സാധാരണ പ്രവർത്തന
സമയത്ത് ട്രാൻസ്ഫോർമർ ചൂടാകുമെന്നും എണ്ണ വികസിയ്ക്കുമെന്നും മനസ്സിലായല്ലോ. ഈ വികാസത്തെ
കൺസർവ്വേറ്റർ ടാങ്ക് ഉൾക്കൊള്ളുകയും ട്രാൻസ്ഫോർമർ തണുക്കുമ്പോൾ എണ്ണ ചുരുങ്ങുകയും
ചെയ്യുമെന്നും നാം കണ്ടല്ലോ. ഇങ്ങനെ എണ്ണയുടെ വികാസത്തെ കൺസർവ്വേറ്റർ ഉൾക്കൊള്ളണമെങ്കിൽ
കൺസർവ്വേറ്ററിലുള്ള വായു ബ്രീത്തർ വഴി പുറത്തേയ്ക്കു പോകണം. അല്ലാത്തപക്ഷം എണ്ണയുടെ
വികാസം ട്രാൻസ്ഫോർമറിനകത്തെ മർദ്ദം വർദ്ധിപ്പിയ്ക്കാനിടയാക്കും. ഏതെങ്കിലും കാരണ വശാൽ
ബ്രീത്തർ പൈപ്പിലോ ബ്രീത്തറിലോ എന്തെങ്കിലും തടസ്സമുണ്ടായാലോ ( കരടോ പ്രാണികളോ മറ്റോ
കേറി കുഴലടഞ്ഞു പോകുക) അതുമല്ലെങ്കിൽ അബധവശാൽ അറ്റകുറ്റപ്പണിയ്ക്കിടയിൽ അടച്ച വാൽവ്
തുറക്കാൻ മറന്നു പോകുക മുതലായ സന്ദർഭങ്ങളിലൊക്കെ ട്രാൻസ്ഫോർമറിനകത്തെ മർദ്ദം വർദ്ധിയ്ക്കാനിടയുണ്ട്.
മാത്രമല്ല ട്രാൻസ്ഫോർമറിനകത്തെന്തെങ്കിലും തീപിടുത്തമോ, സ്പാർക്കോ ഒക്കെ ഉണ്ടായാൽ എണ്ണയുടെ
വികാസവും എണ്ണ വിഘടിച്ച് വാതകമാകുന്നതുമൊക്കെ ദ്രുതഗതിയിലായിരിയ്ക്കും. ഈ സാഹചര്യത്തിൽ
ബ്രീത്തൽ കുഴലിൽ തടസ്സങ്ങളില്ലെങ്കിൽ പോലും ബ്രീത്തറിലൂടെ ആവശ്യമായ വേഗത്തിൽ വായുവിനെ
പുറം തള്ളാൻ കഴിഞ്ഞെന്നു വരില്ല. ഇതും ട്രാൻസ്ഫോർമറിനകത്തെ മർദ്ദം വർദ്ധിയ്ക്കാനിടയാക്കും.
ഇങ്ങനെ അധിക സമ്മർദ്ദം ട്രാൻസ്ഫോർമറിലുണ്ടായാൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിയ്ക്കാൻ ഇടയായേക്കും.
അതു കൂടുതൽ അപകടങ്ങൾക്കു വഴി വെയ്ക്കും.
എണ്ണ നിറച്ചിട്ടുള്ള
മിയ്ക്കവാറും വൈദ്യുത ഉപകരണങ്ങൾ പൊട്ടിത്തെറിയ്ക്കുന്നത് എണ്ണ കാരണമാണ്. നോക്കൂ ഉപകരണത്തിന്റെ
പ്രവർത്തനത്തിനു സഹായകരമായ ഒരു വസ്തു അതിന്റെ തന്നെ അപകട സാധ്യത വർദ്ധിപ്പിയ്ക്കുന്നു.
ട്രാൻസ്ഫോർമർ എണ്ണ അധികമായി ചൂടായാൽ അത് വിഘടിച്ച് കത്തുന്ന വാതകങ്ങളുണ്ടാകും. എണ്ണയുടെ
വിഘടനത്താൽ പ്രധാനമായും ഹൈഡ്രജനാണുണ്ടാകുന്നത്. കൂടാതെ എളുപ്പം കത്തുന്ന അസറ്റിലീൻ,
മീഥേൻ, മുതലായ വാതകങ്ങളുമുണ്ടാകും. പെട്ടന്നുണ്ടാകുന്ന വിഘടനമാണെങ്കിൽ, ഉദാഹരണത്തിനു
ട്രാൻസ്ഫോർമറിനകത്ത് സ്പാർക്കുണ്ടാകുകയാണെങ്കിൽ എണ്ണ പെട്ടന്നു ചൂടായി വികസിയ്ക്കുകയും
ഒപ്പം വിഘടിച്ച് വാതകങ്ങൾ വളരെ വേഗത്തിലുണ്ടാകുകയും ചെയ്യും.
അപ്പോൾ കൂടുതൽ
അപകടമൊഴിവാക്കണമെങ്കിൽ ട്രാൻസ്ഫോർമറിനകത്തെ സമ്മർദ്ദം സുരക്ഷിതമായിക്കുറയ്ക്കണം. ഇതിനായി
സ്ഥാപിയ്ക്കുന്ന ഉപകരണമാണ് എക്സ്പ്ലോഷൻ വെന്റ്. ഇത് യഥാർത്ഥത്തിൽ ഒരു കുഴലാണ്. ഈ കുഴലിന്റെ ഒരറ്റം
ടാൻസ്ഫോർമർ ടാങ്കിലേയ്ക്കു വെൽഡ് ചെയ്തു ഘടിപ്പിച്ചിട്ടുണ്ടാകും. മറ്റേ അറ്റത്ത്
റബ്ബർ കൊണ്ടു നിർമ്മിച്ചിട്ടുള്ള ഒരു ഡയഫ്രം( Diaphragm) പിടിപ്പിച്ചിട്ടുണ്ടാകും. ഡയഫ്രത്തെ
സംരക്ഷിയ്ക്കാനായി അതിനും പുറമേ ഒരു ലോഹ വലയും (Metallic net ) പിടിപ്പിച്ചിട്ടുണ്ടാകും.
ട്രാൻസ്ഫോർമറിനകത്തെ മർദ്ദം ക്രമാതീതമായി വർദ്ധിയ്ക്കുമ്പോൾ ഡയഫ്രം പൊട്ടുകയും എണ്ണ
വെന്റു വഴി പുറത്തുപോകുകയും മർദ്ദം കുറയുകയും ചെയ്യും. അതുമൂലം ട്രാൻസ്ഫോർമറിന്റെ തുടർ
അപകടങ്ങൾ ഒഴിവാകും. എണ്ണ പുറത്തേയ്ക്കു പോകുമ്പോൾ അതു കൂടുതൽ ദൂരേയ്ക്കു തെറിയ്ക്കാതിരിയ്ക്കാനായി
കുഴലിന്റെ അഗ്രഭാഗം താഴത്തേയ്ക്കു വളച്ചു വച്ചിരിയ്ക്കും. പ്രഷർ കുക്കറിന്റെ സേഫ്റ്റി
വാൽവു പോലെയാണ് എക്സ്പ്ലോഷൻ വെന്റും പ്രവർത്തിയ്ക്കുക.
No comments:
Post a Comment