Search This Blog

Friday, April 28, 2017

പ്രിസ്മാറ്റിക് ഓയിൽ ലെവൽ ഗേജും മാഗ്നറ്റിക് ഓയിൽ ലെവെൽ ഗേജും ( prismatic oil level gauge and magnetic oil level gauge ).

1, പ്രിസ്മാറ്റിക്‌ ഓയിൽ ലെൽ ഗേജ്‌



ഇതു വളരെ ലളിതമായ സംവിധാനമാണ്‌. കൺസർവ്വേറ്ററിൽ മാത്രമല്ല ട്രാൻസ്ഫോർമറിന്റെ പ്രധാന ടാങ്കിലും സി.ടി കൾ , പി.ടി കൾ, ഓയിൽ സർക്ക്യൂട്ട്‌ ബ്രേക്കറുകൾ  തുടങ്ങി എണ്ണ നിറച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളിലും സ്ഥാപിയ്ക്കാം. ഇതിൽ പുറമേ നിന്നും എണ്ണയുടെ നിരപ്പറിയാനാകും വിധം പ്രിസത്തിന്റെ ( prism ) രൂപത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു എണ്ണ ചാലാണൂള്ളത്‌. ഇതു ടാങ്കിനോടു ചേർത്ത്‌ കുത്തനെ ഘടിപ്പിയ്ക്കുന്നു. ടാങ്കും ഗേജുമായി ചേരുന്ന ഭാഗത്ത്‌ എണ്ണ ചോർച്ചയുണ്ടാകാതിരിയ്ക്കാൻ ഗാസ്കെറ്റുകൾ ( gaskets ) സ്ഥാപിയ്ക്കുന്നു. പ്രിസ്മാറ്റിക്‌ ഗേജിനുള്ളിലേയ്ക്കു ടാങ്കിൽ നിന്നും എണ്ണ പ്രവേശിയ്ക്കുന്നതിനായി ടാങ്കിൽ രണ്ടു ദ്വാരങ്ങളുണ്ടാകും. ഇതുമൂലം ടാങ്കിലെ അതേ നിരപ്പിൽ ഗേജിലും എണ്ണ കയറുന്നു. ഗേജിന്റെ പുറം ഭാഗം സുതാര്യമായതിനാൽ ഈ നിരപ്പ്‌ പുറമേനിന്നും അറിയാനാകുന്നു.  ഗേജിന്റെ ചില്ല് സാധാരണ രീതിയിലുള്ളതല്ല. അതിന്റെ ഉൾവശം പ്രിസത്തിന്റെ ആകൃതിയിലാണ്‌. ഗേജിന്റെ ഉൾ വശത്ത്‌ വശങ്ങളിൽ പൂശിയിട്ടുള്ള നിറം എണ്ണയോടൊപ്പം പ്രതിഫലിപ്പിയ്ക്കാൻ ഇതു സഹായിയിയ്ക്കും. ഇതുകാരണം സുതാര്യമായ എണ്ണ നിറത്തിൽ കാണാനും നിരപ്പ്‌ കൃത്യമായി അറിയാനും സാധിയ്ക്കും. ചിത്രം കാണുക.

2, കാന്തിക ഓയിൽ ലെവെൽ ഗേജ്‌ ( magnetic oil level gauge – MOLG )




ഇതിൽ എണ്ണയുടെ നിരപ്പറിയാൻ ഒരു സൂചിയും അതിനടിയിലായി ഒരു ഡയലുമാണുള്ളത്‌ (pointer and dial ). എണ്ണയുടെ നിരപ്പിനനുസരിച്ച്‌ സൂചി തിരിയുകയും എണ്ണയുടെ നിരപ്പ്‌ പുറമേനിനിന്നും അറിയാൻ സാധിയ്ക്കുകയും ചെയ്യുന്നു. കൺസർവ്വേറ്ററിനകത്തു സ്ഥാപിയ്ക്കുന്ന ഫ്ലോട്ടിന്റെ സഹായത്തോടെയാണ്‌ സൂചി ചലിയ്ക്കുന്നത്‌. എണ്ണ നിരപ്പുയരുമ്പോൾ ഫ്ലോട്ടുയരും താഴുമ്പോൾ താഴും ഫ്ലോടിന്റെ ഈ ചലനം സൂചിയെ ചലിപ്പിയ്ക്കുന്നു.
സൂചിയെ ചലിപ്പിയ്ക്കുന്നത്‌ ഫ്ലോട്ടാണെങ്കിലും ഫ്ലോട്ടും സൂചിയും തമ്മിൽ നേരിട്ടു ബന്ധിപ്പിച്ചിട്ടില്ല. പകരം രണ്ടു കാന്തങ്ങളുടെ സഹായത്താലാണ്‌ ചലനംകൈമാറുന്നത്‌. ഒരു കാന്തം നേരിട്ടു ഫ്ലോട്ടിന്റെ തിരിയൽ സംവിധാനവുമായി ബന്ധിപ്പിച്ചിരിയ്ക്കുകയും മറ്റേത്‌ പുറത്തുമായിട്ടാണ്‌ പിടിപ്പിച്ചിട്ടുണ്ടാകുക. രണ്ടു കാന്തങ്ങൾക്കുമിടയിൽ അലൂമിനിയം പാളികൊണ്ട്‌ വേർ തിരിച്ചിരിയ്ക്കും. പുറത്തുള്ള കാന്തത്തിലാണ്‌ സൂചിയും റിലേ സംവിധാനവും ബന്ധിപ്പിച്ചിരിയ്ക്കുന്നത്‌. ഇതു മൂലം MOLG യുടെ എണ്ണയ്ക്കുള്ളിലുള്ള ഭാഗവും പുറത്തുള്ള ഭാഗവും തമ്മിൽ വേർതിരിയ്ക്കാനും കൺസർവ്വേറ്ററിനുള്ളിൽ അതുവഴി വായും, ഈർപ്പവും കയറുന്നതു തടയാനാകുകയും, ണ്ണ ചോരുന്നത്‌ തടയാനാകുകയും ചെയ്യും.


കാന്തിക ഓയിൽ ലെവെൽ ഗേജിന്റെ ഡയലിൽ എണ്ണയുടെ നിരപ്പ്‌ 1/4,3/4, 1/2എന്നിങ്ങനേയും 300 അല്ലെങ്കിൽ 350 താപനിലയ്ക്കു വേണ്ട നിരപ്പും, ടാങ്കു ശൂന്യമാകുമ്പോഴുള്ള സ്ഥാനവും അടയാളപ്പെടുത്തിയിട്ടുണ്ടാകും. മാത്രമല്ല ടാങ്കിലെ എണ്ണ ഏറ്റവും കുറഞ്ഞ നിരപ്പിലും താഴെ ( Empty ) വരികയാണെങ്കിൽ അപായ സൂചന ( Low oil level alarm ) നൽകുന്നതിനായി റിലേകളും MOLG യിൽ ഘടിപ്പിച്ചിട്ടുണ്ടാകും. സാധാരണ ഗതിയിൽ ലിമിറ്റ്‌ സ്വിച്ചുകളാണ്‌ ( Limit swiches ) റിലേ കോണ്ടാക്ടുകളെ പ്രവർത്തിപ്പിയ്ക്കുക. ഫ്ലോട്ടിന്റെ ചലനത്താൽ എണ്ണയുടെ നിരപ്പ്‌ ഏറ്റവും കുറഞ്ഞ നിലയിൽ വരുമ്പോൾ ലിമിറ്റ്‌ സ്വിച്ചിന്റെ കോണ്ടാക്ടുകൾ പരസ്പരബന്ധത്തിൽ  ( Contact make ) വരികയും  അലാറം പ്രവർത്തിയ്ക്കുകയുമാണ്‌ ചെയ്യുക.


No comments:

Post a Comment