ചെറുതും ഇടത്തരവുമായ
ട്രാൻസ്ഫോർമറുകളുടെ കൺസർവ്വേറ്ററുകളിൽ വായുവിനേ നേരിട്ട് കൺസർവ്വേറ്ററീനുള്ളിലേയ്ക്കു
( ബ്രീത്തർ വഴി ) വലിച്ചെടുക്കുന്നു. ഈർപ്പവും പൊടിപടലവും നീക്കം ചെയ്ത വായുവാണെങ്കിൽപോലും
വായുവും എണ്ണയും തമ്മിലുള്ള സമ്പർക്കം എണ്ണയെ ക്രമേണ ദുഷിപ്പിയ്ക്കാനിടയാക്കും. അഥവാ
സിലികാ ജെൽ പൂർണ്ണമായും വെള്ളം വലിച്ചെടുത്തുകഴിഞ്ഞാൽ പിന്നെ സിലിക്കാ ജെൽ മാറ്റി പുതിയതു
നിറയ്ക്കുകയോ അല്ലെങ്കിൽ സിലിക്കാ ജെൽ ചൂടാക്കി അതിലെ ജലാംശം നീക്കം ചെയ്യുകയോ ചെയ്യാതിരുന്നാൽ
സിലിക്കാ ജെൽ പിന്നീട് വായുവിൽ നിന്നും വെള്ളം വലിച്ചെടുക്കുകയില്ല. ഇതു കൺസർവ്വേറ്ററിനകത്തെ
എണ്ണയിൽ ജലാംശം കയറാനിടയാക്കും. ചെറിയ ട്രാൻസ്ഫോർമറുകളിൽ കൺസർവ്വേറ്ററിന്റെ വലുപ്പം
കുറവായതിനാൽ ഇതത്ര പ്രശ്നമാകില്ല . എന്നാൽ വലിയ ട്രാൻസ്ഫോർമറുകളിൽ ഇതൊരു പ്രശ്നം തന്നെയാണ്.
ഈ പ്രശ്നം പരിഹരിയ്ക്കുന്നതിനായി കൺസർവ്വേറ്ററിനുള്ളിൽ വായു സഞ്ചി ( Air bladder )
സ്ഥാപിയ്ക്കുന്നു. വായു സഞ്ചിയിൽ നിന്നാണ് ബ്രീത്തറിലേയ്ക്കുള്ള കുഴൽ പുറപ്പെടുന്നത്.
എണ്ണയും അന്തരീക്ഷവായുവും തമ്മിൽ സമ്പർക്കത്തിൽ വരുന്നതിനെ വായു സഞ്ചി തടയുന്നു. കൺസർവ്വേറ്റർ
പൂർണ്ണമായും വായു നീക്കം (vacuum) ചെയ്താണ്
എണ്ണ നിറയ്ക്കുന്നത്. അതിനാൽ പുറമേ നിന്നുള്ള വായു എണ്ണയുമായി സമ്പർക്കത്തിൽ വരില്ല.
ആവശ്യാനുസാരം ചുരുങ്ങാനും വികസിയ്ക്കാനും വായു സഞ്ചിയ്ക്കാകും. അതിനാൽ എണ്ണയുടെ സങ്കോച
വികാസത്തെ അതു തടയുകയുമില്ല. എണ്ണയും വായുവും തമ്മിൽ സമ്പർക്കത്തിൽ വരാത്തതിനാൽ ട്രാൻസ്ഫോർമറിന്റെ
ആയുസ്സ് വർദ്ധിയ്ക്കുകയും ചെയ്യും.
No comments:
Post a Comment