല്ലാതെ അതറിയാനും ട്രാൻസ്ഫോർമർ
ഓഫ് ചെയ്യാനും സാധിയ്ക്കില്ല. അതിനാൽ ചെറിയ ട്രാൻസ്ഫോർമറുകളിൽ ( 5 എം.വി.എ വരെ) മാത്രമേ
സാധാരണയായി എക്സ്പ്ലോഷൻ വെന്റുപയോഗിയ്ക്കൂ. ഇതിനു പകരം വലിയ ട്രാൻസ്ഫോർമറുകളിലുപയോഗിയ്ക്കുന്ന
സുരക്ഷാ ഉപകരണമാണ് പ്രെഷർ റിലീസ് വാൽവ് (PRV).
പഴയ മണ്ണെണ്ണ
അടുപ്പുകളിലെ സേഫ്റ്റി വാൽവു പോലെ തന്നെയാണ് PRV പ്രവർത്തിയ്ക്കുന്നതും. ഇതു ട്രാൻസ്ഫോർമർ
ടാങ്കിനു മുകളിലായി പിടിപ്പിയ്ക്കുന്നു. ഇതിലെ ദ്വാരമുഖം ഒരു അടപ്പുപയോഗിച്ച് അടച്ചു
വച്ചിരിയ്ക്കും. ഒരു സ്പ്രിങ്ങിന്റെ സഹായത്താലാണ് വാൽവ് അടഞ്ഞിരിയ്ക്കുന്നത്. സാധാരണ
നിലയിലുള്ള എണ്ണസമ്മർദ്ദത്തിനു സ്പ്രിങ്ങിനെതിരായി വാൽവിനെ തുറക്കാൻ സാധിയ്ക്കില്ല.
എന്നാൽ എണ്ണയുടെ സമ്മർദ്ദം അധികരിയ്ക്കുമ്പോൾ വാൽവ് തുറക്കപ്പെടുകയും വാൽവിലൂടെ എണ്ണ
പുറത്തു പോകുകയും ചെയ്യും. എണ്ണയുടെ സമ്മർദ്ദം കുറയുമ്പോൾ സ്പ്രിങ്ങുമൂലം വാൽവ് താനേ
അടയുന്നതാണ്. ഇതു കൂടാതെ പി.ആർ.വി യിൽ ഒരു റിലേ സംവിധാനവും ( ലിമിറ്റ് സ്വിച്ച്)
സ്ഥാപിച്ചിട്ടുണ്ടാകും. ഇതു മൂലം പി.ആർ. വി എപ്പോൾ പ്രവർത്തിച്ചാലും ട്രാൻസ്ഫോർമറിന്റെ
ബ്രേക്കറിനെ പ്രവർത്തിപ്പിച്ച് അപ്പോൾത്തന്നെ ട്രാൻസ്ഫോർമറിനെ ഓഫ് ചെയ്യാനാകുകയും
അലാറം പ്രവർത്തിപ്പിയ്ക്കാനാകുകയും ചെയ്യും.