ട്രാൻസ്ഫോർമറിലെ എണ്ണ ചൂടാകുമ്പോൾ അത് വികസിയ്ക്കുന്നു, തണുക്കുമ്പോൾ ചുരുങ്ങുന്നു.
ഈ പ്രക്രിയ ട്രാൻസ്ഫോർമറിന്റെ തപനിലയുടെ വ്യതിയാനത്തിനനുസരിച്ച് നടന്നുകൊണ്ടിരിയ്ക്കും.
അതിനാൽ എണ്ണ വികസിയ്ക്കുമ്പോൾ അത് ഉൾക്കൊള്ളാനായി പ്രത്യേകം സ്ഥലം ട്രാൻസ്ഫോർമറിലുൾക്കൊള്ളിയ്ക്കേണ്ടതുണ്ട്
അല്ലാത്തപക്ഷം എണ്ണയ്ക്കു വികസിയ്ക്കാൻ സാധിയ്ക്കാതെ വരികയും ട്രാൻസ്ഫോർമർ ടാങ്കിനകത്തെ
സമ്മർദ്ദം വർദ്ധിയ്ക്കുകയും ചെയ്യും. ഇതു ട്രാൻസ്ഫോർമറിന്റെ ടാങ്ക് പൊട്ടിത്തെറിയ്ക്കുന്നതിനു
കാരണമാകാം. അതിനാൽ ടാങ്കിനുള്ളിൽ എണ്ണ വികസിയ്ക്കാനായി സ്ഥലമൊഴിവാക്കിയിടേണ്ടി വരും.
എന്നാൽ ടാങ്കിനുള്ളിൽ തന്നെ ഈ സ്ഥലമൊഴിവാക്കിയിട്ടാൽ എണ്ണയുടെ പ്രതല വിസ്തീർണ്ണം (
Surface area ) കൂടുതലാകും. ഇത് എണ്ണയും വായുവും തമ്മിൽ സമ്പർക്കത്തിൽ വരുന്നതിന്റെ
അളവു കൂട്ടുകയും എണ്ണയെ ദുഷിപ്പിയ്ക്കുന്നതിനു ( Deteriotion of oil ) കാരണമാകുകയും
ചെയ്യും. ഇതു പരിഹരിയ്ക്കുന്നതിനായി ട്രാൻസ്ഫോർമർ ടാങ്കിനു മുകളിലായി സിലിണ്ടർ ആകൃതിയിൽ
( Cylinder shape ) സ്ഥാപിയ്ക്കുന്ന ചെറിയ
ടാങ്കാണ് കൺസർവ്വേറ്റർ ടാങ്ക് ( Conservator tank ) . കൺസർവ്വേറ്റർ ടാങ്ക് പ്രധാന
ടാങ്കിനു മുകളിൽ വരത്തക്കവിധം താങ്ങുകളിൽ ( Supports ) സ്ഥാപിയ്ക്കുകയും അതിനെ പ്രധാന
ടാങ്കുമായു കുഴൽ വഴി ബന്ധിപ്പിയ്ക്കുകയും ചെയ്യും. ഇതുമൂലം എണ്ണ വികസിയ്ക്കുമ്പോൾ (
Expansion ) അതു കുഴൽ വഴി കൺസർവ്വേറ്റർ ടാങ്കിലേയ്ക്കു കയറുകയും, എണ്ണതണുക്കുമ്പോൾ
തിരികേ ഇറങ്ങുകയും ചെയ്യും. ഇങ്ങനെ എണ്ണയുടെ വികാസ സങ്കോചങ്ങളെ സുരക്ഷിതമായി കൈകാര്യം
ചെയ്യാൻ സാധിയ്ക്കുന്നു. മാത്രമല്ല കൺസർവ്വേറ്റർ ടാങ്കിനെ വലുപ്പം പ്രധാന ടാങ്കിനേ
അപേക്ഷിച്ചു കുറവായതിനാൽ കൺസർവ്വേറ്റർ ടാങ്കിലെ എണ്ണയുടെ പ്രതല വിസ്തീർണ്ണം കുറവായിരിയ്ക്കുകയും
എണ്ണയും വായുവും തമ്മിൽ സമ്പർക്കത്തിൽ വരുന്നതു കുറയുകയും ചെയ്യും.
കൺസർവ്വേറ്റർ
ടാങ്കിന്റെ ഉപയോഗങ്ങൾ താഴെക്കാണും വിധം ക്രോഡീകരിയ്ക്കാം.
1,
ട്രാൻസ്ഫോർമർ എണ്ണയുടെ താപ വ്യതിയാനം മൂലം ഉണ്ടാകുന്ന വികാസ സങ്കോചങ്ങളെ കൈകാര്യം ചെയ്യാനാകുന്നു.
എണ്ണ വികസിയ്ക്കുമ്പോൾ അധികം വരുന്ന എണ്ണയെ കൺസർവ്വേറ്റർ ടാങ്കുൾക്കൊള്ളുകയും എണ്ണ
ചുരുങ്ങുമ്പോൾ അതു വിട്ടു നൽകുകയും ചെയ്യുന്നു. ഇതു വഴി ട്രാൻസ്ഫോർമർ ടാങ്കിനകത്തെ
സമ്മർദ്ദം കൂടുന്നതു തടയുന്നു.
2,
കൺസർവ്വേറ്റർ ടാങ്ക് പ്രധാന ടാങ്കിനേക്കാൾ മുക്കളിൽ വരത്തക്ക വിധം സ്ഥാപിയ്ക്കുന്നതിനാൽ
പ്രധാന ടാങ്ക് പൂർണ്ണമായും എണ്ണ നിറയ്ക്കുവാൻ സാധിയ്ക്കുന്നു. ഇതുമൂലം ബുഷിങ്ങുകൾ
താപ മാപിനികൾ മുതലായവയുടെ സ്ഥാപനം സുഗമമാകുന്നു.
മാത്രവുമല്ല ടാങ്കിനകത്തെ വായുവിന്റെ സാന്നിദ്ധ്യം ഒഴിവാക്കുകയും ചെയ്യുന്നു.
3,
എണ്ണയും വായുവും തമ്മിൽ സമ്പർക്കത്തിൽ വരുന്ന ഭാഗത്തിന്റെ വിസ്തീർണ്ണം കുറയ്ക്കാൻ കൺസർവ്വേറ്റർ
ടാങ്കു സഹായിയ്ക്കുന്നു. ഇതു എണ്ണയുടെ ഓക്സീകരണത്തിന്റെ ( Oxidation ) തോതു കുറയ്ക്കുകയും
ട്രാൻസ്ഫോർമറിന്റെ ആയുസ്സു കൂട്ടുകയും ചെയ്യും.
ബ്രീത്തർ കുഴലും
ബ്രീത്തറും ( Breather pipe and breather )
സാധാരണ ഗതിയിൽ
കൺസർവ്വേറ്റർ ടാങ്കിൽ അൽപ്പം എണ്ണ ഉണ്ടാകും എന്നറിയാമല്ലോ ( ടാങ്കിന്റെ പകുതി നിരപ്പിലും
അൽപ്പം താഴെ ) എന്നാൽ എണ്ണ ചൂടായി വികസിയ്ക്കുമ്പോൾ കൺസർവ്വേറ്ററിലെ എണ്ണ നിരപ്പുയരുകയും
ചുരുങ്ങുമ്പോൾ നിരപ്പു താഴുകയും ചെയ്യും. എണ്ണ വികസിയ്ക്കുമ്പോൾ
ആ വികാസത്തെ ഉൾക്കൊള്ളാനാണ് ബാക്കി സ്ഥലമിട്ടിട്ടുള്ളത്. ഈ ഭാഗത്ത് സാധാരണ ഗതിയിൽ
വായു നിറഞ്ഞിരിയ്ക്കുമെന്ന് നമുക്കറിയാം. എണ്ണ നിരപ്പുയരുമ്പോൾ കൺസർവ്വേറ്ററിനകത്തെ
ഒഴിഞ്ഞ സ്ഥലത്തെ വായുവിനെ പുറത്താക്കേണ്ടതുണ്ട് അല്ലാതപക്ഷം കൺസർവ്വേറ്ററിനകത്തെ സമ്മർദ്ദം
വർദ്ധിയ്ക്കും. ഇതിനായി കൺസർവ്വേറ്ററിനെ അന്തരീക്ഷത്തിലേയ്ക്കു തുറക്കേണ്ടതുണ്ട്.
മുകൾഭാഗം എന്തായാലും തുറന്നിടാൻ പറ്റാത്തതിനാൽ കൺസർവ്വേറ്ററിന്റെ ഉള്ളിൽ നിന്നും ഒരു കുഴൽ അന്തരീക്ഷത്തിലേയ്ക്കു തുറന്നു
വയ്ക്കുന്നു. ഇതിവഴി വായു പുറത്തുപോകുന്നു. മാത്രവുമല്ല എണ്ണ ചുരുങ്ങുമ്പോൾ അന്തരീക്ഷത്തിൽ
നിന്നും വായു കൺസർവ്വേറ്ററിനകത്തേയ്ക്കും പോകും. ഇങ്ങനെ എണ്ണയുടെ വികാസ സങ്കോചങ്ങൾക്കനുസരിച്ച്
വായു കുഴലിലൂടെ പുറത്തേയ്ക്കും അകത്തേയ്ക്കും സഞ്ചരിച്ചുകൊണ്ടിരിയ്ക്കും. ഇതിനെ ട്രാൻസ്ഫോർമറിന്റെ
ബ്രീത്തിംഗ് ( Breathing of transformer )എന്നു പറയുന്നു.
ബ്രീത്തിംഗ്
നടക്കുമ്പോൾ അകത്തേയ്ക്കു പോകുന്ന വായുവിനൊപ്പം ഈർപ്പം, പൊടിപടലങ്ങൾ ( Moisture
and dust ) തുടങ്ങിയവ അകത്തേയ്ക്കു കടക്കുകയും അത് എണ്ണയിൽ കലർന്ന് എണ്ണയെ ദുഷിപ്പിയ്ക്കാൻ
( deterioration of oil ) കാരണമാകുകയും
ചെയ്യും. ട്രാൻസ്ഫോർമർ എണ്ണയിൽ വെള്ളം കലർന്നാൽ എണ്ണയുടെ
ഇൻസുലേഷൻ ഗുണം കുറയും, ടാങ്കിന്റെ ഉൾ വശം തുരുമ്പിയ്ക്കും മുതലായ പൽ ദോഷങ്ങളുണ്ട്.
ഇതു ട്രാൻസ്ഫോർമറിന്റെ ആയുസ്സു കുറയ്ക്കുവാനും നാശത്തിനു തന്നേയും കാരണമാകും. ഇതൊഴിവാക്കുന്നതിനായി
അകത്തേയ്ക്കു പോകുന്ന വായുവിൽ നിന്നും ജലാംശത്തേയും പൊടിപടലത്തേയും നീക്കം ചെയ്യേണ്ടതുണ്ട്.
ഇതിനായി ബ്രീത്തർ കുഴലിന്റെ അറ്റത്തായി സിലികാ ജെൽ ബ്രീത്തർ ( silica gel breather
) ഘടിപ്പിയ്ക്കുന്നു.
സിലിക്കാ ജെൽ
( silica gel ) എന്ന വസ്തു നിറച്ച ഒരു പാത്രമാണ് ബ്രീത്തറെന്നത്. കൺസർവ്വേറ്ററിലേയ്ക്കുള്ള
വായു ബ്രീത്തറിനകത്തൂടെ കടന്നു പോകത്തകവിധമാണ് അത് കുഴലിന്റെ അഗ്രത്തിൽ പിടിപ്പിയ്ക്കുന്നത്.
സിലിക്കാ ജെല്ലുമായി സമ്പർക്കത്തിലൂടെ വരത്തക്ക വിധമാണ് വായു അകത്തേയ്ക്കു പോകുന്നത്.
പരൽ രൂപത്തിലുള്ള ഒരു രാസവസ്തുവാണ് സിലിക്കാ ജെൽ. സിലിക്കാ
ജെൽ സമ്പർക്കത്തിൽ വരുന്ന വായുവിലെ ഈർപ്പം വലിച്ചെടുത്ത് വായുവിനെ വരണ്ടതാക്കുന്നു
( Dry ). സിലിക്കാ ജെൽ ഈർപ്പം വലിച്ചെടുത്ത് പൂരിതമായാൽ ( Saturate ) പിന്നെ ജലാംശം
വലിച്ചെടുക്കുകയില്ല. അപ്പോൾ സിലിക്കാ ജെൽ പുതിയതു നിറയ്ക്കേണ്ടിവരും. സിലിക്കാ ജെല്ലിലെ
ജലാംശത്തിന്റെ തോതറിയാനായി സിലിക്കാ ജെൽ കൊബാൾട്ടു ക്ലോറൈഡുമായി ( Cobalt chloride
) കലർത്തുന്നു. ജലാംശത്തിന്റെ തോതനുസരിച്ച് സിലിക്കാ ജെല്ലിന്റെ നിറം നീലയിൽ (
blue ) നിന്നും പിങ്കിലേയ്ക്കു ( Pink ) മാറും.
സിലിക്കാ ജെല്ലിന്റെ
നിറം മാറ്റം പുറമേനിന്നും നിരീക്ഷിയ്ക്കത്തക്ക വിധം സുതാര്യമായ രീതിയിലാണ് സാധാരണ
ഗതിയിൽ ബ്രീത്തർ നിർമ്മിയ്ക്കുന്നത്. ബ്രീത്തറിന്റെ വായ്ഭാഗത്തായി എണ്ണ നിറച്ച ചെറിയ
ഒരു പാത്രം ( oil pot ) സ്ഥാപിച്ചിരിയ്ക്കും. ബ്രീത്തറിലേയ്ക്കുള്ള വായു ഈ പാത്രത്തിലെ
എണ്ണയിലൂടെയാണ് കടന്നു പോകുന്നത്. ഇത് വായുവിലെ പൊടിപടലങ്ങളെ നീക്കം ചെയ്യുന്നു.
കൺസർവ്വേറ്റർ
ടാങ്കിലെ എണ്ണയിൽ ഉണ്ടായേക്കാവുന്ന ചളി ( sludge ) മുതലായവ പ്രധാന ടാങ്കിൽ കലരാതിരിയ്ക്കാൻ
കൺസർവ്വേറ്റർ ടാങ്കിന്റെ അടിയിലായി ഒരു ചെറിയ കുഴി ( slot ) ഉണ്ടാകും പ്രധാന ടാങ്കിലേയ്ക്കുള്ള
( Main tank ) എണ്ണ പോകുന്ന കുഴൽ ഈ കുഴിയുടേയും മുകൾ നിരപ്പിൽ വരത്തക്ക വിധം ഘടിപ്പിയ്ക്കും.
ഈ കുഴിയിലടിയുന്ന ചളിയും വെള്ളവും നീക്കം ചെയ്യാൻ അതിൽ നിന്നും ഡ്രയിൻ വാൽവു (
Drain valve ) ഘടിപ്പിച്ചിട്ടുണ്ടാകും.
ചെറുതും ഇടത്തരവുമായ
ട്രാൻസ്ഫോർമറുകളുടെ കൺസർവ്വേറ്ററുകളിൽ വായുവിനേ നേരിട്ട് കൺസർവ്വേറ്ററീനുള്ളിലേയ്ക്കു
( ബ്രീത്തർ വഴി ) വലിച്ചെടുക്കുന്നു. ഈർപ്പവും പൊടിപടലവും നീക്കം ചെയ്ത വായുവാണെങ്കിൽപോലും
വായുവും എണ്ണയും തമ്മിലുള്ള സമ്പർക്കം എണ്ണയെ ക്രമേണ ദുഷിപ്പിയ്ക്കാനിടയാക്കും. അഥവാ
സിലികാ ജെൽ പൂർണ്ണമായും വെള്ളം വലിച്ചെടുത്തുകഴിഞ്ഞാൽ പിന്നെ സിലിക്കാ ജെൽ മാറ്റി പുതിയതു
നിറയ്ക്കുകയോ അല്ലെങ്കിൽ സിലിക്കാ ജെൽ ചൂടാക്കി അതിലെ ജലാംശം നീക്കം ചെയ്യുകയോ ചെയ്യാതിരുന്നാൽ
സിലിക്കാ ജെൽ പിന്നീട് വായുവിൽ നിന്നും വെള്ളം വലിച്ചെടുക്കുകയില്ല. ഇതു കൺസർവ്വേറ്ററിനകത്തെ
എണ്ണയിൽ ജലാംശം കയറാനിടയാക്കും. ചെറിയ ട്രാൻസ്ഫോർമറുകളിൽ കൺസർവ്വേറ്ററിന്റെ വലുപ്പം
കുറവായതിനാൽ ഇതത്ര പ്രശ്നമാകില്ല . എന്നാൽ വലിയ ട്രാൻസ്ഫോർമറുകളിൽ ഇതൊരു പ്രശ്നം തന്നെയാണ്.
ഈ പ്രശ്നം പരിഹരിയ്ക്കുന്നതിനായി കൺസർവ്വേറ്ററിനുള്ളിൽ വായു സഞ്ചി ( Air bladder )
സ്ഥാപിയ്ക്കുന്നു. വായു സഞ്ചിയിൽ നിന്നാണ് ബ്രീത്തറിലേയ്ക്കുള്ള കുഴൽ പുറപ്പെടുന്നത്.
എണ്ണയും അന്തരീക്ഷവായുവും തമ്മിൽ സമ്പർക്കത്തിൽ വരുന്നതിനെ വായു സഞ്ചി തടയുന്നു. കൺസർവ്വേറ്റർ
പൂർണ്ണമായും വായു നീക്കം (vacuum) ചെയ്താണ്
എണ്ണ നിറയ്ക്കുന്നത്. അതിനാൽ പുറമേ നിന്നുള്ള വായു എണ്ണയുമായി സമ്പർക്കത്തിൽ വരില്ല.
ആവശ്യാനുസാരം ചുരുങ്ങാനും വികസിയ്ക്കാനും വായു സഞ്ചിയ്ക്കാകും. അതിനാൽ എണ്ണയുടെ സങ്കോച
വികാസത്തെ അതു തടയുകയുമില്ല. എണ്ണയും വായുവും തമ്മിൽ സമ്പർക്കത്തിൽ വരാത്തതിനാൽ ട്രാൻസ്ഫോർമറിന്റെ
ആയുസ്സ് വർദ്ധിയ്ക്കുകയും ചെയ്യും.
No comments:
Post a Comment